ഫാക്ട് ചെക്ക് സംവിധാനം; കേരള സര്‍ക്കാര്‍ ചെലവാക്കിയത് 13ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ ആരംഭിച്ച ഫാക്ട് ചെക്ക് സംവിധാനത്തിനായി കേരള സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കിയത് 13ലക്ഷത്തിലധികം രൂപ. സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ളതും അല്ലാത്തതുമായ വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് ജനങ്ങളെ അറിയിക്കും എന്ന അവകാശവാദത്തോടെയാണ് പിആര്‍സിക്ക് കീഴില്‍ ഫാക്ട് ചെക്ക് സംവിധാനം ജൂണ്‍ 22ന് ആരംഭിച്ചത്.ഫാക്ട് ചെക്ക് സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് 13,34,280 രുപയാണ് ശമ്പളമായി മാത്രം ചെലവിട്ടത്. മൂന്ന് ഉദ്യോഗസ്ഥരെയാണ് ഇതിന് വേണ്ടി നിയമിച്ചത്. രണ്ട് സോഷ്യല്‍ മീഡിയ എഡിറ്റര്‍മാര്‍, ഒരു ഗ്രാഫിക്സ് ഡിസൈനര്‍. വെബ് ആന്റ് ന്യൂ മീഡിയ ഹെഡില്‍ നിന്നാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള പണം അനുവധിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയത്.
വ്യാജ പ്രജാരണങ്ങള് കണ്ടെത്താനും തടയാനും നടപടിയെടുക്കാനും രൂപികരിച്ച ഫാക്ട് ചെക്ക് സംവിധാന പ്രവര്‍ത്തനം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. അച്ചടിവകുപ്പിലെ അഴിമതി സംബന്ധിച്ച പത്രവാര്‍ത്ത വ്യാജമാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു.വ്യാജവാര്‍ത്തകളും പ്രചരണങ്ങളും ഫാക്ട് ചെക്ക് സംവിധാനത്തില്‍ നേരിട്ട് കൈമാറാനാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും വാര്‍ത്തകളിലും ഫാക്ട് ചെക്ക് സംവിധാനം പ്രതികരിക്കാത്തിരുന്നത് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന് വഴി വെച്ചു.മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായാണ് ഫാക്ട് ചെക്ക് സംവിധാനം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെ കണ്ടെത്തി നിശബ്ദരാക്കുകയാണ് ഫാക്ട് ചെക്ക് ചെയുന്നത് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.