
തിരുവനന്തപുരം:പൊതുഗതാഗതം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും വരുമാനത്തില്‍ ലാഭമില്ലാത്ത ബസുകള്‍ വിറ്റ് ഉടമകള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകള്‍ നിരത്തിലിറക്കിയത്. എന്നാല്‍, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബസുകള്‍ വില്‍ക്കാനുള്ള ആലോചനയിലേക്ക് ഉടമകള്‍ എത്തിയത്. പില്ക്കാലത്ത് മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകള്‍ പെര്‍മിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്.
ഐ.ടി. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തില്‍ ബസുകള്‍ കൊടുത്തത്.എന്നാല്‍ പെര്‍മിറ്റ് ഉള്‍പ്പെടെയല്ലാതെയുള്ള വില്പനയില് പെര്‍മിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരില്‍ ചിലരാണ് ബസുകള്‍ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തില്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി പെര്‍മിറ്റ് നിലനിര്‍ത്തി ബസുകള്‍ വില്‍ക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.20 ശതമാനം സ്വകാര്യ ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഡീസല്‍ ചെലവും ജീവനക്കാര്‍ക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സര്‍വീസില്‍നിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സര്‍വീസ് നിര്‍ത്തിയത്.
മികച്ച വരുമാനം ലഭിച്ചിരുന്ന ബസുകളില്‍ നിലവില്‍ 400 മുതല്‍ 700 രൂപ വരെയാണ് പ്രതിദിനം ലഭിക്കുന്നത്. അതിനാല്‍ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.വണ്ടിയെടുത്തപ്പോള്‍ മുതലുള്ള ബാധ്യതകള്‍ പലര്‍ക്കും നിലനില്ക്കുന്നു.ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ അതുപോലും അടച്ചുതീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. റോഡില്‍ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകള്‍ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസില്‍ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എം.പി. സത്യന്.റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്. നിരത്തിലോടുന്ന ബസുകളില്‍നിന്ന് വരുമാനം ലഭിക്കാത്തതിനാല്‍ അത് എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് ഉടമകള്‍. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സത്യന് പറഞ്ഞു.വണ്ടി വിറ്റ് പിന്മാറുന്നവര് കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി അനില്‍ വര്‍ഗീസ്. സര്‍വീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലര്‍ പെര്‍മിറ്റ് നിലനിര്‍ത്തി വണ്ടി വില്‍ക്കുന്നുണ്ട്.പെര്‍മിറ്റിന്റെ കാലാവധിയായ അഞ്ചു വര്‍ഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള ബസ് വാങ്ങിയാല്‍ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കില്‍ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ആവശ്യത്തിനാണ് ഇത്തരത്തില്‍ വണ്ടികള്‍ പോയിരുന്നത്. എന്നാലിപ്പോള്‍ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനില്‍ വര്‍ഗീസ് പറഞ്ഞു.