
ന്യൂഡല്‍ഹി: കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ ഫെലൂഡ ടെസ്റ്റ് നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍. സാംപിള്‍ എടുക്കുന്നതും കൈമാറ്റം ചെയ്യുന്നതുമെല്ലാം പിപിഇ കിറ്റ് ധരിച്ചായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ബയോസേഫ്റ്റി ഉറപ്പുവരുത്തി മാത്രമേ ടെസ്റ്റ് നടത്താവൂ എന്നും ആര്‍ടിപിസിആര്‍ പരിശോധനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ള ലാബുകളില്‍ സിആര്‍ഐഎസ്പിആര്‍ ടെസ്റ്റും നടത്താം. ഇതിനായി പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല. ആര്‍ടിപിസിആര്‍, സിആര്‍ഐഎസ്പിആര്‍, ടിആര്യൂഇഎന്എടി, സിബിഎന്‍എഎടി പരിശോധനകള്‍ക്കുള്ള ഏതു കുറിപ്പടിയും തുല്യമായി പരിഗണിക്കാമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.തദ്ദേശീയമായി വികസിപ്പിച്ച സിആര്‍ഐഎസ്പിആര്‍ (ക്ലസ്റ്റേര്‍ഡ് റെഗുലേറ്ററി ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രോമിക് റിപ്പീറ്റ്സ് ) എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ടെസ്റ്റ് ആണ് ഫെലൂഡ. രോഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ജീനോം എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് സിആര്‍ഐഎസ്പിആര്‍. ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടി-പിസിആര്‍ പരിശോധനയുടെ കൃത്യത നല്‍കുന്നതാണ് സിആര്‍ഐഎസ്പിആര്‍ പരിശോധന.