INSIGHT

പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാകുമ്പോള്‍…നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

രാജ്യത്ത് വീണ്ടും വലിയ ചര്‍ച്ചയ്ക്കും പ്രതിക്ഷേധത്തിനും വഴിവെച്ചിരിക്കുകയാണ് പൗരത്വഭേദഗതി നിയമം രാജ്യത്തെ രണ്ടായി വിഭജിക്കും എന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ രംഗത്തുണ്ട് ..കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഘടകകക്ഷികളും ഇടതുകക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ആര്‍എസ്പി, ടിആര്‍എസ്,എഐഎംഐഎം, സിക്കിം ക്രാന്തികാരി മോര്‍ച്ച തുടങ്ങിയവരും ലോകസഭയിൽ വെച്ചു തന്നെ ബില്ലിനെ എതിര്‍ത്തു.ബില്ലിന്റെ പകര്‍പ്പ് ചീന്തിയെറിഞ്ഞ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി മുസ്ലീങ്ങള്‍ക്ക് രാജ്യമില്ലാതാക്കാനുള്ള രഹസ്യനീക്കമാണ് ഇത് എന്നാരോപിച്ചു. എന്നാല്‍ മറുപടി പ്രസംഗത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം
മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിച്ചതുകൊണ്ടാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടിവന്നത് എന്നായിരുന്നു. രാജ്യത്തൊന്നാകെ ഇതിനെതിരെയുള്ള പ്രതിക്ഷേധം ശക്തമാവുകയാണ്.

എന്താണ് രാജ്യത്ത് ഇത്രയും പ്രതിക്ഷേധങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം .

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍. ഭേദഗതി പ്രകാരം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.ഹിന്ദു- ക്രിസ്ത്യന്‍- സിഖ്- ജൈന- ബുദ്ധ- പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക. ആകെ നാല് വകുപ്പുകള്‍ മാത്രമുള്ള വളരെ ചെറിയ ഒരു ബില്ലാണിത്. എന്നാല്‍, അത് നമ്മുടെ ഭരണഘടനക്കും അതിന്റെ മതനിരപേക്ഷ ഘടനക്കും സ്ഥായിയായ വ്യതിചലനം ഇതിലൂടെ സംഭവിക്കും. ബില്ല് ഇരു സംഭകളിലും പാസ്സായി രാഷ്ട്രപതി ഒപ്പിട്ടാല്‍ രാജ്യത്തെ നിയമമായി മാറുകയും ചെയ്യും.

ഇപ്പോള്‍ ഭേദഗതി വരുത്തിയ 1955ലെ നിയമം എന്തായിരുന്നു..?


ഒരു വ്യക്തി ഇന്ത്യന്‍ പൗരനാവുന്നത് എങ്ങനെയെന്നും അതിന്റെ അനുബന്ധ കാര്യങ്ങളെ കുറിച്ചുള്ളതും ആണ് 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമം പറയുന്നത്..മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്നതാണ് 1955-ലെ പൗരത്വ നിയമം.പുതിയ ബില്ലില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ് – ഒന്ന് , ഇന്ത്യയുടെ അയാള്‍ രാജ്യങ്ങളായ പാകിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ ഹിന്ദു , ബുദ്ധ , ജൈന , പാഴ്സി , സിഖ് , ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ട വ്യക്തികള്‍ക് പൗരത്വം നല്‍കുക, ഇവരില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല. രണ്ട്, സ്വാഭാവികമായി പൗരത്വം ലഭിക്കുന്നതിന്ന് 11 വര്‍ഷം ഇന്ത്യയില്‍ താമാസിക്കണം എന്നത് 6 വര്‍ഷമായി ചുരുക്കുക. ചുരുക്കിപ്പറഞ്ഞാല്‍ , 1955 ലെ നിയമം അനധികൃത കുടിയേറ്റകാരായി കണക്കാക്കിയിരുന്നവരെ 2019 ഭേദഗതി പ്രകാരം ഇന്ത്യന്‍ പൗരന്മാരായി.
ബില്ലിനു പിന്നിലെ രാഷ്ട്രീയം എന്തെന്ന ചോദ്യത്തിന് പൗരത്വഭേദഗതി ബില്‍ എപ്പോഴാണ ആദ്യമായി ഉയര്‍ന്നു വന്നത് എന്നറിയണം.ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക്’ തങ്ങള്‍ അധികാരത്തിലേറിയാല്‍ പൗരത്വം നല്‍കും എന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബി ജെ പി -യുടെ വാഗ്ദാനമാണ്. 2016 ജൂലായ് 19-നാണ് ആദ്യമായി ഒരു ‘പൗരത്വ നിയമ ഭേദഗതി ബില്‍’ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവരുന്നത് പക്ഷെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമമാക്കാന്‍ സാധിച്ചില്ല. മതപരമായ കാരണങ്ങളാല്‍ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബില്‍ അസാധുവായി.

