SPORTS

ഫ്രഞ്ച് ഓപ്പൺ: സെമിയിൽ സൂപ്പർതാരങ്ങൾ നദാലും ജോക്കോവിച്ചും ഇന്ന് നേർക്കുനേർ; വനിതാ ഫൈനലിൽ ഏറ്റുമുട്ടാൻ പവ്ല്യുചെങ്കോവയും ക്രസികോവയും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമി ഫൈനലില്‍ റാഫേൽ നദാൽ നൊവാക് ജോക്കോവിച്ച്‌ ക്ലാസിക് പോരാട്ടം. രാത്രി ഒന്‍പത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

നാല് സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്സ്മാനെ തോല്‍പിച്ച്‌ നദാല്‍ സെമി ടിക്കറ്റ് നേടിയത്. പത്താം സീഡായ ഡിയഗോ ഒരു സെറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഫ്രഞ്ച് ഓപ്പണില്‍ നദാലിന് ഒരു സെറ്റ് നഷ്ടമാകുന്നത് രണ്ടു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ്. സ്കോര്‍ 6-3, 4-6, 6-4, 6-0.

ജോക്കോവിച്ച് ഒന്‍പതാം സീഡായ ഇറ്റലിയുടെ മത്തേയോ ബെറാട്ടിനിയെ കടുത്ത മത്സരത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകള്‍ അനായാസം സ്വന്തമാക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞു. എന്നാല്‍ മൂന്നാം സെറ്റ് ഇറ്റാലിയന്‍ താരം നേടി. നാലാം സെറ്റിലും സമാന പോരാട്ടം നടത്തിയെങ്കിലും ജയം ജോക്കോവിച്ചിനൊപ്പം നിന്നു.

ഏട്ട് തവണ കലാശപ്പോരാട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും കിരീടം നേടാന്‍ നദാലിനായി. ഗ്രാൻസ്ലാമിൽ ഇരുവരും ഏറ്റുമുട്ടിയത് 16 തവണ. 10 തവണ നദാലും ആറ് തവണ ജോക്കോവിച്ചും വിജയിയായി.

വനിതകളുടെ സെമി മത്സരങ്ങൾ കഴിഞ്ഞപ്പോൾ വനിത വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടം റഷ്യൻ താരം അനസ്താനിയാ പവ്ല്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും തമ്മിൽ. ഇരുവരുടെയും കന്നി ഫൈനൽ മത്സരമാണ്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പവ്ല്യുചെങ്കോവയുടെ ജയം. സ്‌കോർ 7-5, 6-3. മരിയ ഷറപ്പോവയ്ക്ക് ശേഷം ആറു വർഷങ്ങൾക്കിപ്പുറം ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന റഷ്യൻ താരം കൂടിയാണ് പവ്ല്യുചെങ്കോവ. 2007 മുതൽ ഗ്രാൻസ്ലാം മത്സരങ്ങൾ കളിക്കാൻ തുടങ്ങിയ താരം തന്റെ 52 ആം മത്സരത്തിലാണ് ഒരു ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്നത്. മറ്റൊരു സെമിയിൽ ഗ്രീസ് താരം മരിയ സക്കറിയെ പരാജയപ്പെടുത്തിയാണ് ക്രസികോവ ഫൈനലിൽ കടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close