INSIGHTTrending

പ്രവർത്തകരുടെ ആത്മാഭിമാനവും നേതാക്കളുടെ ആത്മവിശ്വാസവും വീണ്ടെടുക്കണം; ഇന്നും കേരളത്തിൽ ബിജെപിക്കുള്ളത് ശക്തമായ അടിത്തറ; മാറേണ്ടത് മുഖങ്ങളല്ല, മനോഭാവം; വിനയ് മൈനാ​ഗപ്പള്ളി എഴുതുന്നു

വിനയ് മൈനാ​ഗപ്പള്ളി

കേരളത്തിൽ ബിജെപി ഇപ്പോൾ നേരിടുന്ന ആരോപണങ്ങളെ രാഷ്ട്രീയമായുംനിയമപരമായും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാൻ പ്രവർത്തകരും നേതാക്കളും തയ്യാറായാൽ കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് നഷ്ടമായ പ്രതിച്ഛായ തിരികെ പിടിക്കാനാകും. ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകരും പരസ്പര വിശ്വാസം നഷ്ടപ്പെട്ട നേതാക്കളുമാണ് ഇന്ന് കേരളത്തിലെ ബിജെപിയുടെ പ്രതിസന്ധിക്ക് കാരണമാകുന്നത്. ഇതിന് മാറ്റമുണ്ടായാൽ രാജ്യത്തെ മറ്റിടങ്ങളിൽ എന്നപോലെ കേരളത്തിലും ബിജെപി ഒന്നാമത്തെ രാഷ്ട്രീയ ശക്തിയായി മാറും എന്നതിന് തർക്കമില്ല. പക്ഷേ അതിന് ആദ്യം മാറേണ്ടത് മുഖങ്ങളല്ല, മനോഭാവമാണ്.

ആർഎസ്എസിലെ നല്ല കാര്യകർത്താക്കൾ ബിജെപിയിലേക്കുള്ള സ്ഥാനമാറ്റം ഒരു തരം താഴ്ത്തലായി ആണ് കരുതുന്നത്. ഞങ്ങൾ നിങ്ങൾ എന്ന ചിന്ത മാറ്റി എന്ന് നമ്മൾ എന്ന ചിന്ത ഉണ്ടാകുന്നു അപ്പോൾ മാത്രമേ ഇവിടെ വലിയ രാഷ്ട്രീയ പരിവർത്തനം നേടിയെടുക്കാൻ ബിജെപിക്ക് കഴിയൂ. അതിനു സംഘത്തിലെ നേതാക്കളുടെ ചിന്താഗതി മാറണം. ഒന്നുകിൽ മുന്നിലേക്ക് വന്ന് കേരളത്തിലെ ബിജെപി നേതൃത്വം സംഘം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകണം, അല്ലങ്കിൽ ബിജെപി നേതൃത്വത്തിന് സ്വാതന്ത്ര്യം നൽകി, വേണ്ട നിർദേശങ്ങൾ മാത്രം നൽകി സംഘടനാ പ്രവർത്തനങ്ങളെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം.

