KERALANEWS

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കര്‍ണടക സംഗീതജ്ഞരില്‍ പ്രമുഖയായിരുന്നു പൊന്നമ്മാള്‍. തമിഴ്നാട്ടിലും കര്‍ണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു.

പത്മശ്രീ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ആദ്യ വിദ്യാര്‍ത്ഥിനിയാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തില്‍ പാടിയ ആദ്യ വനിതയെന്ന ബഹുമതിയും പാറശ്ശാല പൊന്നമ്മാള്‍ക്ക് സ്വന്തം.തിരുവനന്തപുരത്തെ വലിയശാലയിലുള്ള തന്റെ വസതിയില്‍ തീര്‍ത്തും സാധാരണക്കാരിയായി ജീവിച്ചു ആ സംഗീത വിദുഷി. 1924-ല്‍ തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 34 കിലോമീറ്റര്‍ അകലെയുള്ള പാറശ്ശാലയില്‍ ഭഗവതി അമ്മാളുടെയും മഹാദേവ അയ്യരുടെയും മകളായാണ് ബി പൊന്നമ്മാള്‍ ജനിക്കുന്നത്.

വളരെ ചെറുപ്പത്തില്‍ത്തന്നെ സംഗീതവും സംസ്‌കൃതവും പഠിച്ച പൊന്നമ്മാള്‍, അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിന്റെ പിറന്നാള്‍ ദിനം നടന്ന സംഗീതമത്സരത്തില്‍ നന്നെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. സെമ്മാങ്കുടി ശ്രീനിവായ അയ്യരടക്കമുള്ള പ്രമുഖര്‍ വിധികര്‍ത്താക്കളായിരുന്ന ആ മത്സരത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ കല്യാണി രാഗത്തിലുള്ള ‘കമലാംബം ഭജരേ’ അടക്കമുള്ള കൃതികള്‍ പാടി ഏവരെയും വിസ്മയിപ്പിച്ചു പൊന്നമ്മാള്‍. മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു.

പിന്നീട്, അന്ന് മ്യൂസിക് അക്കാദമി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാള്‍ സംഗീത കോളേജിലെത്തി മൂന്ന് വര്‍ഷത്തെ ഗായിക കോഴ്‌സില്‍ ചേര്‍ന്നു പൊന്നമ്മാള്‍. പൊതുവേദികളില്‍ സ്ത്രീകള്‍ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന കാലത്ത് സംഗീതവേദികളില്‍ പാട്ടുകൊണ്ട് വിസ്മയം തീര്‍ത്തു അവര്‍. 1942-ല്‍ ഡിസ്റ്റിങ്ഷനോടെയാണ് പാറശ്ശാല പൊന്നമ്മാള്‍ ആ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അക്കാദമിയില്‍ ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍, ശെമ്മാങ്കുടി, കെ ആര്‍ കുമാരസ്വാമി അയ്യര്‍, എം എ കല്യാണകൃഷ്ണ ഭാഗവതര്‍, സി എസ് കൃഷ്ണ അയ്യര്‍, കെ എസ് നാരായണസ്വാമി, എന്‍ വി നാരായണ ഭാഗവതര്‍, വടക്കാഞ്ചേരി മണി ഭാഗവതര്‍, ജി എന്‍ ബാലസുബ്രഹ്‌മണ്യം, മുസിരി സുബ്രഹ്‌മണ്യ അയ്യര്‍ എന്നിവരില്‍ നിന്നെല്ലാം സംഗീതം അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് പൊന്നമ്മാള്‍ക്ക്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close