Social MediaTrending

പോത്തിനോട് വേദം ഓതരുത് എന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്, അതു മാനിക്കുന്നു; സിപിഎം നേതാവ് എം ബി രാജേഷിനെ കണ്ടംവഴി ഓടിച്ച് ശ്രീജിത്ത് പണിക്കർ

പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷിന് സ്നേഹപൂർവം…
താങ്കളുടെ പോസ്റ്റ് കണ്ടു. മുൻപും ചർച്ചകളിൽ താങ്കൾ എന്നെ സംഘിയെന്ന് വിളിച്ചിട്ടുള്ളതുകൊണ്ടും, താങ്കൾ പോസ്റ്റിൽ സൂചിപ്പിച്ച പല കാര്യങ്ങളും താങ്കളോടു പറഞ്ഞത് ഞാൻ ആണെന്നതുകൊണ്ടും, താങ്കൾ ഉദ്ദേശിച്ച ഒരാൾ ഞാനാണെന്ന് മനസ്സിലായി. അതുകൊണ്ടാണ് ഈ കുറിപ്പ്. താങ്കളുടെ ഓരോ വാക്യത്തിനും മറുപടിയുണ്ട്. ശ്രദ്ധിച്ചു വായിച്ച് പുളകിതനാവുക. ഉറപ്പാണ് പുളകം. ഉറപ്പാണ് കുളിർ.
[1] //രണ്ട് അപ്രഖ്യാപിത സംഘികൾ യൂറേക്കാ…യുറേക്കാ എന്നുവിളിച്ച് FBയിലൂടെ ഓടുന്നതായി ഇപ്പോഴാണറിഞ്ഞത്. കുളിത്തൊട്ടിയിൽ നിന്നിറങ്ങിയോടിയ ആർക്കമിഡീസിനെപ്പോലെ.//

താങ്കൾ പറഞ്ഞ രംഗം സുഹൃത്ത് ഹരിയുടെ ഭാവനയിൽ വിരിഞ്ഞതാണ് ഇതോടൊപ്പമുള്ള ചിത്രം. കുളിത്തൊട്ടിയിൽ നിന്ന് ഇറങ്ങിയോടിയ അല്പവസ്ത്രധാരിയായ ആർക്കിമിഡീസിനെപ്പോലെ ഞാൻ. താങ്കൾ പറഞ്ഞതുപോലെ ആർത്തുവിളിച്ച് ഓടുകയാണ്. ഒരു ചെറിയ വ്യത്യാസം മാത്രം. വെറുതെ ഓടുകയല്ല, ഓടിക്കുകയാണ്. കണ്ടം വഴി. ആരെയെന്ന് ചിത്രത്തിലുണ്ട്.

[2] //എന്താണ് അവർ കണ്ടു പിടിച്ചതെന്നോ? രാജേഷിന് Act of God ൻ്റെ അർത്ഥമറിയില്ല എന്ന്. ഹൗ.. ഭയങ്കരൻമാർ. Act of God എന്നാൽ സാമാന്യ വ്യവഹാരത്തിലും നിയമവ്യവഹാരത്തിലും ഒരേ അർത്ഥം തന്നെ. ദൈവത്തിൻ്റെ പ്രവൃത്തി അഥവാ ദൈവവിധി, മനുഷ്യാതീതമായ പ്രവൃത്തി എന്നൊക്കെ.//