കേരളത്തിലെ ബിജെപി നേതൃത്വം ഒരിക്കലും ലഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു ശതമാനത്തിന് അപ്പുറമുള്ള മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ വോട്ടിനു വേണ്ടി സമയവും ഊർജ്ജവും ധനവും പാഴാക്കി കളയരുത്. അബ്ദുല്ലകുട്ടിമാർ ബിജെപിക്ക് കേരളത്തിൽ വോട്ട് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്നാൽ ദേശീയവാദികളായ അലി അക്ബറിനെ പോലെയുള്ളവരെ വളർത്തുകയും വേണം. കേരളത്തിലും ഒരുപാട് തേജസ്വി സൂര്യമാരുണ്ട്. അവരെ കണ്ടെത്തി അവർക്ക് പിന്തുണ നൽകുകയാണ് നേതൃതം ചെയ്യണ്ടത്. മുസ്ലിം വോട്ടർമാർക്കിടയിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പരുവപ്പെടുത്തി വച്ചിരിക്കുന്ന അജണ്ട സെറ്റ് ചെയ്തുള്ള ഒരു ആശയ പ്രചാരണം പൊളിച്ചു കൊണ്ട് അവരുടെ വോട്ട് താമര ചിഹ്നത്തിലേക്ക് നേടിയെടുക്കുക എന്നത് പ്രായോഗികമല്ല. ഒന്നുകിൽ മുസ്ലിം വോട്ട് സമാഹരിക്കുക എന്ന ലക്‌ഷ്യം ഉപകേക്ഷിച്ച കൊണ്ട് തന്നെ അവരുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു മുന്നോട്ട് പോകുക. അല്ലെങ്കിൽ മുസ്ലിം ലീഗ് പോലെയുള്ള പാർട്ടികളെ കേന്ദ്ര നേതൃത്വം നേരിട്ടുള്ള ചർച്ചകളിലൂടെയും സമ്മര്ദങ്ങളിലൂടെയും എൻഡിഎ മുന്നണിയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുക എന്നത് മാത്രമാണ് പ്രായോഗികമായ കാര്യം,

കേരളത്തിലെ ഹിന്ദുവിഭാഗത്തിൽ പെട്ട വിവിധ ജാതികളുടെ പ്രതിനിധികളുമായി കൂടുതൽ ചർച്ചകൾ സംഘടിപ്പിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. കേരളത്തിലെ ഇടത് വലത് നേതാക്കൾ മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിയുടെ ഹിന്ദു സ്ഥാനാർത്ഥികളുടെ ജാതി ചർച്ചാ വിഷയമാക്കി ഹിന്ദുവിഭാഗത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമായാണ് കാലങ്ങളായി ചെയ്യുന്നത്. അതിനു ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞാൽ ബിജെപിക്ക് ആ വിഭാ​ഗങ്ങളിൽ വലിയ സ്വാധീനം നേടനാകും.

മുൻകാലങ്ങളിലെ സംസ്ഥാന നേതൃത്വം ചെയ്തത് പോലെ കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളുടെ പിന്നാലെ പോകാതെ കേരളത്തിലുള്ള ദേശീയവാദികളായ ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കുകയാണ് വേണ്ടത്. നേതാക്കളുടെ നിർദേശങ്ങൾ ഒന്നുമില്ലാതെ സ്വയമേവ ബിജെപിക്കൊപ്പം നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന അത്തരക്കാർക്ക് ആത്മവിശ്വാസം നൽകുന്ന ഇടപെടലാണ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടത്. കേരളത്തിൽ നിലവിലുള്ള ന്യൂനപക്ഷ മോർച്ച സംവിധാനം കോൺഗ്രസിന്റെയും ക്രൈസ്തവ സഭയുടെയും ബി ടീമാണ്. പ്രസ്ഥാനത്തിന് ഒപ്പം നിന്നുകൊണ്ട് സ്ഥാനമാനങ്ങൾ വാങ്ങിയെടുത്ത് ഇടനില നിന്ന് പണമുണ്ടാക്കുമായാണ് ഇവരുടെ പ്രധാന ജോലി. തെരഞ്ഞെടുപ്പ് സമയത്ത് കലാശക്കൊട്ടിന് ശേഷം പണം വാങ്ങി യുഡിഎഫിനെ സഹായിക്കുകയാണ് ഇവർ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. അതിനു പത്തനംതിട്ട ഉൾപ്പടെ ഒരുപാട് ഉദാഹരണങ്ങൾ അന്വേഷിച്ചാൽ കിട്ടുന്നതാണ്.

