ജോസ് മത്തായി
വർണ്ണ വിസ്മയങ്ങളിലേക്ക് കാഴ്ച പടർന്നിറങ്ങുകയും കേൾവിയുടെ അലകൾ നേർത്ത് നേർത്ത് വിലാപമാവുകയും ചെയ്യുന്ന ഈ നാളുകളിലാണ് മുപ്പത്തിഏഴു വർഷത്തെ സേവനം തികച്ച് പറക്കോട് ഉണ്ണികൃഷ്ണൻ ഭക്തിവിലാസത്തിന്റെ പടികളിറങ്ങുന്നത്.
ആകാശവാണി ലോഗോയിലെ 'ബഹുജന ഹിതായ, ബഹുജന സുഖായ'എന്ന മോട്ടോയും,ദൂരദർശന്റെ 'സത്യം,ശിവം,സുന്ദര'വും ജന സഞ്ചയത്തിൽ നിന്ന് ഏറെ മാറിപ്പോകുമ്പോഴും അഭ്യൂദയേച്ഛ പകരുന്ന സാഹസമൊന്നുകൊണ്ട്, ചില പരിപാടികളെങ്കിലും പബ്ലിക് അപ്പീലിന്റെ ഉയർന്ന റേറ്റിങ്ങിലേക്ക് നയിക്കുവാൻ ഉണ്ണികൃഷ്ണൻ കാലഘട്ടത്തിനു കഴിഞ്ഞു.
1943ൽ സ്ഥാപിക്കപ്പെട്ട ആകാശവാണി തിരുവനന്തപുരം നിലയം,ഭക്തിവിലാസത്തിലെത്തിയത്1952ലാണ്. നമ്മുടെ നാട്ടിൻ പുറങ്ങളിലെ റേഡിയോകൾ ശബ്ദിച്ചു തുടങ്ങിയ'എഴുപതുകളുടെ' ആദ്യം മുതൽ നമ്മളൊക്കെ റേഡിയോ പ്രക്ഷേപണം എപ്പോഴും ശ്രദ്ധിച്ചു.അതിരാവിലെ യുള്ള സിഗ്നേച്ചർ ട്യൂൺ മുതൽ വയലും വീടും,ബാലരംഗവും,യുവവാണിയും,ചലച്ചിത്ര ശബ്ദ രേഖയും,ഗാനങ്ങളും,ലളിതസംഗീതപാഠവും,റേഡിയോ നാടകവും,വാർത്തകളുമായി നാം ജീവിതം ക്രമപ്പെടുത്തി.
ന്യൂസിൽ ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രനും’,ശങ്കരനാരായണനും, ഗോപനും, പ്രതാപനും, പിന്നെ ഋതുഭേദങ്ങളുടെ പാരിതോഷികമായിരുന്ന പത്മരാജനും, ബാലരംഗത്തിന് വീരനും,നാടകത്തിന് ടി. എന്നും നല്കിയ നിറവുകൾ.മടവൂർ ഭാസിയുടെയുംകൈനിക്കരയുടേയും സി എൽ ജോസിന്റെ യും നാടകങ്ങൾക്ക് രാമൻകുട്ടിയുടേയും,അലിയാർ, കെജി ദേവകിയമ്മ,ടി പി രാധാമണി(ഒപ്പം മഹിളാ ലയവും)സ്വരപ്പെരുക്കവും ലളിതഗാനത്തിൽ എം ജിയും പെരുമ്പാവൂരും ഈണം നല്കുന്ന ഓടക്കുഴൽ വിളി ഒഴുകി,ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണസഖീ, ഘനശ്യാമസന്ധ്യാഹൃദയം തുടങ്ങി ഒരിക്കലും മരിക്കാത്ത പാട്ടുകളും. ഇടവപ്പാതിയും,കാലവർഷവും, ഞാറ്റുവേലയും, മുണ്ടകനും,പൊക്കാളിയും, തുരിശും, കുമ്മായവും, കൂട്ടുകൃഷിയും, ചിറകെട്ടലും വിഷുവും തിരുവാതിരയും നമ്മെ കേൾപ്പിച്ച കൃഷിപാഠവും
‘എൺപതുകളുടെ’ഒടുവിൽ ദൂരദർശൻ പിടി മുറുക്കും വരെ ആകാശവാണി കേൾവി ക്കുപരി മനക്കോട്ടകളിലെ വാഗ്മയ ചിത്രങ്ങളായിരുന്നു.
