ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനപ്രതിനിധികള്‍ മുതല്‍ ഭരണത്തലവന്‍ വരെയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്ര മന്ത്രിസഭ തീരുമാനം. 30% ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചത്. രണ്ടു വര്‍ഷത്തേക്ക് എം.പിമാരുടെ പ്രദേശിക വികസന ഫണ്ട്. ഉണ്ടാവില്ല. ഈ തുക സഞ്ചിത നിധിയിലേക്ക് വകയിരുത്തും.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളത്തില്‍ 30% ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും. ഇവരുടെ ശമ്പളം വെട്ടുക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിയാത്തതിനാലാണിത്. പ്രധാനമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെയെല്ലാം ശമ്പളം വെട്ടിക്കുറയ്ക്കും. ഒരൃ വര്‍ഷത്തേക്കാണ് നടപടി. ഇതിനായി പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍, അലവന്‍സ്, ശമ്പളം എന്നിവ സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.
2020-21, 2021-22 വര്‍ഷത്തെ എം.പിമാരുടെ പ്രദേശിക വികസന ഫണ്ടും താതക്കാലികമായി തടഞ്ഞുവയ്ക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതികൂല സാഹചര്യം നേരിടുന്നതിനാണിത്. ഇതുവഴി 7900 കോടി രൂപ സഞ്ചിത നിധിയിലേക്ക് ആര്‍ജിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് മതിയായ തുകയായി ഇതു കണക്കാക്കാന്‍ കഴിയില്ലെങ്കിലും ഒരു സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാവരുടെയും ഭാഗത്തുനിന്ന് ത്യാഗങ്ങളുണ്ടാകും. അത് മുകളില്‍ നിന്ന് ഉണ്ടാകട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക അച്ചടക്കം ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.