1990 കൾ മുതൽ ബിജെപിക്ക് ഒപ്പം സഞ്ചരിക്കുന്ന ഒരുപാട് ക്രൈസ്തവ വിശ്വാസികൾ കേരളത്തിലുണ്ട് അവരെ കൂട്ടി ചേർത്ത് ആത്മ വിശ്വാസം നൽകാനുള്ള ഇടപെടലുകൾ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അവസരവാദികൾ ആയി എത്തുന്നവരെ സ്ക്രീൻ ചെയ്യാനും പാർട്ടിക്ക് കൃത്യമായ സംവിധാനം ഉണ്ടാകണം. എസ്എൻഡിപി നേതാക്കളായ തുഷാർ വെള്ളാപ്പള്ളിയേയും സുഭാഷ് വാസുവിനെയും ഗോകുലം ഗോപാലനെയും ഒന്നിച്ചു നിർത്താൻ കേരളത്തിലെ ബിജെപിക്ക് കഴിയുമോ എന്നതാണ് ചോദ്യം. അതിന് മുമ്പ് നമുക്ക് ഒന്നിച്ച് നിൽക്കാം എന്ന തീരുമാനം കേരളത്തിലെ ബിജെപി നേതക്കളും എടുക്കേണ്ടതുണ്ട്. പി സി തോമസിനെയും പി സി ജോർജ്ജിനെയും ഒന്നിപ്പിച്ചു കൂടുതൽ ശക്തമായ കേരളാ കോൺഗ്രസ്സ് ഉണ്ടാക്കാൻ ബിജെപി ആത്മാർത്ഥമായി വിചാരിച്ചാൽ കഴിയും.

തീർച്ചയായും ഹിന്ദു ക്രൈസ്തവ ഐക്യം കൊണ്ട് മാത്രമേ കേരളത്തിൽ ബിജെപിക്ക് അധികാരം നേടിയെടുക്കുക സാധ്യമാവുകയുള്ളൂ. പക്ഷെ അതിനായി മത മേലധ്യക്ഷന്മാരുടെ പിന്നാലെ പോകേണ്ട കാര്യമില്ല എന്നതാണ് പ്രധാനം. അപ്പോൾ ഹൈന്ദവ വോട്ടുകളിൽ കൂടുതൽ വിള്ളൽ ഉണ്ടാവുകയേ ഉള്ളൂ. ഇടത് വലത് മുന്നണികൾ ഓരോ മണ്ഡലത്തിലും കുറഞ്ഞത് മൂന്ന് സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ചു വയ്ക്കാറുണ്ട്. ബിജെപിയും അതെ ഫോർമുല പിന്തുടർന്ന് മതിയാവൂ എന്ന് നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം. കൊടിയും ചിഹ്നവും കണ്ടു ജനം കൂടെ വരുന്ന കാലം കഴിഞ്ഞു. ജനത്തിനും നാടിനും നല്ലത് ചെയ്യുന്നവർ ആരോ അവരുടെ കൂടെയാണ് ജനം വരിക.

അടിയന്തിരമയി മാറേണ്ട മറ്റ് മൂന്ന് കര്യങ്ങൾ താഴെ പറയം..

  1. ബിജെപിയിൽ പണ്ട് കാലം മുതലേ ഉള്ളവർ പൂർണ്ണ സ്വയം സേവകരാണ്. എന്നാൽ പാർട്ടി വളരും തോറും മറ്റു പല രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചവർക്കുണ്ടായ തിരിച്ചറിവിൽ നിന്നും നമ്മുടെ കൂടെ വന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ ബിജെപിക്ക് കേരള ഭരണചക്രം തിരിക്കാൻ കഴിയൂ.
  2. കേരളത്തിൽ ബിജെപി ഏറ്റവും കൂടുതൽ നേരിടുന്നത് നുണപ്രചാരണമാണ് അതിനെ പ്രതിരോധിക്കാൻ ശക്തമായ ലീഗൽ സെൽ സംവിധാനം ഉണ്ടാവണം. ശങ്കു ടി ദാസ് ന് സംസ്ഥാന ലീഗൽ സെൽ ചുമതല നൽകി മികച്ച ഒരു ടീമിനെ വാർത്തെടുക്കണം. അവർക്ക് മികച്ച പിന്തുണ നൽകാൻ നേതൃത്വം തയ്യാറാവുകയും വേണം.