ബില്ലിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാനചോദ്യം അനധികൃതമായി കുടിയേറിയവരില്‍ നിന്ന് മുസ്ലീങ്ങള്‍ മാത്രം എങ്ങനെയാണ് പുറത്തു പോകുന്നത് എങ്ങനെയെന്നാണ്.ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട മൂന്ന് രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളെ തുടര്‍ന്ന് നാടുവിടേണ്ടി വരികയോ നാടുകടത്തപ്പെടുത്തുകയോ വഴി ഇന്ത്യയില്‍ അഭയം തേടിയ ആറ് ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണം എന്നതാണ് ഭേദഗതി എന്നാണ് ഭരണകൂട ഭാഷ്യം.. ഈ ആറ് ന്യൂനപക്ഷങ്ങളില്‍ ഹിന്ദു, സിഖ്, ജൈനമതം, ബുദ്ധമതം, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളായതിനാല്‍ അവിടങ്ങളിലെ ന്യൂനപക്ഷം ഇവരൊക്കെ തന്നെയാകുമല്ലോ. പക്ഷേ പാകിസ്ഥാനില്‍ പല തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്ന ‘അഹ്മദീയ’ മുസ്ലിങ്ങളെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു എന്ന് കാര്യവും ശ്രദ്ധിക്കണം. ഇത്രയും അധികം ആളുകള്‍ ഇന്ത്യയിലേക്ക് പല കാലഘട്ടങ്ങളിലായി കുടിയേറിയതിന്റെ പിന്നില്‍ മതം ഏല്‍പ്പിച്ച മുറിവുകള്‍ മാത്രമായിരുന്നു എങ്കില്‍ അതില്‍ നല്ലൊരു ഭാഗം പേരും മുസ്ലിങ്ങളായത് എങ്ങനെയെന്ന് ചിന്തിക്കേണ്ടതായുണ്ട്. അനധികൃതമായി കുടിയേറുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് വിലക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന് മാറ്റം വരുത്തുന്‌പോള്‍ മുസ്ലിങ്ങളല്ലാത്ത മറ്റെല്ലാവര്‍ക്കും മാത്രമായി പൗരത്വം സാധ്യമാക്കുന്ന ഭേദഗതി കൊണ്ടു വരുന്നതില്‍ എന്ത് ന്യായമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത് എന്നും ചോദിച്ചേ മതിയാകൂ.

ഇതിനെല്ലാം അപ്പുറത്ത് പൗരത്വഭേദഗതി ബില്‍ ഭരണഘടനലംഘനമാകുന്നു എന്ന വാദമാണ് മുന്നിട്ടു നില്‍ക്കുന്നത്. തീരുന്നില്ല ഭരണഘടനയുടെ സമത്വ മൗലിക അവകാശങ്ങളുടെ കീഴില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 14 -ന്റെ നഗ്‌നമായ ലംഘനമാണ് നിയമത്തിൽ നടന്നിരിക്കുന്നത്. ഭരണഘടനയില്‍ പറയുന്നത്, ”ഇന്ത്യന്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ‘ഒരു വ്യക്തിയുടെയും’ നിയമത്തിനു മുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വര്‍ഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാന്‍ രാജ്യത്തിന് കഴിയില്ല എന്നാണ്.ഏറ്റവും പ്രധാനപ്പെട്ട ഈ മൗലികാവകാശം ഭരണഘടനാ ഉറപ്പുതരുമ്പോള്‍ അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ തന്നെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന ഇന്ത്യന്‍ ജനത മറന്നുകൂടാ.ദേശിയ പൗരത്വ രജിസ്റ്റര്‍ 1971 മാര്‍ച്ച് 24 -നു ശേഷം ഇന്ത്യയിലേക്ക് വന്ന രേഖകള്‍ ഇല്ലാത്ത എല്ലാ ആളുകളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞത്. പൗരത്വ ഭേദഗതി നിലവില്‍ വരുകയാണെങ്കില്‍ മുസ്ലിങ്ങള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ പൗരന്മാരാകും.തങ്ങളുടെ ഹിന്ദുത്വവോട്ട് ബാങ്ക് നിലനില്‍ത്താന്‍ വേണ്ടിയുള്ള ബി.ജെ.പി തന്ത്രമായാണ് പൗരത്വഭേദഗതിനിയമം വിമര്‍ശിക്കപ്പെടുന്നത്. രാജ്യത്തുനീളം നിയമത്തിനെതിരെയുള്ള പ്രതിക്ഷേധങ്ങള്‍ കനത്തുകൊണ്ടിരിക്കുകയാണ്.പ്രതിക്ഷേധം വിദ്യാര്‍ത്ഥികളിലൂടെ രാജ്യത്തിന്റെ പലഭാഗത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു.രാജ്യത്ത് പലയിടത്തും നിരോധജ്ഞ പ്രഖ്യാപിച്ചു. പലയിടത്തും ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരൗത്വഭേദഗതി നിയമം ബില്‍ ആയിരിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ വിവിധ തുറസുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ശക്തമായിരുന്നു.പ്രതിക്ഷേധത്തിനിറങ്ങിയ പ്രതിപക്ഷനേതാകള്‍ അടക്കം പലരും പോലീസ് കസ്റ്റഡിയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close