KERALANEWS

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭയ്ക്ക് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: പ്രവാസി വ്യവസായിയും പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയുമായിരുന്ന സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്ക് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ആത്മഹത്യയ്ക്കു കാരണം കണ്‍വന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തതാണെന്ന് പറയാനാവില്ല. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായതില്‍ സാജന് മനോവിഷമമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം, നിര്‍മാണത്തിലെ കെടുകാര്യസ്ഥത, കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെ മറ്റു വിഷയങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ എം കൃഷ്ണന്‍ തളിപ്പറമ്പ് ആര്‍ഡിഒ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2019 ജൂണ്‍ 18നാണ് സാജനെ ചിറക്കല്‍ അരയമ്പേത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് സിപിഐ എം നേതൃത്വത്തിലുള്ള ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നുആരോപണം.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവം വിവാദമായതൊടെ കണ്ണൂര്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പിയായിരുന്ന വി എ കൃഷ്ണദാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു

ആന്തൂര്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍

പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന് ഉടമസ്ഥാവകാശ സര്‍ട്ടിഫക്കറ്റ് നല്‍കുന്നതില്‍ ആന്തൂര്‍ നഗരസഭയുടെ ഭാഗത്ത് കൃത്യവിലോപമോ നിയമലംഘനമോ ബോധപൂര്‍വമായ അലംഭാവമോ ഉണ്ടായിട്ടില്ല. കെട്ടിട നിര്‍മാണച്ചട്ടങ്ങളുടെ ലംഘനമാണ് കാലതാമസത്തിനു കാരണമായത്.

തുടക്കംമുതല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടായിരുന്നു. നഗരസഭാ ഓവര്‍സിയര്‍മാരും എന്‍ജിനിയറും പലപ്പോഴായി ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ടൗണ്‍പ്ലാനറുടെ പരിശോധനയിലും കണ്ടെത്തി. സാജന്റെ മരണശേഷം സംസ്ഥാന ചീഫ് ടൗണ്‍പ്ലാനര്‍(വിജിലന്‍സ്) നടത്തിയ വിശദപരിശോധനയിലും ചട്ടലംഘനങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കെട്ടിട ലൈസന്‍സ് നല്‍കുന്നതില്‍ നിയമപരമായി നഗരസഭാ ചെയര്‍മാനോ ഭരണസമിതിക്കോ പങ്കില്ല.
അത് പൂര്‍ണമായും ഉദ്യോഗസ്ഥരുടെ അധികാരാവകാശത്തില്‍പ്പെട്ടതാണ്. ചെയര്‍മാന്‍ പി കെ ശ്യാമള ഇടപെട്ടതായി തെളിവുമില്ല.

നഗരസഭാ ഉദ്യോഗസ്ഥര്‍ ശത്രുതാപരമായി പെരുമാറിയാതായോ മനഃപൂര്‍വം ദ്രോഹിച്ചതായോ പറയാനാവില്ല. അവര്‍ അവരുടെ ചുമതലയാണ് നിര്‍വഹിച്ചത്. നിയമ/ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുന്നത് ആത്മഹത്യാപ്രേരണയായി കരുതാനാവില്ല.

നോട്ടീസ് നല്‍കിയ ആദ്യഘട്ടത്തിലാണ് സാജന്‍ ചെയര്‍പേഴ്സണെ നേരില്‍ കണ്ടത്. അവസാനകാലത്ത് ദിവസങ്ങളോളം നഗരസഭാ ഓഫീസ് കയറിയിറങ്ങേണ്ടിവന്നു എന്നതിന് ഫോറന്‍സിക് വിഭാഗം പരിശോധിച്ച സിസിടിവി ടിവി ദൃശ്യങ്ങളിലും തെളിവു കണ്ടെത്താനായില്ല.

കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നു വ്യക്തം. ഭാര്യയും മറ്റു ബന്ധുക്കളും മാനേജരും പറഞ്ഞത് 18 കോടി രൂപയോളം ചെലവായെന്നാണ്. എട്ടു കോടിക്കപ്പുറം ചെലവു വരില്ലെന്ന് കെട്ടിട രൂപകല്‍പ്പന നിര്‍വഹിച്ച ആര്‍ക്കിടെക്ട് തന്നെ മൊഴി നല്‍കിയിട്ടുണ്ട്.

പ്രകടമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കിലും വില്ലകള്‍ പ്രതീക്ഷിച്ച വിലയ്ക്ക് വിറ്റുപോകാത്തതില്‍ സാജന് വിഷമമുണ്ടായിരുന്നു. മരിക്കുന്നതിന് തലേന്ന് ഒരു വില്ല വിലയുറപ്പിച്ചത് 48 ലക്ഷത്തിനാണ്. മുമ്പ് 75 ലക്ഷം വരെ വില പറഞ്ഞിരുന്നതാണിത്.

കുടുംബപരമായ ചില പ്രശ്നങ്ങളും സാജനെ അലട്ടിയിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close