3.ബിജെപി ബൗദ്ധിക സെൽ കൺവീനർ ടി ജി മോഹൻദാസിന്റെ നേതൃത്വത്തിൽ മേലെ അറ്റം മുതൽ താഴെ തട്ട് വരെയുള്ളവരെ വരെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും അവിടെ എല്ലാ വിഷയത്തിലും നിർദേശങ്ങൾ അല്ലെങ്കിൽ ചർച്ചകൾ ഉണ്ടാകുകയും നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കുകയും വേണം. മണ്ഡല തലം മുതൽ എങ്കിലും മോഹൻദാസിന്റെ നേതൃത്വത്തിൽ പഠന ശിബിരം നടത്തണം.

ബിജെപിക്ക് കേരളത്തിലെ ജനമനസ്സിൽ ഇന്നും നല്ല സ്വാധീനമുണ്ട് എന്നതാണ് ഏറെ പ്രധാനമായി നേതൃത്വം തിരിച്ചറിയേണ്ടത്. ഏതാണ്ട് നാൽപ്പത് ശതമാനത്തിലേറെ മലയാളികൾ ഇന്ന് ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നു. (ബിജെപി പ്രവർത്തകർക്കപ്പുറമുള്ള നിഷ്പക്ഷ ജനതയുടെ കാര്യമാണ്). അതിനു ഒന്നാമത്തെ കാരണക്കാരൻ മോദി എന്ന പ്രധാനമന്ത്രിയും , രണ്ടാമത്തെ കാരണക്കാർ കേന്ദ്ര മന്ത്രിസഭയും മൂന്നാമത്തെ കാരണക്കാർ ഒരു ഔദ്യോഗികമായ നിർദേശമോ ഏകോപനമോ ഇല്ലാഞ്ഞിട്ടും ഓരോ വിഷയത്തിലും തൽസമയം കൃത്യമായി പ്രതികരിക്കുന്ന ബിജെപി അനുകൂല സോഷ്യൽ മീഡിയയും നാലാമത്തെ കാരണക്കാർ കൃത്യമായ ഒരു തുടർച്ച ഇല്ലെങ്കിലും കേരളത്തിലെ എല്ലാ സമരങ്ങളും ഏറ്റെടുക്കുന്ന യുവമോർച്ചയും ആണ്.

കഴിഞ്ഞ ആറു വർഷത്തിൽ മോഡി സർക്കാർ കേരളത്തിന് മാത്രമായി അനുവദിച്ച പദ്ധതികളും ഓരോ വകുപ്പിനും അനുവദിച്ച തുകയും അതിൽ കേരള സർക്കാർ ചിലവഴിച്ചതിന്റെയും പാഴാക്കിക്കളഞ്ഞതിന്റെയും കണക്കുകൾ പോലും കൃത്യമായി സംഘടിപ്പിച്ചു ജനത്തിന് മുന്നിൽ അവതരിപിച്ച ബോധ്യപ്പെടുത്താൻ കഴിയാത്തടത്തോളം കാലം ഒരു അമിത്ഷാക്കും കേരളത്തെ രക്ഷിക്കാൻ കഴിയില്ല. ”കേന്ദ്രം കേരളത്തിന് നൽകുന്നത്” ജനത്തെ ”ആദ്യമറിയിക്കാൻ” ഐ ടി സെൽ ടീമിന് കഴിയണം. അല്ലാതെ നേതാക്കന്മാരുടെ പ്രസ്താവന ഫോട്ടോ ചേർത്ത് എഡിറ്റ് ചെയ്ത പോസ്റ്റുക എന്നതിൽ ഐടി സെല്ലിന്റെ ഉത്തരവാദിത്തം ഒതുക്കരുത്.

