ബംഗളുരു: കോവിഡ് ബാധിച്ചു മരിച്ച എട്ടുപേരുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കുഴികളിലേക്ക് വലിച്ചെറിയുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ഈ അനാദരംവ്യക്തമായത്. കര്‍ണ്ണാടകയിലെ ബല്ലാരി ജില്ലയില്‍ നിന്നുള്ള വീഡിയോയാണ് ചൊവ്വാഴ്ച പുറത്തു വന്നത്.
മൃതദേഹങ്ങള്‍ ശരിയായിത്തന്നെയാണ് പൊതിഞ്ഞിരിക്കുന്നതെന്നും കുഴിയിലേക്ക് വലിച്ചെറിഞ്ഞ് അനാദരവ് കാണിച്ചതിനെക്കുറിച്ച് അന്വഷിക്കുന്നുണ്ടെന്നും ബെല്ലാരി ഡെപ്യൂട്ടി കമ്മീഷണര്‍, കളക്ടര്‍ എസ് എസ് നകുല്‍ പറഞ്ഞു. മൃതദേഹം മാന്യതയോടെ കൈകാര്യം ചെയ്യേണ്ടതിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട സംഘത്തിലുള്ള എല്ലാവരെയും പിരിച്ചുവിടുകയും പരിശീലനം നേടിയ ഒരു സംഘത്തെ ഇതിനായി നിയോഗിക്കുകയും ചെയ്യും. മരിച്ചവരുടെ കുടുംബങ്ങളോട് ഭരണകൂടം ക്ഷമാപണം നടത്തിയിട്ടുണ്ട്.
മനുഷ്യത്വരഹിതവും വേദനാജനകവുമായ പ്രവൃത്തി എന്നാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പ്രതികരിച്ചത്. ‘ സൂക്ഷിക്കുക നാളെ ആകസ്മികമായി നിങ്ങളോ നിങ്ങളുടെ കുടുംബത്തിലുള്ളവരോ കോവിഡ് കാരണം മരിച്ചാല്‍ സര്‍ക്കാര്‍ ആ ശരീരവും ഇങ്ങനെ പലരോടൊപ്പം ഒരു കുഴിയിലേക്കാവും വലിച്ചെറിയുക എന്ന് പ്രതിപക്ഷം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ ഇതിനെയാവും ആസൂത്രിതമായ കോവിഡ് മാനേജ്‌മെന്റെന്ന് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പറയുന്നതെന്നും ‘ ട്വീറ്റില്‍ പറയുന്നു.
മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് ആന്ധ്രയില്‍ 72 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ വിവാദമായിരിക്കുന്നത്.
പുതുച്ചേരിയില്‍ പിപിഇ കിറ്റ് ധരിച്ച നാലുപേര്‍ മൃതദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനുമതിയോടെ വലിച്ചെറിയുന്ന മറ്റൊരു വീഡിയോയും ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ പുറത്തു വന്നിരുന്നു.
കോവിഡ് -19 ഇരകളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് ആദ്യം തന്നെ കേന്ദ്രം പുറത്തിറക്കിയിരുന്നു. അത് പ്രകാരം മൃതദേഹം ലീക്ക് പ്രൂഫ് പ്ലാസ്റ്റിക് ബോഡി ബാഗില്‍ പൊതിഞ്ഞ് ബാഗിന്റെ പുറം ഒരു ശതമാനം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച്
അണുവിമുക്തമാക്കണം. അതിനു ശേഷമാണ് സംസ്‌കരിക്കേണ്ടത്.
വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പലപ്പോഴും അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണാനുള്ള അനുവാദം ലഭിക്കാറില്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസൃതമായി അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കഴിയാറില്ല. കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍, അവരുടെ വേദന വര്‍ദ്ധിപ്പിക്കുന്നവയാണ്.
ഇതുവരെ ഇന്ത്യയില്‍ 17,000 ത്തോളം ആളുകള്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2.15 ലക്ഷത്തിലധികം പേരാണ് ഇപ്പോഴും ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ബംഗളുരുവില്‍ കോവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരം, ഒരു കുഴിയില്‍ അടക്കിയത് എട്ട് മൃതദേഹങ്ങള്‍