ഇപ്പോഴും താങ്കൾക്ക് ആക്ട് ഓഫ് ഗോഡിന്റെ അർത്ഥം അറിയുമോ എന്നെനിക്ക് സംശയമുണ്ട്. ദൈവത്തിന്റെ പ്രവൃത്തി, ദൈവവിധി, മനുഷ്യാതീതമായ പ്രവൃത്തി എന്നൊന്നും ആക്ട് ഓഫ് ഗോഡിന് സാമാന്യ വ്യവഹാരത്തിലോ നിയമ വ്യവസ്ഥയിലോ അർത്ഥമില്ല. ഒരു വിഷയവുമായി ബന്ധപ്പെട്ട ആൾക്കാരുടെ നിയന്ത്രണത്തിൽ അല്ലാതെ സംഭവിക്കുന്ന കാര്യങ്ങളെയാണ് ആക്ട് ഓഫ് ഗോഡ് എന്നു പറയുന്നത്. അത് മനുഷ്യാതീതം ആകണമെന്നില്ല; മനുഷ്യർ ചെയ്യുന്നതും ആവാം. ഉദാഹരണത്തിന്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നിയമപ്രകാരം ആക്ട് ഓഫ് ഗോഡ് ആയിരുന്നു. അതിനർത്ഥം അത് ദൈവവിധി ആയിരുന്നെന്നോ മനുഷ്യാതീത പ്രവൃത്തി ആയിരുന്നെന്നോ അല്ല. അത് ചെയ്തത് മനുഷ്യർ തന്നെയാണ്. എന്നാൽ ആ ദുരന്തത്തിനു പാത്രീഭവിച്ചവരുടെ നിയന്ത്രണത്തിന് അതീതമായ കാര്യമായിരുന്നു ആ സംഭവം എന്നുമാത്രം. ഇനി, സാമാന്യ വ്യവഹാരത്തിലെ അർത്ഥം പരിശോധിക്കൂ. ഓക്സ്ഫോർഡ്, കേംബ്രിജ്, മക്മില്ലൻ, മെറിയം വെബ്സ്റ്റർ തുടങ്ങി ഏത് നിഘണ്ടു വേണമെങ്കിലും നോക്കിക്കോളൂ. ദൈവവിധി എന്നൊരർത്ഥം ആക്ട് ഓഫ് ഗോഡ് എന്ന പ്രയോഗത്തിനില്ല. ചൈനയിലോ ക്യൂബയിലോ അടിച്ച വല്ല ഡൂക്കിലി നിഘണ്ടുവിലും അങ്ങനെയൊരു അർത്ഥമുണ്ടോയെന്ന് അറിയില്ല.

[3] //കോവിഡ് ലോക്ക്ഡൗൺ, സാമ്പത്തിക തകർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ സർക്കാരിന് പരിമിതിയുണ്ടെന്ന് സ്ഥാപിക്കാനാണ് നിർമ്മലാ സീതാരാമൻ അതു പറഞ്ഞത്. അല്ലാതെ contractual obligation നിറവേറ്റുന്നതിനെപ്പറ്റിയൊന്നുമല്ല.//

ഇങ്ങനെയല്ല ആദ്യത്തെ പോസ്റ്റിൽ താങ്കൾ പറഞ്ഞത്. “Covid is an act of god, govt has limitations” എന്ന് നിർമ്മല സീതാരാമൻ പറഞ്ഞെന്നും, അതിനർത്ഥം “കോവിഡ് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല” എന്നാണെന്നും ആയിരുന്നു താങ്കളുടെ തർജ്ജമ. സർക്കാരിന്റേത് contractual obligation അല്ലെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? ഒരു രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യത തന്നെയാണ്. അതിന് അവരെ പ്രാപ്തരാക്കുന്ന കോൺട്രാക്റ്റ് ആണ് സത്യപ്രതിജ്ഞ. നിയമം പഠിക്കുന്നവർ പ്രഥമമായി മനസ്സിലാക്കേണ്ടതും ആ കാര്യമാണ്. കഴിഞ്ഞ പോസ്റ്റിൽ ആർട്ടിക്കിൾ 21നെ കുറിച്ച് വാചാലനായപ്പോൾ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്നാണോ താങ്കൾ കരുതിയിരുന്നത്?

