Breaking NewsMoviesNEWS

പ്രഭാസ് @41

സ്ത്രീകളുടെ മേല്‍ കൈവെച്ചാല്‍ വെട്ടിയരിയേണ്ടത് കൈയല്ല തലയാണ്…’ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ ഇന്നും നമ്മളില്‍ ആവേശം ഉണര്‍ത്തുന്നുവെങ്കില്‍ ബാഹുബലി എന്ന കഥാപാത്രം എത്രത്തോളമാണ് സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കിയതെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളു.ഇന്ത്യന്‍ സിനിമയുടെ ആരാധകരെല്ലാം തന്നെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരുന്നു എന്നത് ചരിത്രം..അകലെ നിന്ന് കൊടുങ്കാറ്റിന്റെ ശബ്ദം കേള്‍ക്കുന്നതുപോലെയായിരുന്നു ഈ ചിത്രത്തിന്റെ ആദ്യ വാര്‍ത്തകള്‍ നമ്മള്‍ മലയാളികള്‍ കേട്ടത്.ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം.മൂന്നുവര്‍ഷമെടുത്തു തെലുഗുവിലും തമിഴിലും ഒരുപോലെ ചിത്രീകരിച്ചു മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റം ചെയ്യപ്പെടുന്ന ചലച്ചിത്രം.റിലീസ് ചെയ്തതോടെ കൊടുങ്കാറ്റായി പല റെക്കോര്‍ഡുകളും തകര്‍ത്തു.ആദ്യ ദിവസം കൊണ്ട് 50 കോടി കലക്ട് ചെയ്ത ചിത്രം. അഞ്ചു ദിവസം കൊണ്ട് 215 കോടി രൂപ. ചുരുങ്ങിയ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ കിട്ടിയ ചിത്രം. ഓരോ ദിവസവും ചിത്രം ചരിത്രമാവുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു.അപ്പോഴും മലയാളി ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നത് ആരാണീ നടന്‍ എന്നതായിരുന്നു.വെള്ളച്ചാട്ടത്തെ തോല്‍പ്പിച്ച് മലമുകളിലേക്ക് പറന്ന,കുതിരയോട്ടവും വാള്‍പ്പയറ്റും ചെയ്യുന്ന ചെറുപ്പക്കാരന്‍?തെലുങ്കില്‍ നിന്ന് ബണ്ണിക്കു ശേഷം മലയാളി മനസ്സിലുദിച്ച ആ ചെറുപ്പക്കാരനാണ് പ്രഭാസ്.ആ പ്രതിഭയുടെ ജന്മദിനമാണിന്നു.ബാഹുബലിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച,ബാഹുബലി എന്ന ഒറ്റ ബ്രഹ്‌മാണ്ഡ ചിത്രം കൊണ്ട് ഇന്ത്യന്‍ സിനിമാലോകം തന്നെ കീഴടക്കിയ പ്രതിഭയാണ് അദ്ദേഹം .അതിനു മുന്‍പേ പ്രഭാസ് എന്ന നടനെ തെലുങ്കുനാട് കടന്നു മറ്റാര്‍ക്കും അറിയില്ലായിരുന്നു.എന്നാല്‍ തെലുങ്ക് നാട്ടിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെ നിന്നിരുന്ന നടനായിരുന്നു പ്രഭാസ്.

നായകവേഷങ്ങള്‍ ചെയ്തു മുന്‍ പന്തിയിലോട്ടു വരുമ്പോഴാണ് പ്രഭാസിന് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്.ആ കഥാപാത്രത്തിന് വേണ്ടി പ്രഭാസ് നീക്കിവെച്ചതു 3 വര്‍ഷമാണ്.തിരക്കുള്ള നടനായി മുന്‍ നിരയിലേക്ക് വരുമ്പോള്‍ ഈ 3 വര്‍ ഷം മാറ്റി വെയ്ക്കുന്നത് അബദ്ധം അല്ലെ എന്ന് പലരും പ്രഭാസിനോട് ചോദിച്ചിരുന്നു.എന്നാല്‍ അങ്ങനെയൊരു കഥാപാത്രം ലഭിക്കുക എന്നത് ഏതൊരു നടന്റെയും ആഗ്രഹമാണ്.പ്രഭാസ് തന്റെ ആഗ്രഹത്തോടൊപ്പം തന്നെ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനവും ചെയ്തു.അതിന്റെ ഫലം തന്നെയായിരുന്നു ആ ചിത്രത്തിന്റെ ചരിത്ര വിജയവും.

സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും ഇളയമകനായ പ്രഭാസ് 2002യില്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമ ഭൂമിയിലേക്ക് കാല്‍ വെപ്പു നടത്തുന്നത്.രാഘവേന്ദ്ര,വര്‍്ഷം തുടങ്ങി എണ്ണം പറഞ്ഞ സിനിമകള്‍.ഛത്രപതി എന്ന സിനിമ പ്രഭാസിനെ തെലുങ്കില്‍ സൂപ്പര്‍ താരമാക്കി മാറ്റി.സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നെങ്കിലും തെലുങ്ക് സിനിമയിലെ നമ്പര്‍ വണ്‍ എന്ന വിശേഷണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രഭാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു,നമ്പര്‍ വണ്‍ എന്നൊന്നും അറിയപെടുവാന്‍ ആഗ്രഹിക്കുന്നില്ല പത്തിരുപതു വര്ഷം തോല്‍വികള്‍ ഒന്നും തന്നെയില്ലാതെ ഈ രംഗത്ത് നിന്നവരാണ് യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനക്കാര്‍.ഒന്നോ രണ്ടോ സിനിമ വിജയിച്ചാല്‍ ഒന്നാം താരമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു.
ആരാധകര്‍ക്ക് വേണ്ടിയായിരുന്നു പ്രഭാസിന്റെ ഓരോ സിനിമയും.അതുകൊണ്ടു തന്നെ ബാഹുബലി പ്രതീക്ഷയുടെ ലോകമാണ് ആരാധകര്‍ക്ക് നല്‍കിയത്.സിനിമയ്ക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചെന്ന വാര്‍ത്ത അവരെ ആവേശം കൊള്ളിച്ചു.തടി കൂട്ടുവാനും മസിലുകള്‍ വര്‍ദ്ധിപ്പിക്കുവാനും മണിക്കൂറുകള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതും അതിനുവേണ്ടി ദിവസേന നാല്‍പ്പതു മുട്ടയുടെ വെള്ള കഴിക്കുന്നതും അതുപോലെതന്നെ വര്‍ക്ഔട്ടിനായിട്ടു ഒന്നരകോടി രൂപയുടെ ജിം ഉപകരണങ്ങള്‍ വിദേശത്തു നിന്നും വരുത്തിയതും ആരാധകര്‍ ആഘോഷിച്ചു.

