ഫീനിക്സ് പക്ഷിയായി ഉമ്മന്‍ചാണ്ടി വരുന്നു, കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍

അരുണ്‍ ലക്ഷ്മണ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവാണ് ഉമ്മന്‍ചാണ്ടി. അമ്പതു വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായി നിലകൊള്ളുന്ന അദ്ദേഹം കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരന്റെ കാലത്ത് പിന്‍നിരയിലും പിന്നീട് എ.കെ. ആന്റണിയുടെ കാലം വന്നപ്പോള്‍ മുന്നിരയിലുമെത്തി. ഒടുവില്‍ അദ്ദേഹത്തെ തേടി മുഖ്യമന്ത്രി പദമെത്തി. കോണ്‍ഗ്രസിന്റെ താഴെ തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവ് എന്ന നേട്ടം തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. എന്നാല്‍ അടുത്തിടെ തൊണ്ടയിലുണ്ടായ അണുബാധമൂലം ഡോക്റ്റര്‍മാര്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ സജീവരാഷ്ട്രീയത്തില്‍ നിന്ന് കുറച്ചുനാള്‍ അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടതായി വന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചുവെന്ന് ചിലര്‍ വിധിയെഴുതി. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയും സജീവ രാഷ്ട്രീയത്തില്‍ മടങ്ങിയെത്തുകയും ചെയ്തു. പാര്‍ട്ടി പരിപാടികളില്‍ സജീവമായ അദ്ദേഹം കൊവിഡ് കാലത്ത് പ്രതിപക്ഷ നേതാവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
കൊവിഡ് കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും വിദേശത്തുള്ള മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്താന്‍ സൈബര്‍ ലോകത്ത് സജീവമാകുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഇടപെടല്‍ പാര്‍ട്ടിയില്‍ വലിയ ഉണര്‍വാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ചും അടിത്തട്ടിലും ഇടത്തരം നേതാക്കളിലും. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും കോണ്‍ഗ്രസിന്റെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാന്‍ ഉതകുമെന്ന വിശ്വാസം അവരിലുണ്ടാക്കി. ഇതോടെ ഈ വര്‍ഷം ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള നേതാവായി പാര്‍ട്ടിയിലെ ഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെയാണ് കാണുന്നത്. ഇതിന്റെ ഭാഗമെന്നോണം ഒരു വിഭാഗം ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നിരിക്കുകയാണ്. നേരത്തേ ഐ ഗ്രൂപ്പിന്റെ വിശ്വസ്തനും പതാകവാഹകനുമായിരുന്ന എഐസിസി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ പോലും ഇപ്പോള്‍ മറുകണ്ടം ചാടിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ വിവാദത്തില്‍ നിന്ന് അദ്ദേഹം മുക്തനായെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രി ആയാല്‍ മതിയെന്നാണ് ഇപ്പോള്‍ ഭൂരിപക്ഷത്തിന്റെയും ആവശ്യം. യുഡിഎഫിലെ മുഖ്യ ഘടകകക്ഷികലായ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവരും ഉമ്മന്‍ചാണ്ടിയേയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. ഇതോടൊപ്പം എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവരുമായി എന്നിവരുമായുള്ള ഉമ്മന്‍ചാണ്ടിയുടെ അടുപ്പവും യുഡിഎഫിന് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ഇരു മതസംഘടനകള്‍ക്കും പ്രിയം ഉമ്മന്‍ചാണ്ടിയോട് തന്നെ. അടുത്ത തെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യമായി എംഎല്‍എ സ്ഥാനം ലഭിച്ചാല്‍ ഘടകകക്ഷികളും സമുദായ നേതാക്കളും ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുമെന്നതിനാല്‍ മുഖ്യമന്ത്രി പദം അദ്ദേഹത്തിന് സ്വന്തമാകുമെന്നാണ് എ ഗ്രൂപ്പിന്റെ വിശ്വാസം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ നിലപാട് സ്വീകരിച്ചില്ലെങ്കിലും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന നിലപാട് ഈ നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നാണ് പാര്‍ട്ടി നിരീക്ഷകരുടെയും വിലയിരുത്തല്‍. രമേശ് ചെന്നിത്തലയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്ള അതൃപ്തിയും ഒരു പരിധിവരെ ഉമ്മന്‍ചാണ്ടിക്ക് ഗുണകരമാകും. ഇതോടെ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടാകും മുല്ലപ്പള്ളിയും സ്വീകരിക്കുക.