പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്; ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് വ്യാപനം ഉയരുമ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കണക്കുകളും. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്. അറുപതിനായിരത്തിന് മുകളിലാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രതിദിന കണക്കുകള്‍. ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി 15 ലക്ഷം കഴിഞ്ഞു. അമേരിക്കയില്‍ പ്രതിദിനം അരലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായാണ് കണക്കുകള്‍. ബ്രസീലില്‍ ഇത് 35000ത്തിനും 40000ത്തിനും ഇടയിലാണ്. ഇന്ത്യയില്‍ ആകെ രോഗികളുടെ കാല്‍കോടിയും കഴിഞ്ഞ് കുതിക്കുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ മാത്രം അഞ്ച് ലക്ഷം പുതിയ രോഗികളാണ് ഇന്ത്യയിലുണ്ടായത്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് അനുസരിച്ച കഴിഞ്ഞ 24 മണിക്കൂറില്‍ 60000ത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,614 പേര് രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തര്‍ പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതറുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ 3074 ആണ് 24 മണിക്കൂറിനുള്ളിലെ രോഗ ബാധിതര്‍. കേരളത്തിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1608 പേരിലാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 74 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.