തിരുവനന്തപുരം: പ്രവാസികള്‍ ഇങ്ങോട്ട് വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ തിരികെ വരാന്‍ താത്പര്യപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ അനുമതി. വിദ്യാര്‍ത്ഥികള്‍, അവധിക്കാല ക്യാംപിന് പോയവര്‍, കോഴ്‌സ് കഴിഞ്ഞവര്‍, ഹോസ്റ്റല്‍ അടച്ച് നില്‍ക്കാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.
സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം മുന്‍ഗണന നല്‍കും. പുറത്ത് സ്ഥിരതാമസമായിട്ടുള്ളവര്‍ ബന്ധുക്കളെ കാണാന്‍ ധൃതി കാണിക്കരുത്. അവര്‍ കാത്തിരിക്കണം. കുറച്ച് നാള് കഴിഞ്ഞ് വരാം. ഈ ഘട്ടത്തില്‍ വരരുത്.
നോര്‍ക്ക പോര്‍ട്ടലില്‍ 1.30 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. വിമാനത്താവളങ്ങളുടെ കാര്യത്തിലെടുത്ത നടപടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തിലും സ്വീകരിക്കും. സംസ്ഥാന അതിര്‍ത്തിയില്‍ ഇവരെത്തേണ്ട സമയം അറിയിക്കും. അവിടെ വിശദമായ സ്‌ക്രീനിങ് നടക്കും. രോഗലക്ഷണം ഉള്ളവര്‍ സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. അല്ലാത്തവര്‍ക്ക് വീട്ടില്‍ പോകാം. 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണം.
പൊലീസിനാണ് ഇതിന്റെ പൂര്‍ണ്ണ ചുമതല. വരുന്നവര്‍ വഴിക്ക് തങ്ങാതെ വീട്ടിലെത്തിയെന്നും നിരീക്ഷണത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ആദ്യത്തെ 14 ദിവസം വീട്ടിലേക്ക് പോകാനാവില്ല. രോഗലക്ഷണം ഉള്ളവരെ പാര്‍പ്പിക്കുന്ന സ്ഥലമല്ല, മറ്റൊരു സ്ഥലത്താണ് ഇവരെ നിരീക്ഷണത്തില്‍ വയ്ക്കുക. ഈ പ്രവര്‍ത്തനം വലിയ തോതില്‍ നടന്നാലേ ഇനിയുള്ള ഘട്ടത്തെ അതിജീവിക്കാന്‍ കഴിയൂ. വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്ന കാര്യം സാമൂഹിക വ്യാപനമാണ്. അത് നേരിടാനും അതിജീവിക്കാനും വികേന്ദ്രീകൃത സംവിധാനം വേണം.
തദ്ദേശ സ്ഥാപന തലത്തിലും ഇക്കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സമിതി വേണം. തദ്ദേശ സ്ഥാപന ചെയര്‍പേഴ്‌സണാവും ഈ സമിതിയുടെ അധ്യക്ഷന്‍. പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ അല്ലെങ്കില്‍ പ്രതിനിധി, എസ്എച്ച്ഒ പ്രതിനിധി, പിഎച്ച് സി മേധാവി, സാമൂഹിക സന്നദ്ധ സേനാ പ്രതിനിധി, ആശാ വര്‍ക്കര്‍, പെന്‍ഷനേര്‍സ് യൂണിയന്‍ പ്രതിനിധി തുടങ്ങിയവര്‍ ഇതില്‍ ഉണ്ടാകണം.
ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ സമിതി വേണം. കളക്ടര്‍, എസ്പി , ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കണം. ആരോഗ്യ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനും സുരക്ഷ പൊലീസിന്റെയും ചുമതലയായിരിക്കും.
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് തിരികെ പോകാന്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആദ്യം ബസ് മാര്‍ഗം എന്ന് പറഞ്ഞെങ്കിലും, അവര്‍ ആ തീരുമാനം പിന്നീട് മാറ്റി, പ്രത്യേക തീവണ്ടി അനുവദിച്ചു. ഇന്നലെ ഒരു ട്രെയിനും ഇന്ന് ചില ട്രെയിനുകളും പോയി. പോകാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് പോകാം. ആരെയും നിഡബന്ധിച്ച് അയക്കുന്നില്ല. എന്നാല്‍ അവര്‍ എത്തേണ്ട സ്ഥലത്ത് നിന്ന് അനുമതി ലഭിച്ചാലേ ട്രെയിന്‍ അനുവദിക്കൂ. ചിലയിടത്ത് എന്‍ഒസി ലഭിക്കാന്‍ ചില ബന്ധപ്പെടല്‍ വേണ്ടി വന്നു. ചീഫ് സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ ഒഡീഷയിലേക്ക് ട്രെയിന്‍ പോയി. മുഖ്യമന്ത്രി എന്നെ വിളിച്ച് നന്ദി പറഞ്ഞു. നാട്ടിലേക്ക് പോയവര്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹത്തിന് വാക്കുനല്‍കി. സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് സഹായ ധനം അനുവദിച്ചു. അടച്ച തുകയുടെ 90 ശതമാനമോ 7500 രൂപയോ, ഏതാണ് കുറവ് എന്ന് നോക്കി പലിശ രഹിത വായ്പ നല്‍കും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കുടിശിക 131 കോടി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികള്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
