KERALA

പ്രവാസികൾക്ക് ചെയ്യാനാകുന്നതെല്ലാം ചെയ്യും -മുഖ്യമന്ത്രി

പ്രവാസി സമൂഹവുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് അവർക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും.
പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് നടത്തി. 22 രാജ്യങ്ങളിൽനിന്നുള്ള 30 പ്രവാസി മലയാളികളാണ് സംസാരിച്ചത്. ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും എംബസികൾ മുഖേന ചെയ്യേണ്ടതും പ്രവാസികൾ ചൂണ്ടിക്കാട്ടി.
എംഎൽഎമാരുമായി കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രവർത്തനങ്ങളാകെ വിലയിരുത്തുകയും അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ ചർച്ചനടത്തുകയും ചെയ്തു. എംഎൽഎമാർ ജില്ലാ കലക്ടറേറ്റുകളിലെത്തിയാണ് പങ്കെടുത്തത്. സ്പീക്കറും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ചകളിൽ പങ്കെടുത്തു. ഇപ്പോൾ നടത്തുന്ന ഇടപെടലുകളിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകളിൽ പഠനം നടക്കുന്നില്ല. ആ കാലയളവിലും ഫീസ് നൽകേണ്ടിവരുന്നത് പ്രവാസികൾ ശ്രദ്ധയിൽപ്പെടുത്തി. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാനേജ്മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യർത്ഥനയാണ് അവർ നടത്തിയത്. മാനേജ്മെൻറുകൾ ഇക്കാര്യത്തിൽ അനുഭാവപൂർണമായ നടപടി സ്വീകരിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് 19 രോഗബാധയോ സംശയമോ ഉള്ള പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റൈൻ സംവിധാനം ഉറപ്പാക്കുന്നതിനും ഇക്കാര്യത്തിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നണമെന്നുമുള്ള ആവശ്യമാണ് പ്രവാസികളിൽനിന്ന് ഉയർന്നത്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട വിദേശ രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തനത്തിന് നിരവധി പേർ തയ്യാറാകുന്നുണ്ട്. ഇക്കാര്യങ്ങൾ വിദേശമന്ത്രി ഡോ. എസ് ജയശങ്കറിനെ കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. വിസ കാലാവധി ആറുമാസം കൂടി വർധിപ്പിച്ചു നൽകേണ്ടതിന്റെയും ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ അവസാനിച്ചാൽ തിരിച്ച് കേരളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രോട്ടോകോൾ വേണ്ടതിന്റെ ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി.
കുവൈറ്റിൽ ഏപ്രിൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യൻ എമ്പസി എമർജൽസി സർട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് റദ്ദാക്കിയാൽ 40,000 ഇന്ത്യക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്ന് വിമാന ടിക്കറ്റ് റദ്ദാക്കുമ്പോൾ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം വീണ്ടും ഉയർന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതായി വാർത്തയുണ്ട്. 150ലേറെ നഴ്സുമാർ അവിടെ നിരീക്ഷണത്തിലാണ്. ഡെൽഹിയിൽ ഏറ്റവുമൊടുവിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡെൽഹി സർക്കാരുമായി ഇക്കാര്യത്തിൽ ബന്ധപ്പെടും. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close