[4] //ഇംഗ്ലണ്ടിനെതിരെ കൈകൊണ്ട് ഗോൾ നേടിയ ശേഷം അത് ദൈവത്തിൻറെ കൈയായിരുന്നു എന്ന് മാറഡോണ പറഞ്ഞപോലെ. എനിക്ക് പങ്കില്ല ദൈവവിധി എന്നർത്ഥം.//

അതുമിതും തമ്മിൽ എന്തു ബന്ധം? ഇംഗ്ലണ്ടിനെതിരെ ഗോൾ നേടിയ ശേഷം മാറഡോണ പറഞ്ഞത് അത് ഹാൻഡ് ഓഫ് ഗോഡ് ആണെന്നാണ്. അല്ലാതെ ആക്ട് ഓഫ് ഗോഡ് എന്നല്ല. ‘ദൈവത്തിന്റെ കൈ’ എന്നുവെച്ചാൽ ‘ദുരന്തം’ എന്നല്ലല്ലോ അർത്ഥം. ഈ പ്രയോഗങ്ങളുടെ നിയമപരമെന്നല്ല സാമാന്യ അർത്ഥവും താങ്കൾക്ക് അറിയില്ലേ? മറഡോണയുടെ വിഖ്യാതമായ ഗോൾ ദുരന്തമായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിയാൻ കുഴിമാടത്തിൽ നിന്ന് എണീറ്റുവന്ന് തല്ലും. അങ്ങനെ തല്ലാൻ കൈ വേണം. അതാണ് ഹാൻഡ് ഓഫ് ഗോഡ്. അങ്ങനെ തല്ല് ഏൽക്കുന്നത് ഒരു ദുരന്തമാണ്. അതാണ് ആക്ട് ഓഫ് ഗോഡ്. മനസ്സിലായോ? ‘ഓഫ് ഗോഡ്’ എന്ന് ഉണ്ടെന്നു കരുതി ഹാൻഡ് ഓഫ് ഗോഡും ആക്ട് ഓഫ് ഗോഡും വ്യത്യസ്ത അർത്ഥങ്ങളുള്ള പ്രയോഗങ്ങളാണ്. ഉദാഹരണത്തിന് ഒരുപോലെ തോന്നുന്ന രണ്ടു വാക്കുകൾ പറഞ്ഞുതരാം — തോറ്റമ്പി, തോറ്റെമ്പി. ഇതിൽ തോറ്റമ്പി എന്നത് തോറ്റ് നാണം കെട്ട ഒരുവനെ സൂചിപ്പിക്കുന്നു. തോറ്റെമ്പി എന്നാൽ തോറ്റുപോയ എംപിയെ സൂചിപ്പിക്കുന്നു. ചില സവിശേഷ സന്ദർഭങ്ങളിൽ ഇവയ്ക്ക് ഒരേയർത്ഥം കൈവരാമെങ്കിലും പൊതുവിൽ അങ്ങനെയല്ല.

[5] //Act of God ൻ്റെ അർത്ഥം അറിയാതിരിക്കാൻ എൻ്റെ എം.എ. എൻ്റയർ പൊളിറ്റിക്കൽ സയൻസിലല്ല എന്നു മാത്രം പറയട്ടെ.//

താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് എനിക്കറിയില്ല. താങ്കളുടെ ഇംഗ്ലീഷ് പ്രസംഗങ്ങളും, നിയമവ്യാഖ്യാനവും, ആക്ട് ഓഫ് ഗോഡ് വിശദീകരണവും കണ്ടതിൽ നിന്നും എനിക്കു തോന്നുന്നത് താങ്കൾക്ക് ഇംഗ്ലീഷിലോ നിയമത്തിലോ ബിരുദമെങ്കിലും ഉണ്ടാവാൻ സാധ്യതയില്ല എന്നാണ്. ഞാൻ ഫിസിക്സ് ബിരുദാനന്തര ബിരുദധാരിയാണ്. വായിച്ചും വക്കീൽ സുഹൃത്തുക്കളോട് ചോദിച്ചും നിയമം പഠിക്കാൻ ശ്രമിക്കാറുണ്ട്. തെറ്റായി നിയമം വ്യാഖ്യാനിക്കുന്നവരെ കാണുമ്പോൾ എന്റെ വക്കീൽ സുഹൃത്തുക്കൾ പറയുന്ന ഒരു തമാശയുണ്ട് — ലവന്റേത് വല്ല പെട്ടിക്കടയിൽ നിന്നും സ്ക്രാച്ച് ആൻഡ് വിൻ വഴി കിട്ടിയ എൽഎൽബി ആയിരിക്കുമെന്ന്! വെറുതെ പറഞ്ഞെന്നേയുള്ളൂ.