പഞ്ചായത്ത് തലം മുതൽ ടാലന്റ് ഹണ്ട് നടത്തിയോ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയോ ചുമതല നൽകുന്ന വിധം സംഘടനയിൽ അഴിച്ചു പണി നടത്തണം. കരുത്തുള്ള പ്രാദേശിക നേതൃത്വം സൃഷ്ടിക്കുന്നതിന് വേണ്ടി നിലവിൽ സംസ്ഥാന ചുമതല വഹിക്കുന്ന നേതാക്കൾക്ക് കേരളത്തിലെ പ്രധാനപ്പെട്ട 90 മണ്ഡലങ്ങളുടെ എങ്കിലും അധ്യക്ഷ ചുമതല നൽകണം . അടുത്ത ഒരു വർഷം അവരുടെ പ്രവർത്തനം നിരീക്ഷിച് മാറ്റങ്ങൾ വേണമെങ്കിൽ വരുത്തണം. മികച്ച പ്രകടനം നടത്തുന്നവർക്ക് അതാത് മണ്ഡലത്തിൽ സ്ഥാനാർഥി ആവാനുള്ള അവസരം നേരത്തെ കൂട്ടി നിശ്ചയിക്കണം. മികച്ച സംസ്ഥാന നേതാക്കളെ തന്നെ ജില്ലാ അധ്യക്ഷന്മാരായി നിശ്ചയിക്കണം. ജേക്കബ് തോമസ് , സെൻകുമാർ , ശശികല ടീച്ചർ , വത്സൻ തില്ലങ്കേരി തുടങ്ങിയവരെ പ്രധാനപ്പെട്ട ചുമതലകളിലേക്ക് കൊണ്ട് വരണം.

സംഘടനാ സെക്രട്ടറിമാരെ നിശ്ചയിക്കുമ്പോൾ ജനങ്ങളോട് നേരിട്ട് കൂടുതൽ ബന്ധമുള്ള അഴിമതി രഹിതരെ നിശ്ചയിക്കണം. ഓരോ പഞ്ചായത്തിലും കുറഞ്ഞത് നാലായി തിരിച്ചു ശമ്പളത്തോടെ മുഴുവൻ സമയ പ്രവർത്തകരെ ചുമതലപ്പെടുത്തി പണി എടുപ്പിക്കണം. തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നതിൽ പകുതി പണം പോലും ഇതിനു ചെലവാകുകയുമില്ല ഗുണം ഉണ്ടാവുകയും ചെയ്യും. ഓരോ വാർഡിലെയും മുഴുവൻ വോട്ടർമാരെയും അവരുടെ കുടുംബത്തെ കുറിച്ചും കൃത്യമായ ഡാറ്റ ബാങ്ക് തയ്യാറാക്കുക എന്നതാവണം ബൂത്ത് തല പ്രവർത്തകരുടെ ആദ്യ ചുമതല.

സാമൂഹ്യ വിദ്യാഭ്യാസ പുരോഗതി ഉള്ളത് ഓർത്തഡോക്സ് യാക്കോബായ, ക്രൈസ്തവ വിഭാഗത്തിൽപെട്ടവർക്കും, ബ്രാഹ്മിൻ , സുന്നി മുസ്ലിം വിഭാഗത്തിനാണ്. കേരളത്തിലെ ഷിയാ മുസ്ലികളുടെ എണ്ണം ആറു ലക്ഷത്തിൽ താഴെ മാത്രമാണ് സുന്നി വിഭാഗമാണ് 95 ശതമാനവും 60 ലക്ഷം ക്രൈസ്തവരിൽ 25 ലക്ഷം പേരും സീറോ മലബാർ സഭയിൽ പെട്ടവരാണ്, അവരിൽ ഭൂരിഭാഗവും കോട്ടയം , ഇടുക്കി, എറണാകുളം , വയനാട് ജില്ലയിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. സീറോ മലങ്കര വിഭാഗത്തിൽ പെട്ട 5 ലക്ഷം ക്രൈസ്തവർ കൊല്ലം , പത്തനംതിട്ട , എറണാകുളം, കോട്ടയം, കോഴിക്കോട് കേന്ദ്രീകരിച്ചിരിക്കുന്നു. 10 ലക്ഷം വരുന്ന ലാറ്റിൻ കാത്തലിക്ക് വിഭാഗം തിരുവനന്തപുരം , കൊല്ലം , എറണാകുളം ( 25 %), കണ്ണൂർ എന്നീ ജില്ലകളിലാണ്.

