KERALANEWSTop News

പ്രിയപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനോട് ഒരു അഭ്യർത്ഥന; എന്ത് കൊണ്ടാണ് രജിതക്ക് രണ്ടാം റാങ്ക് ആയിട്ടും ജോലി ലഭിക്കാത്തത് എന്ന് അങ്ങ് അന്വേഷിക്കണം; കഴിവും യോ​ഗ്യതയും പ്രതിഭയുമല്ല, ജോലി ലഭിക്കാൻ മാനദണ്ഡ‍ം എന്ന് പറഞ്ഞ് മനസ്സിലാക്കണം; കേരളത്തിൽ അഭ്യസ്ത വിദ്യരുടെ അവസ്ഥ വിവരിച്ച് അഡ്വ. തൃദീപ് കുമാറിന്റെ കുറിപ്പ്

കൊല്ലം: റാഞ്ചി ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച രഞ്ജിത്ത് ആർ പാണത്തൂർ എന്ന യുവാവിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യോ​ഗ്യത ഉണ്ടായിട്ടും അവസരം നിഷേധിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടയിൽ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളെ സംസ്ഥാനത്തെ ഇടത് സർക്കാർ തഴയുന്നു എന്ന നിലയിൽ പല സ്ഥലങ്ങളിൽ നിന്നും ആരോപണങ്ങൾ തെളിവുകൾ സഹിതം ഉയർത്തിക്കാട്ടുന്നു. ഇപ്പോഴിതാ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ രണ്ടാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത യുവതിയുടെ ജീവിതം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തൃദീപ് കുമാറാണ് തന്റെ നാട്ടുകാരിയായ യുവതിക്ക് യോ​ഗ്യതയും അർഹതയും ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് വെളിപ്പെടുത്തുന്നത്.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ രജിത എന്ന യുവതിയാണ് ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഉയർന്ന ബിരുദങ്ങൾ നേടുകയും പി എസ് സി പട്ടികയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തത്. എന്നാൽ, പല കോളജുകളിലും ​ഗസ്റ്റ് ലക്ച്ചർമാർ രജിതയുടെ സബ്ജക്ട് പഠിപ്പിക്കുമ്പോൾ രണ്ടാം റാങ്കുകാരിയായ ഈ യുവതി വീണ്ടും പി എസ് സി കോച്ചിം​ഗ് സെന്ററുകളിൽ പഠിക്കുകയാണ് എന്ന് തൃദീപ് കുമാർ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്കിൽ അഭിനന്ദിക്കാൻ മാത്രമറിയുന്ന പ്രിയപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനോട് ഒരു അഭ്യർത്ഥന. എന്ത് കൊണ്ടാണ് രജിതക്ക് രണ്ടാം റാങ്ക് ആയിട്ടും ജോലി ലഭിക്കാത്തത് എന്ന് അങ്ങ് അന്വേഷിക്കണം. ഒന്നാം റാങ്ക് കിട്ടിയത് ആർക്കെന്നും അന്വേഷിക്കണം. പറ്റുമെങ്കിൽ രജിതയെ നേരിൽ പോയി കാണണം. കഴിവും യോ​ഗ്യതയും പ്രതിഭയുമല്ല, ജോലി ലഭിക്കാൻ മാനദണ്ഡ‍ം എന്ന് പറഞ്ഞ് മനസ്സിലാക്കണം. എന്താണ് അതിന്റെ മാനദണ്ഡമെന്നും ബോധ്യമാക്കി കൊടുക്കണം- തൃദീപ് കുമാർ കുറിക്കുന്നു.

അഡ്വ. തൃദീപ് കുമാറിന്റെ പോസ്റ്റ് വായിക്കാം..

കാസർഗോഡ് ജില്ലയിലെ രഞ്ജിത്ത് ആർ പാണത്തൂർ എന്ന യുവാവ് റാഞ്ചി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായ ശേഷമാണ് അദ്ദേഹത്തിന് കാലക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിയമനം നിഷേധിച്ച സംഭവം വാർത്തയാകുന്നതും ചർച്ചയാകുന്നതും. ഒരു പക്ഷേ കേരളത്തിൽ കഴിവും യോ​ഗ്യതയും ഒഴിവും ഉണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട വിവരം നിവർന്ന് നിന്ന് തുറന്ന് പറയാൻ എങ്കിലും അവസരം ലഭിച്ചു എന്ന ഭാ​ഗ്യം രഞ്ജിത്തിനുണ്ടായി. മുള നുള്ളിക്കളയാൻ നോക്കിയിട്ടും വൻമരമായ യുവാവിനെ അഭിനന്ദിക്കാനുള്ള ഭാ​ഗ്യം തോമസ് ഐസക്ക് മുതൽ ലോക്കൽ സഖാക്കൾക്ക് വരെയും. എന്നാൽ, അത്തരത്തിൽ മുള നുള്ളപ്പെട്ടിട്ടും നിശബ്ദം ജീവിക്കുന്ന ഒരു പ്രതിഭ എന്റെ നാട്ടിലുമുണ്ട്, കൊല്ലം ജില്ലയിൽ. പി എസ് സി റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കുകാരിയായിട്ടും ജോലി ലഭിക്കാതെ വീണ്ടും പി എസ് സി കോച്ചിം​ഗ് സെന്ററുകളിൽ പഠിക്കേണ്ടി വരുന്ന രജിത.

ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ രണ്ടാം റാങ്കുകാരിയാണ് രജിത എസ്. ബയോകെമിസ്ട്രിയിൽ എം.എസ്.സി, പിച്ച്ഡി, നെറ്റ്, സിഎസ്ഐആർ, വിവിധ ജേർണലുകളിലെ പബ്ലിക്കേഷനുകൾ തുടങ്ങി യോ​ഗ്യതകൾക്ക് ഒരു കുറവുമില്ല. പഠിച്ചത് സു​ഗതകുമാരി ടീച്ചറിന്റെ അഭയയിൽ നിന്ന്. അത്രയും കഷ്ടത നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നും പഠിച്ച് ഉയരങ്ങളിലെത്തിയിട്ടും ജോലി എന്നത് ഇന്നും രജിതക്ക് വെറും സ്വപ്നമാണ്.

കശുവണ്ടി തൊഴിലാളിയുടെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളാണ് രജിത. പ്ലസ്ടുവിന് പരീക്ഷ നടക്കവെയാണ് രജിതയുടെ അച്ഛൻ ക്യാൻസർ ബാധിച്ച് മരിക്കുന്നത്. ആ വിഷമതകൾക്കിടയിലും സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്കും ഡിസ്റ്റിം​ഗ്ഷനും നേടി വിജയം. അച്ഛൻ മരിക്കുമ്പോൾ ഇളയ കുട്ടി പത്താം ക്ലാസിലും. അതോടെ പറക്കമുറ്റാത്ത മൂന്ന്പെൺകുട്ടികളെ പോറ്റേണ്ട ചുമതല നിസ്സഹായായ ആ അമ്മയുടെ ചുമലിലായി. കശുവണ്ടി ഫാക്ടറിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് മിടുക്കരായ പെൺകുട്ടികളെ പഠിപ്പിക്കാനാകില്ലെന്ന് ആ അമ്മക്ക് നല്ല ബോധ്യമുണ്ടായിരുന്നു. നാട്ടിലെ നല്ലവനായ ഒരു മനുഷ്യൻ രജിതയെ സു​ഗതകുമാരി ടീച്ചറിന്റെ അഭയയിൽ എത്തിച്ചു. മൂത്തവൾ പഠനം നിർത്തി ഒരു കടയിൽ സെയിൽസ് ​ഗേളായി. ഇളയവളും പഠനം തുടർന്നു. ആ കുട്ടി ഇന്ന് എംകോം ബിഎഡ്കാരിയാണ്. തൊഴിൽ കിട്ടിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.

പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചാണ് രജിത മേൽ പറഞ്ഞ ബിരുദങ്ങളെല്ലാം കരസ്ഥമാക്കിയത്. പി.എസ്.സി പരീക്ഷയിൽ രണ്ടാം റാങ്കും നേടി. എന്നിട്ടും ജോലിയില്ല. വേക്കൻസി ഇല്ലാഞ്ഞിട്ടല്ല. ഈ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യ കേരള സർവകലാശാലയിൽ ഇതേ തസ്തികയിൽ ജോലിക്ക് കയറി. (പിഎസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടേയല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.) കുളത്തൂർ ​ഗവൺമെന്റ് കോളജിൽ നിലവിൽ ഒരു വേക്കൻസിയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം ആർട്സ് കോളജിലും ബയോകെമിസ്ട്രി പഠിപ്പിക്കുന്നത് ​ഗസ്റ്റ് ഫാക്കൽറ്റിയാണ്.

ഫേസ്ബുക്കിൽ അഭിനന്ദിക്കാൻ മാത്രമമറിയുന്ന പ്രിയപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനോട് ഒരു അഭ്യർത്ഥന. എന്ത് കൊണ്ടാണ് രജിതക്ക് രണ്ടാം റാങ്ക് ആയിട്ടും ജോലി ലഭിക്കാത്തത് എന്ന് അങ്ങ് അന്വേഷിക്കണം. ഒന്നാം റാങ്ക് കിട്ടിയത് ആർക്കെന്നും അന്വേഷിക്കണം. പറ്റുമെങ്കിൽ രജിതയെ നേരിൽ പോയി കാണണം. കഴിവും യോ​ഗ്യതയും പ്രതിഭയുമല്ല, ജോലി ലഭിക്കാൻ മാനദണ്ഡ‍ം എന്ന് പറഞ്ഞ് മനസ്സിലാക്കണം. എന്താണ് അതിന്റെ മാനദണ്ഡമെന്നും ബോധ്യമാക്കി കൊടുക്കണം.

ഇത്തരത്തിൽ കണ്ണീരിന്റെ നനവുള്ള പാഠപുസ്തകങ്ങൾ പഠിച്ച് ജയിച്ചവരുടെ സ്വപ്നങ്ങളെയാണ് നിങ്ങൾ ഇല്ലാതാക്കിയത്. നിങ്ങൾക്ക് പരിചയമുള്ളത് അത്തരം സ്വപ്നകളെയല്ലല്ലോ..

കാസർഗോഡ് ജില്ലയിലെ രഞ്ജിത്ത് ആർ പാണത്തൂർ എന്ന യുവാവ് റാഞ്ചി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ്…

Posted by Adv Thrideep Kumar on Tuesday, April 13, 2021

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close