[6] //മിസിസ് സിരിസേന എന്നത് M R S എന്ന് പ്രസംഗിച്ചയാൾക്ക് കയ്യടിക്കുന്നവർ ദയവായി എന്നെ പഠിപ്പിക്കാൻ വരരുത്.//
അത് വിറ്റ് ആയിരുന്നു കേട്ടോ. അതിനേക്കാൾ രസകരമായ തമാശകൾ ഉണ്ടായിട്ടുണ്ട്. ‘ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ’ എന്നതിനു പകരം ഒരു വിദ്വാൻ ‘ഇന്ത്യൻ കോൺസ്റ്റിപ്പേഷൻ’ എന്ന് പാർലമെന്റിൽ പ്രസംഗിക്കുന്നത് കണ്ടിരുന്നു. ഭരണഘടനയെ മലബന്ധമാക്കാനുള്ള കുൽസിത ശ്രമങ്ങൾ ഉണ്ടാകാതിരിക്കട്ടെ.

[7] //കേരളത്തിൽ പ്രളയം മുതൽ കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണാൽ വരെ പിണറായിക്കെതിരായ ദൈവകോപം എന്ന സംഘി പ്രചരണത്തിൻറെ മ്യൂട്ടേറ്റഡ് വേർഷൻ എന്നും പറഞ്ഞാൽ വേഗം തിരിയുമല്ലോ.//

ഡാമുകളിലെ ജലനിയന്ത്രണ സംവിധാനങ്ങൾ പാലിക്കാത്തതും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതുമാണ് പ്രളയത്തിനു കാരണമായത് എന്നാണ് അടുത്തിടെ ബെംഗലുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് കണ്ടെത്തിയത്. ശ്രദ്ധിക്കണം, എന്റയർ പൊളിറ്റിക്കൽ സയൻസ് അല്ല; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. അതുകൊണ്ട് പ്രളയം ദൈവകോപം ആണെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യനിർമ്മിതം ആണെന്ന തോന്നൽ താങ്കൾക്കും ഉണ്ടോ? പിണറായിയുടെ പേര് പറയാൻ കാരണം? കേരളത്തിലെ ദുരന്തങ്ങൾക്കു കാരണം ദൈവകോപമാണെന്നോ പിണറായി ആണെന്നോ എനിക്ക് അഭിപ്രായമില്ല. ഒക്കെ മഹാനായ മാൻഡ്രേക്കിന്റെ ലീലാവിലാസങ്ങൾ എന്നേ ഞാൻ കരുതുന്നുള്ളൂ. ആക്ട് ഓഫ് മാൻഡ്രേക്ക്. സംഘിപ്രചാരണത്തിന് മ്യൂട്ടേറ്റഡ് വേർഷൻ ഉണ്ടോ? മ്യൂട്ടേറ്റഡ് എന്നാൽ ജനിതക വ്യതിയാനം വന്നത് എന്നല്ലേ? ഒറ്റയ്ക്ക് പകരം ഇരട്ട ആയിരിക്കുക എന്നൊക്കെ? ഒരു ഹൃദയത്തിനു പകരം സയാമീസ് ഹൃദയം, അങ്ങനെയൊക്കെ? ഒരു പ്രത്യേക ജനുസ്സ്; അതല്ലേ ഉദ്ദേശിച്ചത്? അറിയില്ല. ചിലപ്പോൾ ഉണ്ടാവാം.

