KERALANEWS

നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജിയെ പിന്തുണച്ച് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ ഓഫീസര്‍ ജഡ്ജി ഹണിയ്ക്ക് പിന്തുണയുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ. ജുഡീഷ്യല്‍ ഓഫീസര്‍ക്ക് ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രോസിക്യൂഷന്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്. കോടതി അതിനനുവദിക്കാനും പാടില്ലായിരുന്നു. ഇത് തുടര്‍ന്നാല്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് കൃത്യം നിര്‍വ്വഹിക്കാനാകില്ല. ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇരനല്‍കിയിരിക്കുന്ന കേസ് പ്രോസിക്യൂഷന്‍ പറഞ്ഞുകൊടുപ്പിച്ചതാണെന്നും അവര്‍ പറയുന്നതുപോലെയല്ല കേസ് നടത്തേണ്ടതെന്നും കമാല്‍ പാഷ പറഞ്ഞു.

കോടതിയെ അവിശ്വസിക്കുന്ന ഈ നടപടി ഹൈക്കോടതി കേട്ടുകൊണ്ടിരിക്കുന്നു എന്നത് യഥാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തുന്നു. ദിലീപ് കുറ്റക്കാരനാണെന്നുള്ളതിന് തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ പ്രശ്നമായി ഉയര്‍ത്തുന്നത് തെളിവുണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, എന്തെഴുതി എഴുതിയില്ല എന്നോക്കെയാണ്. കോടതി എഴുതാന്‍ പാടില്ലാത്തത് എഴുതില്ല. ഏതോ സെറ്റില്‍ വെച്ച് ആരോ ആരോടോ
ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് ‘അവളെ ഞാന്‍ കത്തിക്കുമെന്ന്’ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് എഴുതിയില്ലെന്നതാണ് ആക്ഷേപം. ഇരയോട് നേരിട്ട് ‘നിന്നെ ഞാന്‍ കത്തിക്കും’ എന്നു പറഞ്ഞാല്‍ അത് തെളിവാണ്. ആരോ ആരോടോ പറയുന്നത് കേട്ടു എന്നു പറഞ്ഞാല്‍ അത് കേട്ടുകേള്‍വിയാണ്, തെളിവല്ല. അതൊരിക്കലും റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലാത്തുമാണ്.

ഇരയെ വിസ്തരിക്കുമ്പോള്‍ ഇരുപതോളം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു എന്നാണ് മറ്റൊരു ആരോപണം. ഈ കേസില്‍ എത്ര പ്രതികളുണ്ടെന്ന് പരിഗണിക്കണം, എല്ലാവര്‍ക്കും കുറഞ്ഞത് ഒരു അഭിഭാഷകന്‍ വീതമുണ്ടാകും. അവര്‍ക്കെല്ലാവര്‍ക്കും ഇരപറയുന്നതും വിസ്താരവും കേള്‍ക്കേണ്ടതുണ്ട് അതുകൊണ്ടുതന്നെ അവരെ ഇറക്കിവിടാനാവുകയുമില്ല. അപ്പോള്‍ അതില്‍ തെറ്റില്ല എന്നതാണ് വസ്തുത. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയെന്ന ആരോപണം. റിപ്പോര്‍ട്ട് വന്നില്ലെങ്കില്‍ വിളിച്ചുവരുത്താനുള്ള അധികാരം കോടതിയ്ക്കുണ്ട്. വിളിച്ചു ചോദിക്കുകയല്ല സമന്‍സ് അയച്ച് നടപടിയെടുത്തതാണ് എന്റെ ചരിത്രം.

നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് അടുത്ത ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറുമാസമായതാണ്. മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടുമാസവും. ഇത്രയും നാള്‍ മിണ്ടാതിരുന്ന അവര്‍ ഇപ്പോഴാണ് ആരോപണവുമായെത്തുന്നത്. വൈരുദ്ധ്യങ്ങളുള്ള കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കണ്ടാല്‍ അത് ജഡ്ജി ചോദ്യം ചെയ്തെന്നിരിക്കും. അത് കോടതി നടപടിയാണ്. അതിന് ജുഡീഷ്യല്‍ ഒഫീസറെ ആക്ഷേപിക്കുന്ന വിധത്തില്‍ എഴുതികൊടുക്കാനോ അത് പ്രോത്സാഹിപ്പിക്കാനോ പാടില്ല. ആരോപണവിധേയായ ജഡ്ജിയെ മൂന്നിവര്‍ഷം മുന്‍പ് വരെ നേരിട്ട് പരിചയമുണ്ടായിരുന്നതാണ്. അന്തസുള്ള വ്യക്തിയാണ്, കള്ളത്തരം ചെയ്യുന്നയാളുമല്ല. ഇവരുടെ മുന്നിലാണെങ്കില്‍ കേസ് നേരെതന്നെപോകും മറ്റൊരാളാണെങ്കില്‍ കേസ് എന്താകുമെന്നറിയില്ലെന്നും മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close