
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭയും പാസാക്കി. 125 പേര് അനുകൂലിച്ചു. 105 പേര് എതിര്‍ത്തു. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124 അംഗങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു. 99 അംഗങ്ങള്‍ അനുകൂലിച്ചു. സിപിഎം എം.പി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് വിവിധ ഭേദഗതികളും വോട്ടിനിട്ട് തള്ളി. രണ്ടു ദിവസം മുമ്പ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു.
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു. തുടര്‍ന്നാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്.