KERALANEWSTop News

പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജിന് സുപ്രീം കോടതി നിര്‍ദ്ദേശം

കണ്ണൂര്‍: കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഉത്തരവ് ഇട്ട് സുപ്രീംകോടതി. 15.72 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത അദ്ധ്യയന വര്‍ഷവും അംഗീകാരം ലഭിക്കില്ലന്നും കോടതി വ്യക്തമാക്കി. ഫീസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന തൊണ്ണൂറോളം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ 9 മാസത്തിനുള്ളില്‍ ഫീസ് നിര്‍ണയ സമിതി തീരുമാനം എടുക്കണം. ഇതില്‍ തീരുമാനം ആകുന്നത് വരെ 25 കോടി രൂപ സ്ഥിര നിക്ഷേപമായി പ്രത്യേക അക്കൗണ്ടില്‍ മാനേജ്‌മെന്റ് കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ രണ്ട് നിര്‍ദേശങ്ങളും നടപ്പാക്കിയാല്‍ അടുത്ത അധ്യയന വര്‍ഷം കോളജിന് അഫിലിയേഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കാം എന്നും കോടതി അറിയിച്ചു. 2016 – 17 അദ്ധ്യയന വര്‍ഷം മെഡിക്കല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി ഫീസ് തിരിച്ചുനല്‍കാനുള്ള ഉത്തരവ്, കോളേജ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2020- 2021 വര്‍ഷത്തേക്കുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം സുപ്രീംകോടതി തടഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close