[8] //നിരീക്ഷകരാണ്. പൂജ്യരാണ്. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കരാണ്.//

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനാണ് നിരീക്ഷകൻ എങ്കിൽ ആ രാജ്യത്ത് മൂക്കില്ല എന്നതിൽ തർക്കമില്ലല്ലോ, അല്ലേ? മുറിമൂക്കൻ തന്നെയാണ്. വലിയവൻ എന്നോ, മിടുക്കൻ എന്നോ അവകാശപ്പെടുന്ന നിരീക്ഷകൻ അല്ല. ചർച്ചയ്ക്ക് പോകുന്നതിനു മുൻപ് വസ്ത്രത്തിന്റെ ചിത്രം മാധ്യമപ്രവർത്തകർക്ക് അയച്ചുകൊടുത്തിട്ട് ‘ഇതിട്ടാൽ എങ്ങനെയുണ്ടാകും’ എന്ന് ചോദിക്കുന്ന അല്പത്തരം കാണിക്കാറില്ല. എന്റെ ഭാര്യയ്ക്ക് ജോലിയില്ല. മറ്റൊരാളിന്റെ അവസരം കളഞ്ഞ്, പിൻവാതിൽ വഴി ഭാര്യയെ തിരുകിക്കയറ്റി ജോലി നേടി ഞെളിഞ്ഞിരുന്ന് അന്നം കഴിക്കുന്നവരുള്ള കെട്ട കാലമാണെന്നറിയാം. എന്നാലും അങ്ങനെ കഴിക്കുന്ന അന്നം ശരീരത്തിലും മനസ്സിലും പിടിക്കില്ലെന്ന ചെറുബോധ്യം മാത്രമാണ് കൈമുതൽ. അടിപിടിക്കേസിലോ, കൊലപാതകക്കേസിലോ, പീഡനക്കേസിലോ ഉൾപ്പെട്ടിട്ടില്ല. എന്തിന്, പീഡനക്കേസിൽ ഉൾപ്പെട്ടവരെ ഊരിയെടുത്തു എന്ന ആരോപണം പോലും കേൾപ്പിച്ചിട്ടില്ല. വെറും സാധാരണ മുറിമൂക്കൻ.

[9] //മൂക്കില്ലാത്തവരുടെ അഭിനന്ദനപ്രവാഹമേറ്റുവാങ്ങി അവർ പുളകിത ഗാത്രരായി കഴിയട്ടെ.//

നമ്മെ സ്നേഹിക്കുന്നവരുടെ അഭിനന്ദനം ലഭിക്കുന്നത് നല്ലതല്ലേ? അവരെ ഇകഴ്ത്താൻ ശ്രമിക്കാതെ തിരിച്ചും സ്നേഹിക്കാനാണ് ശ്രമിക്കേണ്ടത്. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചിട്ടുള്ള താങ്കൾക്ക് അതറിയില്ലേ? താങ്കളുടെ പ്രവർത്തനം തരക്കേടില്ലെന്ന് തോന്നിയ കാലത്ത് പാലക്കാട്ടുകാർ താങ്കളെ സ്നേഹിച്ച് പാർലമെന്റിൽ വിട്ടില്ലേ? അഭിനന്ദിച്ചില്ലേ? പിന്നീട് താങ്കളേക്കാൾ യോഗ്യനായ മറ്റൊരാൾ വന്നപ്പോൾ അഭിനന്ദനം ഒക്കെയും അദ്ദേഹം കൊണ്ടുപോയില്ലേ? അതങ്ങനെയാണ്; കൊള്ളാമെന്ന് തോന്നുന്നവനെ ആൾക്കാർ അഭിനന്ദിക്കും. അല്ലാത്തവനെ വീട്ടിൽ ഇരുത്തും.

[10] //പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തു വിടുന്നു എന്ന് ആത്മാർത്ഥമായി വിശ്വസിച്ചവരാണ്. സ്വന്തം തലയിൽ ഓക്സിജൻ
പ്ലാൻ്റിനേക്കാൾ വലിയ ഗോബർ ഗ്യാസ് പ്ലാൻ്റിൻറെ ഭാരം ചുമക്കുന്നവരാണ്. അജ്ഞരുടെ പാരലൽ വേൾഡിലെ അല്പജ്ഞരാണ്.//

