INDIATop News

ബാബരി കേസ്; സിബിഐ അപ്പീല്‍ പോകില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സിബിഐ അപ്പീല്‍ പോകില്ലെന്ന് റിപ്പോര്‍ട്ട്. ലക്നൗ വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മടിച്ചുനില്‍ക്കുകയാണ് സിബിഐ. സിബിഐ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കേസിലെ 32 പ്രതികളേയും വെറുതെ വിട്ടത്. സിബിഐക്ക് കനത്ത തിരിച്ചടി നേരിട്ട കേസിലും മൗനം തുടരുകയാണ് അന്വേഷണ ഏജന്‍സിയായ സിബിഐ. സിബിഐ നല്‍കിയ തെളിവുകള്‍ ദുര്‍ബലമായതിനാല്‍ ഭരണതലത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണ്. ഇതിനിടയില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യത വിരളമാണ്. അപ്പീല്‍ നല്‍കാന്‍ രണ്ടുമാസത്തെ സാവകാശമുണ്ട്. അതേസമയം, സിബിഐയുടെ നിലപാട് കാത്തിരിക്കുകയാണ് മുസ്ലിം സംഘടനകള്‍. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം. വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.
28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍. ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close