
കോഴിക്കോട്: തനിക്കെതിരെ മോശം ഭാഷയില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ യുഎഇയില്‍ നിന്നും നാടുകടത്തിക്കാന്‍ കെടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സ്വപ്ന മൊഴി നല്കി. യാസിര്‍ എടപ്പാള്‍ എന്നയാളെ ആണ് ജോലി നഷ്ടപ്പെടുത്തി നാടുകടത്താന്‍ ജലീല്‍ ശ്രമിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.
ലീഗ് പ്രവര്‍ത്തകനായ എടപ്പാള്‍ സ്വദേശി യാസിറിനെതിരെ കെടി ജലീല്‍ കേസ് കൊടുത്തിരുന്നു. അപകീര്‍ത്തി കേസാണ് നല്‍കിയിരുന്നത്. താന്‍ നാട്ടിലില്ലെന്നും വിദേശത്താണെന്നും യുഎഇയില്‍ എത്തി കേരളാ പോലീസിന് തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് മന്ത്രി പ്രകോപിതനായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിനായി യാസിറിനെ നാടുകടത്തിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി താനുമായി സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നു.
യാസിറിന്റെ പിതാവും ജലീലും ഒന്നിച്ച് ലീഗില്‍ പ്രവര്‍ത്തിച്ചവരാണെന്നും ജലീലിന്റെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് യാസിറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ട് തവണ വീട്ടില്‍ റെയ്ഡ് നടത്തി. പാസ്പോര്‍ട്ടിന്റെ കോപ്പി ചോദിച്ചാണ് റെയ്ഡ് നടത്തിയതെന്നും അലി പറഞ്ഞു.