2005 ല്‍ രാജമൗലിയുടെ ഛത്രപതി എന്ന ചിത്രമാണ് പ്രഭാസിന് സൂപ്പര്‍താരം പദവി നേടിക്കൊടുത്തത് .ആ ചിത്രത്തില്‍ ഒരു അഭയാര്‍ത്ഥി കഥാപാത്രത്തെ ആയിരുന്നു പ്രഭാസ് കൈകാര്യം ചെയ്തിരുന്നത്.ഇപ്പോഴും ആ കഥാപാത്രത്തെ പറ്റി ചോദിച്ചാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് രോമാഞ്ചമാണ്.100 ദിവസങ്ങളോളം തകര്‍ത്താടിയ ചിത്രമാണ് ഛത്രപതി.പിന്നീട് പ്രഭാസ് പൗര്‍ണമി,യുഗി,മുന്ന എന്നിങ്ങനെ ആക്ഷന്‍ സിനിമകളിലും അഭിനയിച്ചു.2010 ഇത് പുറത്തിറങ്ങിയ റൊമാന്റിക് മൂവി ആയിട്ടുള്ള ഡാര്‍ലിംഗില്‍ ആണ് പ്രത്യക്ഷപ്പെട്ടത്.ഒരിടവേളയ്ക്കു ശേഷം വണ്‍ ഹിറ്റ് ആയി മാറിയ റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഡാര്‍ലിംഗ്.പിന്നീട് ഒരുപാട് ചിത്രങ്ങള്‍ ചെയ്തു മുന്‍ നിര നായകന്മാരില്‍ ഒരാളായി മാറിയിരുന്നെങ്കിലും ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പ്രഭാസിന് കരിയറില്‍ ഒരു ബ്രേക്ക് ആയി തീര്‍ന്നത്.പിന്നീട് സംവിധായകന്‍ രാജമൗലി സമ്മാനിച്ച ബാഹുബലിയുടെ ആടയാഭരണങ്ങള്‍ അഴിച്ചു വെച്ച് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത് സഹോ എന്ന ചിത്രത്തിലൂടെയായിരുന്നു.ബഹുഭാഷകളില്‍ ഒരുങ്ങുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം തന്നെ ആയിരുന്നു സഹോ.എന്നാല്‍ ചിത്രത്തിന് ഒരു സമ്മിശ്രി പ്രതികരണമായിരുന്നു പ്രക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നത്.സഹോയെ പറ്റി പ്രഭാസ് തന്റെയൊരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.”സാഹോ എനിക്കൊരു അഗ്‌നിപരീക്ഷയാണ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ട ബാഹുബലിയെന്ന കഥാപാത്രത്തിന്റെ നിഴല്‍ ഇന്നും എനിക്കൊപ്പമുണ്ട്.അതില്‍നിന്നും പുറത്തുകടക്കുക എന്നത് ഒരു ശ്രമകരമായ ഒരു ദൗത്യം തന്നെ ആയിരുന്നു.പ്രേക്ഷകരെ ആവേശിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ ചേര്‍ത്താണ് ആ ചിത്രം പുറത്തിറങ്ങിയത്…’
ഒരു പക്ഷെ പ്രഭാസ് പറഞ്ഞത് സത്യമാണെന്നു ശെരിവെയ്ക്കുന്ന രീതിയിലായിരുന്നു സഹോ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന പ്രേക്ഷകരുടെ പ്രതികരണം.ബാഹുബലി എന്ന വന്‍ മരത്തിന്റെ കീഴില്‍ തന്നെയാണ് പ്രഭാസ് ഇപ്പോഴും ഉള്ളത്.സഹോ എന്ന ചിത്രത്തില്‍ വന്‍ വിജയത്തിന് വേണ്ടുന്നതെല്ലാം ഉണ്ടായിരുന്നിട്ടു കൂടി ബാഹുബലിയിലെ കഥാപാത്രത്തിനോളം ഇമ്പാക്ട് സഹോ യിലെ കഥാപാത്രത്തിന് സൃഷ്ഠിക്കുവാന്‍ സാധിച്ചിരുന്നില്ലായിരിക്കണം.ബാഹുബലിയ്ക്ക് ശേഷം ആര്‍ക്കൊപ്പം എന്ന ചോദ്യം പ്രസക്തമായിരുന്നു.തിരക്കഥയുടെ കരുത്തും കഥാപാത്രത്തിന്റെ പ്രസക്തിയും തന്നെയാണ് സുജിത്തിനൊപ്പം സഹോയിലേക്കു ചേക്കേറുവാന്‍ പ്രഭാസിനെ പ്രേരിപ്പിച്ചത്.ബാഹുബലി നൂറ്റാണ്ടുകള്‍ക്കു മുന്നേ ഉള്ള കാര്യമാണ് പറയുന്നതെങ്കില്‍ സഹോയിലെ കഥാപാത്രം നായകന്‍ ജീവിക്കുന്നത് ഇന്നത്തെ ലോകത്താണ്.
തോല്‍വി എന്നെ ബാധിക്കാറില്ല എന്ന ഉത്തരമല്ല ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നല്‍കുന്നത്.തോല്‍വിയും വിജയങ്ങളുമൊക്കെ എല്ലാവരിലും ഉണ്ടാകും.പക്ഷെ ബി പോസിറ്റീവ് എന്നാണു.അതാണ് നയം.ആത്മവിശ്വാസത്തോടെയാണ് എല്ലാ പ്രതിസന്ധികളും ഈ പ്രതിഭ നേരിടാറുള്ളത്.സിനിമയുടെ പരാജയം കാര്യമായി എടുക്കുന്ന പ്രഭാസ് , തെറ്റ് എവിടെയാണ് വന്നത് എന്ന് നോക്കി തന്റെ അടുത്ത പ്രോജെക്ടില്‍ തിരുത്തുവാനും പ്രഭാസ് ശ്രമിക്കും.

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രഭാവലയത്തിലാണ് ഇപ്പോഴും പ്രഭാസ്.ഒരഭിമുഖത്തില്‍ കേരളത്തിലെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ചു പ്രഭാസിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് കേരളം.എവിടെ നോക്കിയാലും മരങ്ങളും പച്ചപ്പും.ഹൈദെരാബാദിലോക്കെ മരങ്ങള്‍ കുറവും കെട്ടിടങ്ങള്‍ കൂടുതലുമാണ്.പക്ഷെ ഇവിടെ തിരിച്ചാണ്.ആലപ്പുഴയില്‍ നേരത്തെ ഷൂട്ടിങ്ങിനായി വന്നിട്ടുണ്ട് .ബാഹുബലിയുടെ ആദ്യ വെള്ളച്ചാട്ടവും മറ്റും ആതിരപ്പള്ളിയിലാണ് ഷൂട്ട് ചെയ്തത്.രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതും കേരളത്തിലായിരുന്നു.ബാഹുബലിക്കും എനിക്കും കേരളം പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ പ്രഭാസ് തന്റെ അടുത്ത ചിത്രമായിട്ടുള്ള പ്രഭാസ് 21 എന്ന ചിത്രത്തിന്റെ തിരക്കിലാണ്.ബോളിവുഡ് സൂപ്പര്‍ താരമായ ദീപിക പദുകോണ്‍ ആണ് ഈ ചിത്രത്തില്‍ പ്രഭാസിനെ നായികയായി എത്തുന്നത്.പ്രേക്ഷക ആകാംക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close