
തിരുവനന്തപുരം: മഴ കനക്കുകയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രളയം വന്‍ നാശനഷ്ടം വിതയ്ക്കുകയും പലയിടത്തും വ്യാപകമായി ദിവസങ്ങളായി വൈദ്യുതിതടസമുണ്ടാവുകയും ചെയ്തതോടെ, ഓണ്‍ലൈന്‍ ക്ലാസുകള്‍ താളംതെറ്റി. കോട്ടയത്തും പത്തനംതിട്ടയിലും അച്ചന്‍കോവിലാറും, മീനച്ചിലാറും മണിമലയാറും കരകവിഞ്ഞതോടെ മലയോരമേഖകളിലും ഹൈറേഞ്ചുകളിലും സ്ഥിതി പരിതാപമായി. ഇടുക്കി, വയനാട് ജില്ലകളിലും മഴ മൂലം വൈദ്യുതിബന്ധം തടസപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലുവയിലടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലും പ്രളയസമാനമായ സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലാണ് നൂറു ദിവസത്തിലേറെയായി കൃത്യതയോടെ തുടര്‍ന്നു പോന്ന ഓണ്‍ലൈന്‍ ക്ളാസുകള്‍ പ്രതിസന്ധിയിലായത്.
വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ ടെലിവിഷനിലൂടെയായിരുന്നു ക്ളാസുകളെന്നതിനാല് ഇന്റര്‍നെറ്റ് ബന്ധമില്ലാത്ത ഇടങ്ങളിലും ഓണ്‍ലൈന്‍ ക്ളാസുകള്‍ ഫലപ്രദമായിത്തന്നെ നടന്നുവരികയായിരുന്നു. എന്നാല്‍ മൂന്നാറിലും മറ്റും മിക്കപ്രദേശങ്ങളിലും കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യുതിയില്ല. മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗമുള്ള കാറ്റുവീശിയതോടെ പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇതോടെ ടെലിവിഷന്‍ ബന്ധവും അറ്റു. അങ്ങനെ ഒന്നുമുതല്‍ പ്ളസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാവുകയായിരുന്നു. കടല്‍ക്ഷോഭം അതിരൂക്ഷമായ തീരദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദുരിത സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയിരിക്കുകയാണ്.ക്യാംപുകളിലേക്ക് മാറ്റിയ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും ഇതോടെ ത്രിശങ്കുവിലായി.
സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമില്ലാത്ത നല്ലൊരു ശതമാനം കുട്ടികള്‍ വിദ്യാര്‍ത്ഥികളായിട്ടുണ്ട് എന്ന സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ടിവി മാധ്യമമാക്കി കൈറ്റ്സിന്റെ വിദ്യാഭ്യാസപരിപാടിക്കു രൂപം നല്‍കിയത്. കോവിഡ് പ്രതിരോധം പോലെ തന്നെ കേരളത്തിന്റെ ഈ വിദ്യാഭ്യാസ പദ്ധതിയും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലാവസ്ഥ ചതിച്ചതോടെ ഓണ്‍ലൈന്‍ ക്ളാസ് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധ്യാപകരും കുട്ടികളും. അതിനിടെ, സെപ്റ്റംബര്‍ ഒന്നോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷേ തുടര്‍പഠനം പ്രശ്നമില്ലാതെ പുരോഗമിക്കാന്‍ സാദ്ധ്യതയുണ്ട്.