INSIGHTNEWSTop News

ബാനർ പിടിക്കാനും വനിതാ മതിൽ പണിയാനും സ്ത്രീകൾ വേണം; രണ്ട് പേരെ രാജ്യസഭയിലേക്ക് വിടാൻ നേരം സ്ത്രീ സമത്വം മറന്ന് സിപിഎം; മൊട്ടയടിച്ച് പ്രതിഷേധിക്കാൻ പോലും കഴിയാതെ വനിതാ സഖാക്കൾ

അനു അന്ന ജേക്കബ്

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് സിപിഎം സ്ഥാനാർത്ഥി നിർണയം കഴിയുമ്പോൾ വ്യക്തമാകുന്നത് പാർട്ടിയുടെ സ്ത്രീ വിരുദ്ധത തന്നെ. ഉറപ്പായും ജയിക്കുന്ന രണ്ട് സീറ്റുകളിലേക്ക് സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ പേരിന് പോലും ഒരു വനിത ഇടംപിടിച്ചില്ല. ഇതോടെ രാജ്യത്തെ പാർലമെന്റിൽ സിപിഎമ്മിന് വേണ്ടി ശബ്ദമുയർത്താൻ വനിതകൾ ഇല്ലാത്ത സാഹചര്യമാണ്. സ്ത്രീ സമത്വം പറയുകയും വനിതാ മതിൽ പണിയുകയും ചെയ്ത സിപിഎമ്മിന് ഇക്കുറി രാജ്യസഭയിൽ രണ്ട് പേരെ എത്തിക്കാൻ കഴിയുമായിരുന്നിട്ടും അതിൽ ഒരാൾ പോലും വനിതയായില്ല എന്നതാണ് കേരളം ചർച്ച ചെയ്യാതെ പോകുന്ന വസ്തുത.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം ഉയർത്തിക്കാട്ടിയത് തങ്ങൾ വനിതകൾക്ക് നൽകുന്ന പ്രാതിനിധ്യമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ നിയമം മൂലം വനിതകൾക്ക് ഉറപ്പാക്കിയിരുന്നു. ചില ജനറൽ സീറ്റുകളിൽ വിജയ സാധ്യത പരി​ഗണിച്ച് വനിതകളെ രം​ഗത്തിറക്കിയത് ചൂണ്ടിക്കാട്ടി ആയിരുന്നു സിപിഎം സ്ത്രീ സമത്വത്തിന്റെ വക്താക്കളായി സ്വയം കുപ്പായമണിഞ്ഞത്.

തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 12 വനിതകളാണ് ഇടം പിടിച്ചത്. ഇവരിൽ നാല് പേർ ഒഴികെയുള്ളവർ പുതുമുഖങ്ങളാണ് എന്നതും സിപിഎം വലിയ സംഭവമായി പ്രചരിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ, ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, ആറന്മുള എംഎൽഎ വീണാ ജോർജ്, കായം കുളം എംഎൽഎ യു പ്രതിഭ എന്നിവരെ കൂടാതെ എട്ട് പുതുമുഖങ്ങൾക്കാണ് സിപിഎം അവസരം നൽകിയത്. ഇക്കുറി സിപിഎം ഉയർത്തിക്കാട്ടിയത് മറ്റൊരു കണക്കായിരുന്നു. തങ്ങളുടെ എതിരാളികളായ യുഡിഎഫിനെക്കാൾ കൂടുതൽ സീറ്റുകളിൽ തങ്ങൾ വനിതകളെ മത്സരിപ്പിക്കുന്നു എന്നതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണം.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെര‍ഞ്ഞെടുപ്പിലും വനിതകൾക്ക് സീറ്റ് നൽകിയത് ജയസാധ്യത മാത്രം പരി​ഗണിച്ചാണെന്നും സ്ത്രീ സമത്വം ഉയർത്തിക്കാട്ടാനല്ലെന്നും വ്യക്തമാകുന്നതാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. കേരളത്തിൽ നിന്നും മൂന്ന് പേരെയാണ് ഇക്കുറി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കേണ്ടത്. നിയമസഭയിലെ അം​ഗബലം അനുസരിച്ച് രണ്ട് പേരെ ഇടത് മുന്നണിക്കും ഒരാളെ യുഡിഎഫിനും വിജയിപ്പിക്കാനാകും. സിപിഎം രണ്ട് സ്ഥാനാർത്ഥികളെ മാത്രം മത്സരിപ്പിക്കാൻ തീരുമാനിച്ചതിനാൽ വോട്ടെടുപ്പ് ഒഴിവാകുകയും എതിരില്ലാതെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. അതായത് സിപിഎം നിശ്ചയിക്കുന്ന സ്ഥാനാർത്ഥികൾ രാജ്യസഭാം​ഗങ്ങളായി മാറും എന്ന് ഉറപ്പാണ്. അത്തരത്തിൽ ഉറപ്പുള്ള ഒരു സീറ്റിലേക്ക് ഒരു വനിതയുടെ പേര് പരി​ഗണിക്കാൻ പോലും സിപിഎം തയ്യാറായില്ല.