യാക്കോബായ , ഓർത്തഡോക്സ്, മാർത്തോമാ വിഭാഗവും 5 ലക്ഷം വീതമുണ്ട്. ഇവർ കൊല്ലം , പത്തനംതിട്ട, എറണാകുളം , വയനാട് , കോഴിക്കോട് ജില്ലകളിലാണ് ഉള്ളത്. അതിൽ തന്നെ യാക്കോബായ കൊല്ലം എറണാകുളം ജില്ലകളിൽ കൂടുതലാണ്. ഓർത്തഡോക്സ്ഉം മാർത്തോമായും പത്തനംതിട്ടയിലും കോഴിക്കോടും പ്രധാന വിഭാഗം തന്നെയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ വിവിധ ക്രൈസ്തവ സഭകളുടെ സ്വാധീനം നോക്കി അതാത് മേഖലകളിൽ ക്രൈസ്തവ സ്ഥാനാർത്ഥികളെ ക്രൈസ്തവ സഭകളുടെ അംഗീകാരം ചോദിക്കാതെ മത്സരിപ്പിക്കുകയാണ് ബിജെപി ചെയ്യേണ്ടത്.

എട്ടു ലക്ഷം വരുന്ന ദളിത് ക്രിസ്ത്യൻ , പെന്തക്കോസ്ത്ത് , CSI സഭകളിൽ നിന്ന് ബിജെപി ഒരു തരത്തിലുമുള്ള സഹായവും പ്രതീക്ഷിക്കണ്ട. അവർ കൂടുതലും തിരുവനന്തപുരവും പത്തനംതിട്ടയുമാണ് ഉള്ളത്. കോട്ടയം ആലപ്പുഴയിലും ഓരോ ലക്ഷം വീതമുണ്ട്. ഹിന്ദുക്കളിൽ നായന്മാർക്ക് പ്രാധാന്യമുള്ളത് തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലയിലാണ് , ആകെ കേരളത്തിൽ ഉള്ളത് ഏതാണ്ട് 41 ലക്ഷം. ഈഴവർ എല്ലാ ജില്ലകളിലും ഒരേപോലെ ഒരു ഘടകമാണ് എങ്കിലും നേരിയ മുൻതൂക്കം ഉള്ളത് ആലപ്പുഴയും കോഴിക്കോടും കണ്ണൂരും. ആകെ ഈഴവ ജനസംഖ്യ 73 ലക്ഷം. വിശ്വകർമ്മ വിഭാഗം 13 ലക്ഷം അതിൽ മുൻതൂക്കം ഉള്ളത് കോട്ടയം, കൊല്ലം ജില്ലകളിൽ. ബ്രാഹ്മണർ നാലു ലക്ഷം , നാടാർ ഹിന്ദു 1 .5 ലക്ഷം കൂടുതലും തിരുവനതപുരം ജില്ലയിൽ.എസ്.സി, എസ്.ടി വിഭാഗം ഏതാണ്ട് 33 ലക്ഷം, അതിൽ എസ്.സി പാലക്കാടും വയനാടും, എസ്.ടി കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തരാണ്. മറ്റുള്ള ജാതിവിഭാഗങ്ങൾ എല്ലാം കൂടി 21 ലക്ഷം

കേരളത്തിൽ മുസ്ലിം മതവിഭാഗം കുറവുള്ളതും ഹിന്ദുമതവിഭാഗം രാഷ്ട്രീയ ഭൂരിപക്ഷമായുള്ളതും 18 താലൂക്കുകളിൽ ആണ്
അവ താഴെപ്പറയുന്നു.

