KERALAUncategorized

ബസിലുണ്ടായിരുന്ന 48 പേരില്‍ 42 പേരും മലയാളികള്‍, മരിച്ചവരെല്ലാം മലയാളികള്‍; 12 പേരെ തിരിച്ചറിഞ്ഞു

തിരുപ്പൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ബസും കൂട്ടിയിടിച്ച് മരിച്ച 20 പേരും മലയാളികള്‍. ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. ബസില്‍ 48 പേരാണ് ഉണ്ടായിരുന്നതെന്ന് തിരുപ്പൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇവരില്‍ 42 പേരും മലയാളികളാണ്. 25 പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ വലതുഭാഗത്ത് ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഏതാനും പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മരിച്ചവരില്‍ 13 പേരുടെ വിലാസങ്ങള്‍ ലഭ്യമായി. പാലക്കാട്, തൃശൂര്‍, എറണാകുളം, ഒറ്റപ്പാലം സ്വദേശികളാണ് ഇവര്‍. 19 മൃതദേഹങ്ങള്‍ അവിനാശി, തിരൂപ്പുര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചതായി കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയാണ് കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ എറണാകുളം രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ ലോറി മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലൂടെ എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ആര്‍.എസ് 784 ബസില്‍ ഇടിച്ചുകയറിയത്. രണ്ടു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടെക്ടറും മരിച്ചു. അഞ്ചു സ്ത്രീകളും മരിച്ചിട്ടുണ്ട്.
തൃശൂര്‍ സ്വദേശികളായ ഐശ്വര്യ (28), ഇഗ്നി റഫേല്‍ (39)കിരണ്‍ കുമാര്‍ (34), ഹനീഷ് (25), നിബില്‍ ബേബി, റഹീം, പാളയം സ്വദേശി ശിവകുമാര്‍ (35), പാലക്കാട് രാജേഷ്, സ്വദേശി റോസിലി, ജിസ്‌മോന്‍ ഷാജു, കണ്ടക്ടര്‍ പിറവം സ്വദേശി ബൈജു, ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി വി.ഡി ഗിരീഷ് എന്നിവരെ തിരിച്ചറിഞ്ഞു. ബസില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ രേഖകള്‍ പ്രകാരമാണിത്. എറണാകുളത്ത് ഇറങ്ങേണ്ട 25 പേരും പാലക്കാട് നാല്, തൃശൂര്‍ 19 പേരുമാണ് ബസിലുണ്ടായിരുന്നത്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കണം. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. തമിഴ്‌നാട് സര്‍ക്കാരും തിരുപ്പൂര്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സാധ്യമായ രീതിയിലെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തണം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും തിരുപ്പൂരിലെത്തും.
കെ.എസ്.ആര്‍.ടി.സി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്കും ചെയര്‍മാനും ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ കേരള: 9495099910, തിരുപ്പൂര്‍: 7708331194. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ് ഇന്നു പുലര്‍ച്ചെ സംഭവിച്ചത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close