
കൊച്ചി: വിമാനത്താവളങ്ങളിലെ കടകളില്‍ ചായയുള്പ്പെടെയുള്ള സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നതിനെതിരെ പലപ്പോഴായി സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.ഒരു സാധാരണ ചായയ്ക്ക് നൂറും അതില്‍ കൂടുതലും ഈടാക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം കൊണ്ടൊന്നും വിമാനത്താവളത്തിലെ ചായക്കാശ് കുറഞ്ഞില്ല. ഒടുവില്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചായയ്ക്ക് 100 രൂപ, സ്നാക്സിന് 200 രൂപ, മോരുംവെള്ളത്തിന് 120 രൂപ ഇങ്ങനെ പോയിരുന്ന വിലവിവരപട്ടിക കണ്ട് തൃശൂര്‍ സ്വദേശി അഡ്വ.ഷാജി കോടന്‍കണ്ടത്ത് ഒന്നു ഞെട്ടിപ്പോയി. ഇതിന്റെയെല്ലാം വിലയൊന്ന് കുറയ്ക്കാന്‍ എന്ത് ചെയ്യണമെന്നായി പിന്നീട്. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുകയും ചെയ്തു.
ഇനിമുതല്‍ വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള ചെറുകടികളും നല്‍കണം. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണിത്. ഏറെ നാളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ ഫലം കാണുന്നത്.കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്റെ കയ്യില്‍ നിന്ന് ഒരു ചായയ്ക്ക് നൂറ് രൂപ ഈടാക്കിയതാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി ഒരു കത്ത് അയയ്ക്കാന്‍ അഭിഭാഷകനായ ഷാജിയെ പ്രേരിപ്പിച്ചത്. വിമാനത്താവള അധികൃതരോട് വില വര്‍ധനവിനെ കുറിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശം വന്ന കാര്യം ഷാജി അറിയുന്നത്. ഇത്ര പെട്ടന്ന് നടപടിയുണ്ടാകുമെന്ന് ഷാജിയും പ്രതീക്ഷിച്ചില്ല !നേരത്തെയും നിരവധിപേര്‍ വിമാനത്താവളങ്ങളിലെ അമിത വിലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പുറത്ത് പത്ത് രൂപയ്ക്ക് ലഭിക്കുന്ന ചായ അതിന്റെ നൂറിരട്ടി വിലയില്‍ വില്‍ക്കുന്നത് ശരിയല്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.