Breaking NewsCovid UpdatesKERALA

പ്രവാസികള്‍ക്കായി കേരളം സുസജ്ജമെന്ന് മുഖ്യമന്ത്രി; വന്നാല്‍ മാത്രം മതി

തിരുവനന്തപുരം: പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണ്. പ്രവാസികള്‍ തിരികെ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. ഇതിന്റെ യോഗം ഇന്ന് നടന്നു. വിശദമായ ചര്‍ച്ച നടന്നു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നല്‍കി. വിമാനത്താവളങ്ങളില്‍ ഡിഐജിമാരെ നിയോഗിക്കും. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും. അവരെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് വീടുകളില്‍ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കാനാണിത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം ഉണ്ടാകും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ വീടുകളില്‍ സന്ദര്‍ശിക്കും.
വിദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യനിലയെ കുറിച്ച് അന്നന്ന് ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. അത് ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായമൊരുക്കാന്‍ വാര്‍ഡ് തല സമിതിക്ക് ചുമതല. വീടുകളില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയാം. രോഗലക്ഷണം ഉള്ളവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവരുടെ ലഗേജ് വീടുകളിലെത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. വിമാനത്താവളങ്ങളില്‍ വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളുമുള്ള കണ്‍ട്രോള്‍ റൂമുണ്ടാകും. പ്രവാസികളെ താമസിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം സൗകര്യമൊരുക്കും. ആശുപത്രികളും ഇപ്പോള്‍ സജ്ജമാണ്. സമുദ്രമാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭിപ്രായം ഉയര്‍ന്നു. ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനം എടുക്കണം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാല്‍ തുറമുഖം കേന്ദ്രീകരിച്ചും സൗകര്യമൊരുക്കും.
2.76 ലക്ഷം പേര്‍ നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. 150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് സംബന്ധിച്ച് വിവര ശേഖരണ ചുമതല നോര്‍ക്കയ്ക്കാണ്. സാമ്പിളുകള്‍ ശേഖരിക്കാനുള്ള വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയത്തിന് രാജ്യത്ത് പൊതുവില്‍ ക്ഷാമമുണ്ട്. കേരളത്തില്‍ പബ്ലിക് ലബോറട്ടറി ഇത് തയ്യാറാക്കുന്നുണ്ട്. ഇവിടെ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close