SPORTS

ഫൈനലിലേക്ക്‌ നോട്ടമിട്ട്‌ മുംബൈയും ഡൽഹിയും,ഒന്നാം ക്വാളിഫയറിൽ ഇന്ന്

ദുബായ്‌:ഐപിഎൽ ക്രിക്കറ്റ്‌ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30ന്‌ ദുബായ്‌ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ്‌ ഫൈനലിലേക്കുള്ള പോരാട്ടം. ജയിക്കുന്ന ടീം നേരിട്ട്‌ കലാശപ്പോരിലേക്ക്‌ ടിക്കറ്റെടുക്കും. തോറ്റവർ എലിമിനേറ്റർ ജയിച്ചുവരുന്നവരെ രണ്ടാം ക്വാളിഫയറിൽ നേരിടും.

നാളെ സൺറൈസേഴ്‌സ്‌ ഹൈദരാബാദും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ്‌ എലിമിനേറ്റർ. ഐപിഎലിലെ എക്കാലത്തെയും മികച്ച സംഘമാണ്‌ രോഹിത്‌ ശർമയുടെ മുംബൈ. അഞ്ചാംകിരീടമാണ്‌ ലക്ഷ്യം. ഇത്തവണ പ്രാഥമികഘട്ടത്തിൽ ഒന്നാമൻമാരായാണ്‌ ക്വാളിഫയറിന്‌ എത്തുന്നത്‌. കളിച്ച 14ൽ ഒമ്പതും ജയിച്ചു. എല്ലാ മേഖലയിലും മികച്ച താരങ്ങൾ. ക്യാപ്‌റ്റൻ രോഹിത്‌ കളിക്കുമെന്നാണ്‌ സൂചനകൾ. ബാറ്റിങ്ങിൽ ഇഷാൻ കിഷൻ, ക്വിന്റൺ ഡി കോക്ക്‌, സൂര്യകുമാർ യാദവ്‌ എന്നിവരും ജസ്‌പ്രീത്‌ ബുമ്ര, ട്രെന്റ്‌ ബോൾട്ട്‌, രാഹുൽ ചഹാർ എന്നിവർ പന്തുകൊണ്ടും എതിരാളികളെ വിറപ്പിക്കും.

പാണ്ഡ്യ സഹോദരൻമാരും കീറൊൺ പൊള്ളാർഡും ചേരുമ്പോൾ ബലം കൂടും. അവസാന കളിയിൽ ഹൈദരാബാദിനോട്‌ പത്ത്‌ വിക്കറ്റിന്‌ തോറ്റത്‌ മുംബൈയെ ക്ഷീണിപ്പിക്കും. കന്നിക്കിരീടമാണ്‌ ശ്രേയസ്‌ അയ്യരുടെ ഡൽഹി ക്യാപിറ്റൽസ്‌ നോട്ടമിടുന്നത്‌. യുവരക്തമാണ്‌ ടീമിന്റെ കരുത്ത്‌. 14ൽ എട്ടിലും ജയിച്ച്‌ രണ്ടാമൻമാരായാണ്‌ എത്തുന്നത്‌. പൃഥ്വി ഷാ, ശിഖർ ധവാൻ, ഋഷഭ്‌ പന്ത്‌, ശ്രേയസ്‌, അജിൻക്യ രഹാനെ എന്നീ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരിലാണ്‌ ഡൽഹിയുടെ ബലം. കഗീസോ റബാദയും ആൻറിച്ച്‌ നോർത്യെയും ചേരുന്ന പേസ്‌ നിര. ഒപ്പം ആർ അശ്വിനും എത്തും. മാർകസ്‌ സ്‌റ്റോയിനിസാണ്‌ പ്രധാന ഓൾറൗണ്ടർ.
ഞായറാഴ്‌ചയാണ്‌ രണ്ടാം ക്വാളിഫയർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close