മൊട്ടയടിക്കാൻ പോലും തലയില്ലാത്ത വനിതാ സഖാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ചയായതായിരുന്നു കോൺ​ഗ്രസ് നേതാവായ ലതികാ സുഭാഷിന്റെ തലമുണ്ഡനം. സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു മഹിളാ കേൺ​ഗ്രസ് സംസ്ഥാന അധ്യക്ഷയായ ലതിക സുഭാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. എന്നാൽ, അന്ന് സിപിഎം സഖാക്കൾ ഉൾപ്പെടെയുള്ള സ്ത്രീ സമത്വ വാദികൾ ലതികക്കൊപ്പം നിലകൊണ്ടു. ഇപ്പോൾ ഉറപ്പുള്ള ഒരു സീറ്റിലേക്ക് തങ്ങളെ പരി​ഗണിക്കണം എന്ന് പറയാൻ പോലും ധൈര്യമുള്ള ഒരു വനിതയും സിപിഎമ്മിൽ ഇല്ല എന്നാണ് പാർട്ടിയിലെ വനിതകളുടെ മൗനത്തിൽ നിന്നും മനസ്സിലാകുന്നത്.

ടി എൻ സീമക്ക് ശേഷം വനിതയില്ല

2010ലാണ് ടി എൻ സീമയെ സിപിഎം രാജ്യസഭയിലേക്ക് അയക്കുന്നത്. 2016ൽ സീമയുടെ കാലാവധി അവസാനിച്ചതിന് ശേഷം മറ്റൊരു വനിതയെ രാജ്യസഭയിലേക്കയക്കാൻ പാർട്ടി തയ്യാറായിട്ടില്ല. ഇക്കുറി രണ്ടിലൊരാൾ വനിതയായിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നെങ്കിലും സിപിഎം അത് കണ്ണൂർ ലോബിക്ക് വേണ്ടി എടുക്കുകയായിരുന്നു.

രാജ്യസഭയിലേക്ക് ഇക്കുറി സിപിഎം നിശ്ചയിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസിനെയും സിപിഎം സംസ്ഥാന സമിതി അംഗം വി ശിവാദാസനെയുമാണ്. ഒഴിവു വന്ന മൂന്ന് സീറ്റുകളിൽ ഭരണപക്ഷത്തിന് ലഭിക്കുന്ന രണ്ടു സീറ്റുകളിലും സിപിഎം തന്നെ മൽസരിക്കാൻ തീരുമാനിച്ചതോടെയാണ് ജോൺ ബ്രിട്ടാസിനും വി ശിവദാസനും അവസരം ഒരുങ്ങിയത്. യുഡിഎഫിനുള്ള മൂന്നാമത്തെ സീറ്റിൽ മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ വോട്ടെടുപ്പില്ലാതെ തന്നെ വിജയം ഉറപ്പായി. ഏറെക്കാലം ഡൽഹിയിൽ പ്രവർത്തിച്ച പരിചയമാണ് ബ്രിട്ടാസിനും ശിവദാസനും അനുകൂലമായത്. ദേശാഭിമാനി, സകൈരളി ടിവി എന്നിവിടങ്ങളിലായി ജോൺ ബ്രിട്ടാസിന് ഡൽഹിയിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്. എസ് എഫ് ഐ മുൻ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വി ശിവദാസൻ ഏറെക്കാലം ഡൽഹിയിലെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിൻറെ മുഖമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close