KERALANEWS

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

ബാലസാഹിത്യ കൃതികളിലൂടെയും മാസികകളിലെ കഥകളിലൂടെയും സുപരിചിതയായ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. ശരിയായ പേര് ലീലാ നമ്പൂതിരിപ്പാട്. 87 വയസ്സായിരുന്നു. സംസ്കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ല്‍ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടര്‍ന്നു കോളേജില്‍ പഠിക്കാന്‍ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ ചേര്‍ന്നില്ല. പതിനഞ്ചാംവയസ്സില്‍ വിവാഹിതയായി.അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍. കേരളം കലാമണ്ഡലത്തിൽ ജോലി ചെയ്തു.

പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നീ ബാലസാഹിത്യകൃതികളും കടമകള്‍, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരളസര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌ക്കാരം, 2010 ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close