തിരുവനന്തപുരം , കരുനാഗപ്പള്ളി , കുന്നത്തൂർ, അടൂർ, കുട്ടനാട്, ചെങ്ങന്നൂർ , മാവേലിക്കര, മീനച്ചിൽ, ചങ്ങനാശേരി , കാഞ്ഞിരപ്പള്ളി, തൊടുപുഴ , പറവൂർ, കൊടുങ്ങല്ലൂർ, തൃശൂർ, മുകുന്ദപുരം , ഒറ്റപ്പാലം , പാലക്കാട്, സുൽത്താൻ ബത്തേരി. അതിൽ തന്നെ മുസ്ലിം മതവിഭാഗം വളരെ കുറവുള്ളത് , ചങ്ങനാശേരി, കുന്നത്തൂർ, ചെങ്ങന്നൂർ, മീനച്ചിൽ, തൊടുപുഴ , കാഞ്ഞിരപ്പള്ളി എന്നിവയാണ്.

ജയസാധ്യത നോക്കി പ്രവർത്തനം ശക്തമാക്കുക

കേരളത്തിൽ 140 സീറ്റിലും കിടന്നു കടിപിടി കൂടാതെ ജയിക്കാൻ സാധ്യത ഉള്ള 91 മണ്ഡലങ്ങൾ കേന്ദ്രീകരിക്കുക ആണ് ബിജെപിയും ചെയ്യേണ്ടത്. 91 സീറ്റിൽ ഇപ്പോഴേ സ്ഥാനാർഥികളെ ചർച്ചകൾ നടത്തി തീരുമാനിച്ചു കൊണ്ട് അവരെ അതാത് ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അനുവദിക്കുക ആണ് കേന്ദ്ര സംസ്ഥാന നേതൃത്വം ചെയ്യേണ്ടത്. അതാത് മണ്ഡലത്തിലെ വിവാഹ, മരണ ചടങ്ങുകൾ തുടങ്ങി പൊതു പ്രശ്നങ്ങളിലും സമരങ്ങളിലും മുൻ നിരയിൽ അവർ ഉണ്ടാവണം.

91 മണ്ഡലങ്ങൾ മേൽ പറയും പോലെ പ്രവർത്തിച്ചാൽ മഞ്ചേശ്വരം, കാസർഗോഡ് , സുൽത്താൻ ബത്തേരി, തലശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ , കുന്ദ മംഗലം, ഷൊർണൂർ , ഒറ്റപ്പാലം, പാലക്കാട് , മലമ്പുഴ, കുന്നംകുളം, ഗുരുവായൂർ, മണലൂർ , വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട , പുതുക്കാട് , ചാലക്കുടി, തൃശൂർ , പരവൂർ , തൃപ്പൂണിത്തുറ, തൊടുപുഴ, ഇടുക്കി , വൈക്കം, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ , റാന്നി, കോന്നി, അടൂർ , ആറന്മുള, കുട്ടനാട് , അരൂർ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കുന്നത്തൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ , നെടുമങ്ങാട് , കഴക്കൂട്ടം, വട്ടിയൂർക്കാവ് , തിരുവനന്തപുരം , നേമം, പാറശാല , കാട്ടാക്കട, കോവളം തുടങ്ങി കുറഞ്ഞത് അൻപത് സീറ്റുകളിൽ ബിജെപി എൻഡിഎക്ക് അൽഭുതം സൃഷ്ടിക്കാൻ കഴിയും.

