HEALTHNEWS

പ്രതീക്ഷകളെല്ലാം നഷ്ടമായിടത്തു നിന്നൊരു തുടക്കം; സുധർമ്മ 71-ാം വയസ്സിൽ അമ്മയായി

കൊച്ചി: 71-ാം വയസ്സില്‍ ഒരു പെണ്‍കുഞ്ഞിനു ജന്മംനല്‍കുമ്പോള്‍ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയില്‍നിന്നുള്ള മോചനംകൂടിയായിരുന്നു ആ അമ്മയ്ക്ക്. പ്രതീക്ഷകളെല്ലാം നഷ്ടമായടത്തു നിന്നൊരു തുടക്കം. റോസ് നിറത്തിലുള്ള ടവ്വലില്‍ പൊതിഞ്ഞ് അവളെ കൈകളിലേക്കു ഏറ്റുവാങ്ങുമ്പോള്‍ നനഞ്ഞ മിഴികളോടെ സുധര്‍മ ആ കാതുകളില്‍ മന്ത്രിച്ചതുമതാണ്.. ”അമ്മയാണു പൊന്നേ…” കായംകുളം രാമപുരം എഴുകുളങ്ങര വീട്ടില്‍ സുധര്‍മ 71-ാം വയസ്സില്‍ കുഞ്ഞിനു ജന്മംനല്‍കുമ്പോള്‍ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയില്‍നിന്നുള്ള മോചനംകൂടിയാണ്. സുധര്‍മയുടെയും ഭര്‍ത്താവ് സുരേന്ദ്രന്റെയും ഏക മകന്‍ 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വര്‍ഷം മുമ്പാണ്.

സൗദിയില്‍ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളര്‍ത്തിയപ്പോഴാണ് സുധര്‍മയും ഭര്‍ത്താവും ഒരു കുഞ്ഞിനു ജന്മം നല്‍കുന്നതിനെപ്പറ്റി ആലോചിച്ചത്. സുരേന്ദ്രനും ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. കൃത്രിമ ഗര്‍ഭധാരണം എന്ന ആവശ്യവുമായി സുധര്‍മ എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തു. ഇത്രയും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിനു ജന്മംനല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് അവര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ ഉറച്ചു നിന്നു.കുഞ്ഞിന് 32 ആഴ്ച പ്രായമായ മാര്‍ച്ച് 18-നു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

ജനിക്കുമ്പോള്‍ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോണ്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കയച്ചത്. അദ്ഭുതകരമായ ഒരു ജനനത്തിനു സാക്ഷ്യംവഹിക്കാനായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സുധര്‍മയെയും കുഞ്ഞിനെയും പരിചരിച്ച ഡോക്ടര്‍മാരായ ജയറാം ശങ്കറും മേരി പ്രവീണും ശ്രീലതയും ലത ബാബുക്കുട്ടിയും വിബി മേരിയും നന്ന ചന്ദ്രനുമൊക്കെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close