പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി കുറ്റം ചുമത്തിയ മുതിര്‍ന്ന അഭിഭാഷകന് പിന്തുണയര്‍പ്പിച്ച് നിരവധി പേര്. ഭൂഷണിന്റെ നിലപാടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ‘ഹം ദേക്കേങ്കെ’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ളവര്‍ പോസ്റ്ററുമായി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളിലെത്തി. സുപ്രീം കോടതിക്ക് പുറത്ത് സാമൂഹിക അകലം പാലിച്ചും പ്രതിഷേധങ്ങള്‍ നടന്നു. മാപ്പു പറയാത്ത ധീരതയ്ക്ക്, സത്യം പറയാന്‍ കാണിച്ച തന്റേടത്തിന് അഭിവാദ്യങ്ങളെന്നാണ് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് കുറിച്ചത്. സവര്‍ക്കറല്ല ഗാന്ധിയാണ് മാതൃക എന്ന കുറിപ്പോടെ വിടി ബല്‍റാം എംഎല്‍എയും പോസ്റ്റ് പങ്കുവച്ചു.
ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രശാന്ത് ഭൂഷണ് നടത്തിയ നിയമ പോരാട്ടങ്ങളുടെ പങ്ക് വളരെ വലുതാണ് എന്നും ഇത് കൂടി പരിഗണിച്ച് വേണം ശിക്ഷ തീരുമാനിക്കാന്‍ എന്നും മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ആവശ്യപ്പെട്ടു. പ്രശാന്ത് ഭൂഷണ് നടത്തിയ നിയമ പോരാട്ടങ്ങളോട് വലിയ മതിപ്പുണ്ടെന്നും ശിക്ഷ തീരുമാനിക്കുമ്പോള്‍ ഇത് പരിഗണിക്കും എന്നും കോടതി പറഞ്ഞു. നല്ല പ്രവര്‍ത്തികള്‍ ഒരാളുടെ തെറ്റിനെ നിര്‍വീര്യമാക്കുന്നില്ല. ആരും ലക്ഷമണ രേഖ കടക്കരുത്. തെറ്റ് ആര്‍ക്കും സംഭവിക്കാം. എന്നല്‍ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറയാന്‍ തയ്യാറാകുനവരോട് മാത്രമേ ദയ കാണിക്കാന്‍ ആകൂ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.