കേരള ബിജെപി നടത്തേണ്ട തിരുത്തലുകൾ

കേരള ബിജെപിയുടെ സംഘടനാചുമതലയുള്ളവർ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യമെന്നത് ”തെക്കൻ കേരളത്തിലെ ജനതയുടെ” ”ഹൃദയ സ്പന്ദനം” മനസ്സിലാക്കുന്ന നേതാക്കൾ ബിജെപിക്കില്ല എന്നത് ഒരു വലിയ പോരായ്മയാണ് എന്നതാണ്. കേരളത്തിലെ ബിജെപിയിൽ മുഴുവൻ സമയ സജീവ പ്രവർത്തകർ കൂടുതലുള്ളത് വടക്കൻ കേരളത്തിലാവും അത് കൊണ്ട് തന്നെയാവണമല്ലോ കേരള നേതൃത്വത്തിൽ കൂടുതലും വടക്കൻ ജില്ലയിലുള്ളവർ ആയത്. അത് കൊണ്ട് തന്നെ വടക്കൻ കേരളത്തിലെ ജനങ്ങളുടെ തുടിപ്പുകൾ അറിയുന്ന നേതാക്കളും ഉണ്ട്.

എന്നാൽ തൃശ്ശൂരും , പാലക്കാടും , കാസർഗോഡും ഒക്കെ മനസ്സിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ , കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നത് തെക്കൻ കേരളത്തിൽ നിന്ന് തന്നെയാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് ജനത്തിനിടയിൽ സ്വാധീനം ഉറപ്പിക്കാൻ ജനകീയ ഇടപെടലുകൾ നടത്തുന്ന പ്രാദേശിക നേതാക്കൾ അത്യാവശ്യമാണ് . കേരളത്തിൽ ബിജെപിക്ക് അത്തരക്കാർ കുറവാണ് എന്നുള്ളതാണ് ബിജെപിക്ക് കേരളത്തിൽ ”വലിയ വളർച്ച ഉണ്ടാകാത്തതിന് കാരണം.

എന്നാൽ കാലങ്ങളായി ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിന് ഇപ്പോഴും ഒരു ”ഇടതു പക്ഷ ”മനസ് നില നിർത്താൻ കഴിയുന്നത് ഇടതുപക്ഷത്തുള്ള ജനകീയരായ പ്രാദേശിക നേതാക്കൾ കാരണമാണ്. അത് കൊണ്ട് തന്നെ ബി ജെ പിയിൽ ഓരോ ചുമതലയും ഓരോരുത്തർക്കും നൽകുന്ന നേതൃത്വത്തിനും ഏറ്റെടുക്കുന്ന വ്യക്തിക്കും ആ ബോധ്യം ഉണ്ടാകണം .

കൂടുതൽ പോലീസ് കേസുള്ളതോ , ഫണ്ട് തരുന്നതോ , ഫണ്ട് ഉണ്ടാക്കിത്തരുന്നതോ , പെട്ടി ചുമക്കുന്നതോ , പുകഴ്ത്തിപ്പാടുന്നതോ , മറ്റേതെങ്കിലും ധാരണകളോ ആവരുത് ചുമതലകൾ ഏൽപ്പിക്കാനുള്ള മാനദണ്ഡം . ആത്മാർത്ഥതയുള്ള കഴിവും സമയവും ഉള്ളത് മാത്രമാവണം മാനദണ്ഡം.ബിജെപി പ്രവർത്തകരെല്ലാം നിത്യശാഖയിൽ നിന്ന് വന്നവരാവണമെന്നില്ല . കേരളത്തിൽ പ്രത്യേകിച്ചും മറ്റു പല പ്രസ്ഥാനങ്ങളിൽ നിന്നും പാർട്ടിയെ മനസിലാക്കി വന്നവരാകാം. ഇവരെയെല്ലാം ഒരുപോലെ മനസ്സിലാക്കി ഒന്നിച്ച് കൊണ്ടുപോകാനുള്ള ഹൃദയവിശാലത കൈവരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം ചെയ്യേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close