
കൊല്ലം: ഫയര്മാന് ആശിഷ് ദാസ് ഇനി ഐപിഎസ് ഓഫിസര്‍. കഴിഞ്ഞ ദിവസം വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് കരസ്ഥമാക്കിയാണ് കേരള ഫയര്‍ഫോഴ്സില്‍ ഫയര്‍മാനായി ജോലി ചെയ്യുന്ന ആശിഷ് തന്റെ മോഹം സാക്ഷാത്കരിച്ചത്. കോവിഡ് ഡ്യൂട്ടിക്കിടെയാണ് വിജയ വാര്‍ത്ത ആശിഷിനെ തേടിയെത്തിയത്. എട്ട് വര്‍ഷമായി സംസ്ഥാന അഗ്നിശമന സേനാ വിഭാഗത്തില്‍ ഫയര്‍മാനാണ് ആശിഷ് ദാസ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷിന്റെ സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്. 2012 ല്‍ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി കിട്ടിയെങ്കിലും ആശിഷ് മോഹം കൈവിട്ടില്ല.
അഗ്നിശമന സേനയിലെ തിരക്കുകള്‍ക്കിടയില്‍ അതിനുവേണ്ടി സമയം കണ്ടെത്തി. ആ പരിശ്രമത്തിനാണ് ഇന്ന് മിന്നും തിളക്കമുണ്ടായത്. കൊവിഡിന്റെ അണുനശീകരണ ജോലികള്‍ക്കിടയിലാണ് ആശിഷിനെ തേടി വിജയ വിവരം എത്തിയത് ഫയര്‍ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ ആഹ്ലാദം പങ്കുവെച്ചു. കേരളത്തിലെ കൊവിഡ് പോരാളികള്‍ക്കായി വിജയം സമര്‍പ്പിക്കുന്നുവെന്ന് ആശിഷ് പറഞ്ഞു.ഇത് പറയാന്‍ ആശിഷിന് മറ്റാരു കാരണം കൂടിയുണ്ട്. ഭാര്യ സൂര്യയും കൊവിഡ് പോരാളിയാണ്. വിദേശത്ത് നഴ്സായ സൂര്യ അവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.