
തിരുവനന്തപുരം : ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയതെന്ന് വോഡഫോണ്‍-ഐഡിയ ( വി) കമ്പനി ആരോപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ തടസ്സത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വി കേരള – തമിഴ്നാട് ബിസിനസ് ഹെഡ് എസ് മുരളിയുടെ പേരില്‍ ഇന്നത്തെ ദിനപ്പത്രങ്ങളില്‍ വന്ന പരസ്യത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.’ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്തിയത് ഞങ്ങളുടെ കണക്ടിവിറ്റിയെ ബാധിക്കുകയും, അതുകാരണം കേരളത്തിലെ ചില ഭാഗങ്ങളില്‍ ഞങ്ങളുടെ സേവനത്തിന് തടസ്സം നേരിടുകയും ചെയ്തു.താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുകയും താങ്കളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത തകരാറുകള്‍ ഞങ്ങള്‍ പരിഹരിച്ചുകഴിഞ്ഞു. ഞങ്ങളുടെ സേവനങ്ങള്‍ തടസ്സമില്ലാതെ താങ്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്ന് ഞങ്ങള്‍ പരിപൂര്‍ണമായി വിശ്വസിക്കുന്നു’. എന്ന് പരസ്യത്തില്‍ വോഡഫോണ്‍-ഐഡിയ ബിസിനസ് ഹെഡ് പറയുന്നു.ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെയാണ് വോഡഫോണ്‍- ഐഡിയ (വി) നെറ്റ് വര്‍ക്ക് തകരാര്‍ രൂക്ഷമായത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്നം നേരിട്ടതായാണ് വിവരം. നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.