Breaking NewsKERALANEWSTop News

പ്രശ്നങ്ങളുടെ തുടക്കം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയം വർധിച്ചതോടെ; കുട്ടികളെയും കൊല്ലാനുറച്ചത് മക്കൾ തന്റേതല്ലെന്ന വിശ്വാസത്തിന്റെ പേരിൽ; ഭാര്യയേയും പിഞ്ചുകുഞ്ഞുങ്ങളെയും എഡ്വേർ‌ഡ് കൊലപ്പെടുത്തിയത് വിഷം കുത്തിവെച്ചും; കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ്

കൊല്ലം: ഭാര്യയേയും പിഞ്ചു കുഞ്ഞുങ്ങളെയും എഡ്വേർഡ് കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോ​ഗമെന്ന് പൊലീസ്. സംഭവത്തിൽ മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡിന് (അജിത്-40) എതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. ഇയാളുടെ ഭാര്യ വർഷ (26), മക്കളായ അലൈൻ (രണ്ട്‌), ആരവ് (മൂന്നുമാസം) എന്നിവരെയാണ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പവും മക്കൾ തന്റേതല്ലെന്ന സംശയവുമാണ് യുവാവിനെ ക്രൂരതക്ക് പ്രേരിപ്പിച്ചത്.

മൂന്നു പേരുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകളുണ്ട്. വിഷം കുത്തിവെയ്ക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും വീടിനുള്ളിലെ ശൗചാലയത്തിൽനിന്ന് കണ്ടെത്തി. വിഷക്കുപ്പി കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നുവർഷങ്ങളായി വർഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നതായും പോലീസ് പറയുന്നു.

മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷ എഡ്വേർഡിനൊപ്പം പോകാതെ മുഖത്തലയിലെ വർഷയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നത്. ദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് മൂത്തകുട്ടികളെ കേരളപുരത്തെ വാടവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബുധനാഴ്ച രാവിലെ മുഖത്തലയിലെ വീട്ടിലെത്തി വർഷയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. പിന്നീട് കേരളപുരത്തെ വീട്ടിലെത്തിയശേഷം ഇരുവരും വീണ്ടും വഴക്കിടുകയും കുഞ്ഞുമായി വർഷ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി എഡ്വേർഡിനെതിരേ പരാതി നൽകുകയും ചെയ്തു.

പോലീസ് എഡ്വേർഡിനെ വിളിച്ചുവെങ്കിലും കോവിഡ് രോഗിയാണെന്നും വരാനാവില്ലെന്നും എഡ്വേർഡ് അറിയിച്ചു. പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു നൽകിയതോടെ പോലീസ് വർഷയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ കേരളപുരത്തേക്ക് തിരിച്ചയച്ചു. ഉച്ചയ്ക്കു ശേഷം ഇരുവരും വീണ്ടും വഴക്കു തുടങ്ങി. വർഷ കൈയിൽ കിട്ടിയ വടിയുമായി എഡ്വേർഡിനെ അടിക്കാനെത്തി. ഇത് പിടിച്ചുവാങ്ങി എഡ്വേർഡ് വർഷയെ അടിച്ചു. അടികൊണ്ട് വർഷ ബോധരഹിതയായി. തുടർന്ന് മൂന്നു പേർക്കും വിഷം കുത്തിവയ്ക്കുകയായിരുന്നു.

വഴക്കു നടക്കുമ്പോൾ മൂത്ത കുട്ടി വീടിനുപുറത്തേക്കു പോയി. എഡ്വേർഡ് ശീതളപാനീയത്തിൽ വിഷം ചേർത്ത് മൂത്ത കുട്ടിക്കു കൊടുത്തു. സ്വയം കുടിക്കുകയും ചെയ്തു. മൂത്ത മകൾ വിഷം കലർന്ന ശീതളപാനീയം കുടിക്കാതെ പുറത്തു കളഞ്ഞു. രണ്ടു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികൾ തന്റെതല്ലെന്ന വിശ്വാസമായിരുന്നു എഡ്വേർഡിന്. മൂത്ത കുട്ടിക്ക് എഡ്വേർഡ് വിഷം നൽകിയില്ലെന്നും സംശയമുണ്ട്. വിദേശത്തുള്ള തന്റെ ജേഷ്ഠന് ഫോൺ ചെയ്ത ശേഷം മൂത്ത മകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേർഡ് ആവശ്യപ്പെട്ടതായും പറയുന്നു. മൃതദേഹപരിശോധനയ്ക്കുശേഷം മൂവരുടെയും ശവസംസ്കാരം വ്യാഴാഴ്ച കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close