INDIANEWS

ബംഗാളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയമില്ലന്ന് പോലീസ് കണ്ടെത്തല്‍; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബംഗാളില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയമില്ലന്ന് പോലീസ് കണ്ടെത്തല്‍ കേസില്‍ കെട്ടിടനിര്‍മാണ തൊഴിലാളികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിന് രാഷ്ട്രീയ, സാമുദായിക മാനമില്ലെന്നും ഖരഗ്പുര്‍ അഡീഷണല്‍ എസ്.പി. റാണാ മുഖര്‍ജിയും പെണ്‍കുട്ടിയുടെ പിതാവും വ്യക്തിമായിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരില്‍ വെസ്റ്റ് മിഡ്‌നാപൂരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം.

അതേസമയം, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരം സത്യമാണെന്നും എന്നാല്‍ സംഭവത്തിന് രാഷ്ട്രീയ, സാമുദായിക ബന്ധമില്ലെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെ വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയുമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. നാനൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ബൂത്ത് ഏജന്റുമാരായ രണ്ട് സ്ത്രീകളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തതായും ബി.ജെ.പി. ആരോപിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നാണ് പോലീസിന്റെ വിശദീകരണം.

അറസ്റ്റിലായ മൂന്ന് പേരില്‍ ഒരാള്‍ സ്ത്രീയാണ്. പ്രതികളും ഇരയും ഒരേ സമുദായത്തില്‍പ്പെട്ടവരുമാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ:-”ഉച്ചഭക്ഷണത്തിന് ശേഷം പാത്രങ്ങള്‍ കഴുകാന്‍ പോയ അവളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് എല്ലായിടത്തും ഞങ്ങള്‍ തിരച്ചില്‍ നടത്തി. അവസാനം നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍നിന്നാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള തൊഴിലാളികളാണ് അവിടെ ജോലിചെയ്തിരുന്നത്. അവര്‍ക്കെതിരേ പോലീസില്‍ പരാതിയും നല്‍കി”.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബെല്‍ഡ സ്വദേശി ബി.മുര്‍മു, ജാര്‍ഖണ്ഡ് സ്വദേശി ഛോട്ടുമുണ്ട, സബാങ് സ്വദേശി താപ്തി പത്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റംസമ്മതിച്ചതായും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡി.എന്‍.എ. റിപ്പോര്‍ട്ടില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഡീ. എസ്.പി. റാണാ മുഖര്‍ജി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close