പിന്നെ ഉണ്ണി എൺപതുകളുടെ ആദ്യം ലക്ഷദ്വീപ്(കടമത്ത് നെഹൃകോളേജ്) അദ്ധ്യാപക വൃത്തിയിൽ നിന്നും മറ്റൊരു കേന്ദ്ര സ്ഥാപനത്തിലേക്ക്, ‘പപ്പനാവന്റെ പത്തുചക്രം കിട്ടണ’തിരുവന്തോരത്തേക്ക് ഒറ്റപ്പെടലിന്റെ ദ്വീപിൽ നിന്നും നീട്ടി വിട്ടത് വളരെയേറെ എക്സ്പോഷറിലേക്ക് നയിച്ചു.ഒപ്പം,ഇപ്പോഴത്തെ ഉണ്ണിത്താനെ പരുവപ്പെടുത്താനും.
ടെക്നിക്കലിലും,പ്രോഗ്രാമിലും ന്യൂസിലും അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിലും ഞാൻ മുമ്പേ പറഞ്ഞ കൃതഹസ്തരായ ഒരുകൂട്ടമായിരുന്നു ഉണ്ണിക്ക് തുണയായത്.അവരുടെ ഒരുമ ആകാശവാണിയുടെ ചരിത്ര ത്തിന്റെയും,സഹൃദയ കാലത്തിന്റെയും സുവർണ്ണശോഭയുള്ള ഏടായി മാറി.
സമകാലിക നാഴികമിടിപ്പിന്റെ സമ്മർദ്ദവും, പ്രതിഷേധവും പ്രതികരണവും, ആഖ്യാന വുമായി ‘മുന്നിൽ നിശബ്ദമായ ചുണ്ടുകളും പിന്നിൽ പൂട്ടപ്പെട്ട കരങ്ങളുമായി ആകാശവാണിക്കാർ ‘പ്രഭാതഭേരി’ പരിപാടി തുടങ്ങിയതുതന്നെ ഒരത്ഭുതമായിരുന്നു. ‘പറക്കോട് ഉണ്ണികൃഷ്ണൻ’ ആ പരിപാടിയുടെ അമരക്കാരനായി, മലയാളിയുള്ള ദേശങ്ങളിലെല്ലാം ശ്രദ്ധേയനായി.
താത്വികാചാര്യൻ ഈ.എം,എസ്,നായനാർ, വാക്കുകൾ ചുണ്ടുകളിൽ ഞെരിയുന്ന ഓ വി വിജയൻ,മൗനി അരവിന്ദൻ,കവി ഓഎൻവി,കമല,കാർട്ടൂണിസ്റ്റ് അബുഎബ്രഹാം എന്നിവരൊക്കെ ഏറെ ചെവികൂർപ്പിച്ച് ഉത്തരങ്ങൾ നല്കി.കെട്ടുപൊട്ടിച്ചു മേഞ്ഞിരുന്ന കേരളത്തിലെ ലെജിസ്ളേച്ചറും, ജൂഡീഷ്യറിയും,എക്സിക്യൂട്ടീവും ആദ്യമായി ഫോർത്ത് എസ്റ്റേറ്റിന്റെ മുൻപിൽ ഉത്തരം പറയാൻ ഏറെ ഹോം വർക്കുകൾ ചെയ്തു. പലപ്പോഴും ഉത്തരം വിഴുങ്ങുകയോ,അറിയില്ലെന്ന് അഭിനയിക്കുകയോ ചെയ്തു.സ്ഥൂലതയ്ക്ക് ഒട്ടും കാമ്യമല്ലാത്ത സൂക്ഷ്മതയുടെ പതിനഞ്ച് മിനിറ്റുകളിൽ ഉണ്ണി നക്ഷത്ര ശോഭയോടെ തിളങ്ങിനിന്നു.നാട്ടുവഴികളും തിരക്കേറിയ ജനപഥവും പറക്കോട് ഉണ്ണികൃഷ്ണന്റെ ഒരുഎപ്പിസോഡ് കവറേജ് സ്വന്തമാക്കാൻ ഏറെ കാത്തുനിന്നു.ഒരുപക്ഷേ, കേരളത്തിലെങ്ങും നിറഞ്ഞു പ്രോഗ്രാം ടീം,സഞ്ചരിക്കുന്ന ഒരു വിശാല പ്രതികരണപരിപാടി അങ്ങനെ ഉരുത്തിരിഞ്ഞതാകാം.