KERALANEWSTop News

പോരാട്ടങ്ങള്‍ അവസാനിച്ചു;വേദനകള്‍ ഇല്ലാത്ത ലോകത്ത് അവന് ഇനി ഉറങ്ങാം;അര്‍ബുദവുമായുള്ള പോരാട്ടത്തിനൊടുവില്‍ നന്ദു യാത്രയായി

സോഷ്യല്‍മീഡിയ നെഞ്ചേറ്റിയ ആളാണ് തിരുവനന്തപുരം സ്വദേശി നന്ദുമഹാദേവ(27). അര്‍ബുദവുമായുള്ള പോരാട്ടത്തിനിടേയും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകുന്ന നന്ദു വിടവാങ്ങി.കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.

നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു നന്ദു മഹാദേവ. കാന്‍സറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേര്‍ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യല്‍ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താന്‍ സ്‌നേഹത്തോടെ പ്രാര്‍ഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അര്‍ബുദം കരളിനെയും ബാധിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ നന്ദു ഫെയ്‌സുബുക്കില്‍ കുറിച്ചിരുന്നു.എന്നാല്‍ അത് അറിഞ്ഞിട്ടും തളരാതെ വീട്ടില്‍ പോയി കരയാതെ, വേദന കടിച്ചമര്‍ത്തിയും വേദനസംഹാരി കഴിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയി എന്നാണ് നന്ദു അന്ന് കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്…അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവര്‍ന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്..ഇനി പരീക്ഷിക്കുവാന്‍ മരുന്നുകള്‍ ബാക്കിയില്ല എന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും സാരമില്ല സര്‍ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്…
But I Can…!
എനിക്ക് കഴിയും…
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ….
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സര്‍ജറിയോ ഒന്നുമുണ്ടാകില്ല..
എന്റെ ക്യാന്‍സറിന്റെ മോളിക്കുലാര്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഞെട്ടിയത് ഞാന്‍ മാത്രമല്ല ഡോക്ടര്‍മാര്‍ കൂടിയാണ്..
ഈ ഭൂമിയില്‍ ഇത്രയും കോടിക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ ഉള്ളതില്‍ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കല്‍ സയന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്..അതുകൊണ്ട് തന്നെ നിലവില്‍ ഇതിനായി മരുന്നൊന്നുമില്ലത്രേ…
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം…എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും…
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടര്‍മാരുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു…!
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്‌നങ്ങളും പ്രതിസന്ധികളും..
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളില്‍ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..!
ചിലര്‍ക്ക് സാമ്പത്തികം മറ്റു ചിലര്‍ക്ക് കുടുംബപ്രശ്‌നങ്ങള്‍ വേറെ ചിലര്‍ക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകള്‍ അങ്ങനെ പലതരത്തില്‍ ആകുമത്…!
പക്ഷേ നമ്മള്‍ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം…
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുന്‍വിധിയെഴുതി തോല്‍ക്കാന്‍ സ്വയം നിന്നുകൊടുക്കരുത്…
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാന്‍ ശ്രമിക്കണം…
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്‌നേഹിക്കും…
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..
അതിലൊന്നും വലിയ കാര്യവുമില്ല…നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ അനേകം ഹൃദയബന്ധങ്ങള്‍ കിട്ടി എന്നുള്ളതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല…
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേല്‍ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു…
നമ്മളെല്ലാവരും എപ്പോഴും ഒരു സ്‌നേഹവലയമാകണം…ഞാനുമങ്ങനെയാണ്….
എന്നില്‍ സ്‌നേഹം മാത്രമേയുള്ളൂ..
അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കില്‍ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.
.എന്റെയുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്‌നേഹം ഒഴുകിയെത്തിയിരിക്കും..
ജീവിതം വളരെ ചെറുതാണ്…
ഇനി എനിക്കും നിങ്ങള്‍ക്കും ഒക്കെ എത്ര നിമിഷങ്ങള്‍ ഉണ്ടെന്നോ എത്ര ദിവസങ്ങള്‍ ഉണ്ടെന്നോ എത്ര മാസങ്ങളോ വര്‍ഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല…
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മള്‍ അടിച്ചു പൊളിക്കും..ഒപ്പംമതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും..
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷംപുകയാതെ ജ്വലിക്കും…
അല്ലപിന്നെ…
ശ്വാസകോശത്തിന് ഇന്‍ഫെക്ഷന്‍ ബാധിച്ചു വേദന കൂടുതല്‍ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്…
ഇന്നലെ മുതല്‍ റേഡിയേഷനും തുടങ്ങി…
ഓരോ പരുങ്ങലിന് ശേഷവും പൂര്‍വാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ…
ഇത്തവണയും കനലുകള്‍ ചവിട്ടിമെതിച്ചു ഞാന്‍ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാന്‍ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു…
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനെന്നെ തന്നെ സര്‍വ്വേശ്വരന് സമര്‍പ്പിക്കുന്നു…
എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ..പ്രാര്‍ത്ഥിക്കുക ചങ്കുകളേ…
സ്‌നേഹപൂര്‍വ്വംനിങ്ങളുടെ സ്വന്തംനന്ദു മഹാദേവ ??
ഹൃദയത്തിന്റെ ലെന്‍സിലൂടെ സ്‌നേഹത്തിന്റെ ഫ്‌ലാഷടിപ്പിച്ച് ഫോട്ടം പിടിച്ചത് ന്റെ ചങ്ക് Thajudeen AJ

വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍…

നന്ദുവിന്റെ വിയോഗത്തില്‍ സിനിമ-സീരിയല്‍ താരം സീമ ജി നായര്‍ പങ്കുവെച്ച ഫെയ്‌സുബുക്ക് കുറിപ്പ് :

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ??????ഇന്ന് കറുത്ത ശനി… വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close