INDIAUncategorized

പൗരത്വഭേദഗതി ബില്ലും പൗരത്വരജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടോ.. ?

ബുധനാഴ്ച്ച രാജ്യസഭയും കടന്ന പൗരത്വ ഭേദഗതി ബില്ലും അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ,രണ്ടും ഒന്നു തന്നെയാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ രാജ്യത്ത് വ്യാപകമാണ്.എന്നാല്‍ ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആദ്യത്തേത് പൗരത്വഭേദഗതി ബില്ല ,്അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന 6 മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നു. എന്നാല്‍ ആസാമില്‍ ഇപ്പോള്‍ നടപ്പാക്കിയതും രാജ്യത്ത് ഒന്നാകെ നടപ്പിലാകും എന്നു പറയുന്നതുമായ പൗരത്വരജിസ്റ്റര്‍് ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമുള്ളതാണെന്നാണ് സര്‍ക്കാറിന്റെ വീശദീകരണം. എന്നാല്‍ പ്രത്യക്ഷത്തില്‍ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും രണ്ടാണെങ്കിലും ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിമര്‍ശകള്‍ ചൂണ്ടികാണിക്കുന്നത്. ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.. എന്താണ് പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള സാമ്യ വെത്യാസങ്ങള്‍ എന്ന് നമ്മുക്കൊന്ന് പരിശോധിക്കാം.എന്താണ് പൗരത്വഭേദഗതി ബില്‍…1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. 1955ലെ പൗരത്വ നിയമത്തില്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വ്യക്തികള്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ 11 വര്‍ഷം രാജ്യത്ത് താമസിച്ചിരിക്കണം. എന്നാല്‍ ഭേദഗതിയിലൂടെ മുസ്ലിം ഇതര അപേക്ഷകര്‍ക്ക് ആ സമയപരിധി ആറ് വര്‍ഷമായി കുറയ്ക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.അതായത് ഇന്ത്യയുടെ അയല്‍ രാജ്യമായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാരെ ഇന്ത്യന്‍ പൗരത്വത്തിന് പൗരത്വ ഭേതഗതി ബില്‍ അര്‍ഹരാക്കുന്നു. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ആവശ്യമായ താമസക്കാലം 11 ല്‍ നിന്നും 6 വര്‍ഷമായി കുറയ്ക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഈ ബില്‍ നേരിടുന്ന പ്രധാന വിമര്‍ശനം മുസ്ലിംങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് യാതൊരു പരിഗണനയും ഇല്ല എന്നതാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവ മുസ്ലിംരാജ്യങ്ങളാണെന്നും അവിടെ വിവേചനം നേരിടുന്നത് ന്യൂനപക്ഷങ്ങളാണെന്നുമാണ് മുസ്ലിം വിഭാഗത്തെ മാറ്റിനിര്‍ത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.എന്നാല്‍ കുടിയേറ്റത്തില്‍ വലിയ ഒരു വിഭാഗവും മുസ്ലീംങ്ങളാണെന്നും കുടിയേറ്റത്തിന്റെ പ്രധാനകാരണം ദാരിദ്രവും മറ്റു മാണെന്നും ബില്ലിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു. ഇതു പോലെതന്നെ രാജ്യത്ത് ആകമാനം പ്രതിക്ഷേധത്തിന് വഴിവെച്ചതായിരുന്നു പൗരത്വരജിസ്റ്ററും.എന്താണ് പൗരത്വ രജിസ്റ്റര്‍ അഥവ എന്‍.ആര്‍.സി എന്ന് നമ്മുക്കൊന്ന് നോക്കാം.നിലവില്‍ അസമിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായത് ഇന്നത്തെ ബംഗ്ലാദേശ് നിന്ന് അനിധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951 ലാണ് ആദ്യമായി അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കപ്പെട്ടത്. 1970 കളില്‍ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം വ്യാപകമായെന്ന് ചൂണ്ടിക്കാട്ടി ആള്‍ അസം സ്റ്റുഡന്റ്ഡ് യൂണിയന്‍ അധ്യക്ഷനായ പ്രഫുല്ല മൊഹന്തയുടെ നേതൃത്വത്തില്‍ അസമില്‍ വ്യാപക പ്രക്ഷോഭം ആരംഭിച്ചു. ഇതോടെ പൗരത്വ രജിസ്റ്റര്‍ വീണ്ടും ശ്രദ്ധയിലേക്ക് വന്നു.ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് 1971 മാര്‍ച്ച് 24 ന് മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചിരുന്നെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ പൗരത്വ സ്ഥിരീകരണത്തിനായി ഹാജരാക്കാനാണ്. ഈ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന 19 ലക്ഷത്തിലധികം അസമില്‍ ഉള്ളത്.പട്ടികയില്‍ ഉള്‍പ്പെടാത്തവരെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് സര്‍ക്കാര്‍് നീക്കം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത, പ്രസിഡന്റിന്റെ മെഡല്‍ വാങ്ങിയ സൈനികന്‍ മുഹമ്മദ് സനാവുള്ളയടക്കമാണ് ഇന്ത്യയില്‍ പൗരന്‍മാരല്ലാതായി മാറിയത് എന്നതാണ് ഈ രജിസ്റ്ററിനെതിരായി ഉയരുന്ന പ്രധാന ആക്ഷേപം. ഈ പ്രക്രിയ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്.1971 എന്ന അടിസ്ഥാന വര്‍ഷം 1951 ആക്കിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. അതോടെ ഒരോ പൗരനും തങ്ങളുടെ മുന്‍തലമുറ 1951 ന് മുമ്പ് ഇവിടെ ജീവിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന് മുന്നില്‍ ഹാജരാക്കേണ്ടി വരും. അല്ലാത്ത പക്ഷം പൗരത്വം നഷ്ടപ്പെട്ട അനധികൃത കുടിയേറ്റക്കാരായി മാറും.പൗരത്വരജിസ്റ്ററും പൗരത്വ നിയമ ഭേദഗതി ബില്ലും തമ്മില്‍ യാതൊരു വിധ ബന്ധവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ രണ്ടും പ്രതികൂലമായി ബാധിക്കുന്നത് രാജ്യത്തെ മുസ്ലീം സമുദായത്തെയാണ്. പൗരത്വം തെളിയിക്കാന്‍ കഴിയാതെ വരുന്ന എല്ലാ മത വിഭാഗത്തിലും പെട്ട ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണ് ഇന്ന് ആസാമിലും ഭാവിയില്‍ രാജ്യത്ത് ഒട്ടാകയും. അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് ആളുകളാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്ന് പുറത്തായത്.എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാത്ത ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വഭേദഗതി ബില്‍ സംരക്ഷണം നല്‍കും. അവര്‍ക്ക് ആറു വര്‍ഷമായി ഇവിടെ താമസിക്കുന്നുണ്ട് എന്ന് തെളിയിച്ചാല്‍ മതിയാവും. എന്നാല്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്കാകട്ടെ തങ്ങള്‍ 68 വര്‍ഷം മുമ്പ് മുതല്‍ ഇവിടെ ജീവിച്ചിരുന്നു എന്നു തെളിയിക്കേണ്ടി വരും. അതാകട്ടെ ഒട്ടും എളുപ്പവുമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close