ബലാത്സംഗത്തിനിരയായതായി തന്നെയാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ പെണ്‍കുട്ടി മരിച്ചത് , വീഡിയോ പുറത്ത്

യുപി: ബലാത്സംഗത്തിനിരയായതായി തന്നെയാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ പെണ്‍കുട്ടി മരിച്ചത് എന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. മരിച്ച ദളിത് പെണ്‍കുട്ടി പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേര് ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത്. അമ്മ വരുന്നത് കണ്ടതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു. പ്രതികള്‍ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ടെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസില്‍ അറസ്റ്റിലായ രവി എന്നയാളുടെ പേരുവിവരങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പുറത്തുവന്ന വീഡിയോ ദൃശ്യം പെണ്‍കുട്ടി മരിക്കുന്ന സമയത്തുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. മൊഴി രേഖപ്പെടുത്തുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാകാം ഇതെന്നാണ് ജെഎന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച സര്‍ക്കിള്‍ ഓഫീസര്‍ ബ്രഹ്മ സിംഗ് പുറത്തുവന്ന വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് വ്യക്തമാക്കുമ്പോഴാണ് വീഡിയോ പുറത്തുവന്നത്. ബലാത്സംഗം തെളിയിക്കുന്ന രീതിയില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. ആന്തരികാവയവം പരിശോധിച്ചപ്പോള്‍ ബീജം കണ്ടെത്താനായിട്ടില്ല. അതിനാല്‍ ബലാത്സംഗം നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
സ്ഥലത്ത് ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമിച്ചുവെന്നാണ് ഉത്തര്‍പ്രദേശ് എഡിജിപി പറയുന്നത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം, കഴുത്തിനേറ്റ പരിക്ക് മൂലമാണ് ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതെന്ന് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കുകളുണ്ട്, എന്നാലിത് ബലാത്സംഗത്തിനിടെ ഉണ്ടായതാണോയെന്ന് വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.