പശു ഓക്സിജൻ പുറത്തുവിടുമെന്ന് ആരെങ്കിലും തെളിയിച്ചതായി എനിക്കറിയില്ല. എന്നാൽ തൃത്താലയിലെ കുടിവെള്ള ടാപ്പ് ഓക്സിജൻ പുറത്തുവിടുമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിച്ച ഒരു വിദ്വാനുണ്ട്. ഓരോ ടാപ്പും ഓരോ ഓക്സിജൻ പ്ലാന്റ് ആണെന്ന മട്ടിൽ തള്ളി. ഒരു ദിവസം തികയും മുൻപ് ഉഡായിപ്പ് തേഞ്ഞു. ആളിന്റെ ഓക്സിജൻ പോയതു മിച്ചം. ഇത്തരം തട്ടിപ്പുകാരൊക്കെ തലയിൽ കൊണ്ടുനടക്കുന്നത് ഗോബർ ഗ്യാസ് പ്ലാന്റല്ല, തനി സെപ്റ്റിക് ടാങ്കാണ്. എന്താ ചെയ്ക! പിന്നെ, അജ്ഞത, അല്പജ്ഞത, അല്പത്തരം എന്നതൊക്കെ ആപേക്ഷികമാണ്. ആഹാ കുലുക്കി ബാഹാ കുലുക്കി എന്ന് പാട്ടുണ്ടാക്കി സ്വയം ഞെളിയുന്നതും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊട്ടുമെന്നറിയാതെ വിജയപ്രസംഗത്തിന്റെ റിഹേഴ്സൽ നടത്തുന്നതും, ലവൻ ഉണ്ടെങ്കിൽ ഞാൻ ചർച്ചയ്ക്ക് വരില്ലെന്നു പറയുന്നതും ഒക്കെയാണ് എന്റെ നോട്ടത്തിൽ അല്പത്തരം.

[11] //പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട് എന്ന പരസ്യവാചകം പോലെ, മനുഷ്യർ പ്രാണവായു കിട്ടാതെ മരിച്ചു വീഴുമ്പോൾ അവർക്ക് ആഹ്ലാദിക്കാൻ ഓരോ കാരണങ്ങൾ വേണമല്ലോ.//

ആരെക്കുറിച്ചാണ്? വാളയാറിലെ പിഞ്ചു പെൺകുട്ടികളെ കയറിൽ കെട്ടി, പ്രാണവായു നിഷേധിച്ച്, അവരുടെ മരണത്തിൽ ആഹ്ലാദിച്ചവരെ കുറിച്ചാണോ? എങ്കിൽ ഞാനും ഒപ്പമുണ്ട്. എത്ര പ്രാർത്ഥിച്ചാലും ആ മരണങ്ങൾക്കു കാരണക്കാർ ആയവരും, അവരെ ഊരിയെടുത്തവരും രക്ഷപ്പെടില്ല. ഒരുപാടു പേർക്ക് പ്രാർത്ഥിക്കാനുള്ള ഒരു കാരണമാണ് അത്.

[12] //Don’t wrestle with pigs. You both get dirty and the pig likes it എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ. അതു മാനിക്കുന്നു. നിർത്തുന്നു…//
വേറോരു ചൊല്ലുണ്ട്. Don’t wrestle with poths എന്ന്. ഇംഗ്ലീഷിൽ അല്ല. മലയാളത്തിൽ. പോത്തിനോട് വേദം ഓതരുത് എന്ന്. അതു മാനിക്കുന്നു. നിർത്തുന്നു.

ഒരുകൂട്ടം ഓർമ്മിപ്പിച്ചോട്ടെ. പശു, ചാണകം, സംഘി എന്നൊക്കെ പറയുന്നതു വഴി സഖാവ് എന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ വെറുതെയാണ്. അക്കമിട്ട് ചോദിച്ച ചോദ്യങ്ങൾ താങ്കളുടെ ഉത്തരമില്ലാതെ അവിടെത്തന്നെയുണ്ട്.
നൻട്രി
പണിക്കർ
ഡിജിറ്റലൊപ്പ്

(ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചത് )

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close