
ന്യൂഡല്‍ഹി: ”അതൊരു സിവില്‍ ഗൂഢാലോചനയാണെന്ന് ഞാന്‍ കണ്ടെത്തി, ഇപ്പോഴും അതില്‍ വിശ്വസിക്കുന്നു. ബാബറി മസ്ജിദ് തകര്‍ക്കല്‍ കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് എന്റെ മുമ്പാകെ ഹാജരാക്കിയ എല്ലാ തെളിവുകളില്‍നിന്നും വ്യക്തമായിരുന്നു … ഉമാ ഭാരതി അതിന്റെ ഉത്തരവാദിത്തം വ്യക്തമായി ഏറ്റെടുത്തിരുന്നതായി ഓര്‍ക്കുന്നു. ഒരു അദൃശ്യമായ ശക്തിയല്ല പള്ളി തകര്‍ത്തത്, മനുഷ്യരാണ് അത് ചെയ്തത്, ”ജസ്റ്റിസ് മന്മോഹന് സിങ് ലിബറാന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ 1992 ല്‍ രൂപീകരിച്ച ലിബറാന്‍ കമ്മിഷന് 2009 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സംഭവത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയും മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരുടെ പങ്കാളിത്തവും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മൗനാനുവാദവും ചൂണ്ടിക്കാണിക്കുന്നു. ”അവര്‍ തകര്‍ക്കുന്നതിനെ സജീവമായോ അല്ലെങ്കില്‍ അലസമായോ പിന്തുണച്ചു,” റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍സേവകര്‍’ സംഘടിച്ചത് ‘സ്വഭാവികമായോ സ്വമേധയായോ അല്ല, മറിച്ച് ആസൂത്രിതമാണ്’ എന്ന് കമ്മിഷന് പറഞ്ഞു. രാജ്യത്തെ സാമുദായിക ഭിന്നിപ്പിന്റെ വക്കിലെത്തിച്ചതിനു അഡ്വാനി, ജോഷി, ഉമാ ഭാരതി, എബി വാജ്പേയി തുടങ്ങിയ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അറുപതോളം പേര് ‘കുറ്റക്കാര്‍’ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു, ശരിയായിരുന്നു, സത്യസന്ധമായിരുന്നു, ഭയത്തില്‍നിന്നോ മറ്റേതെങ്കിലും സ്വാധീനത്തില്നിന്നോ സ്വതന്ത്രവുമായിരുന്നു,” ജസ്റ്റിസ് ലിബറാന്‍ പറഞ്ഞു. ”ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം, എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം നല്കുന്ന റിപ്പോര്‍ട്ടാണിത്. ഇത് ചരിത്രത്തിന്റെ ഭാഗമാകും,” അദ്ദേഹം പറഞ്ഞു.അതേസമയം, പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതിയുടെ വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ”ജഡ്ജിയെക്കുറിച്ചോ കോടതിയെക്കുറിച്ചോ സിബിഐ അന്വേഷണത്തെക്കുറിച്ചോ ഞാന്‍ പ്രതികരിക്കില്ല. എല്ലാവരും അവരുടെ ജോലി സത്യസന്ധമായി ചെയ്യുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിയോജിക്കാന്‍ കോടതിക്ക് അവകാശമുണ്ട്, അതിന്റെ അധികാരത്തെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ തര്‍ക്കമുണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
‘അഡ്വാനി, വാജ്പേയി തുടങ്ങി അവരെല്ലാവരും എന്റെ മുമ്പാകെ ഹാജരായി. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചു. പക്ഷേ അവര്‍ക്ക് അവര്‍ക്കെതിരെ തന്നെ സാക്ഷിയാകാന്‍ കഴിയില്ല… അവരില്‍ ചിലര്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉമാ ഭാരതി വ്യക്തമായി ഉത്തരവാദിത്തം അവകാശപ്പെട്ടു… ഇപ്പോള്‍, അവര്‍ ഉത്തരവാദിയല്ലെന്നു ജഡ്ജി പറഞ്ഞാല്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും … എന്റെ മുമ്പാകെ ഹാജരാക്കിയ തെളിവുകളില്‍നിന്നും സാക്ഷികളുടെ വിവരണങ്ങളില്‍ നിന്നും, എനിക്കു മാത്രമല്ല, ആര്‍ക്കും ഇത് ആസൂത്രിതമായ പ്രവൃത്തിയാണെന്നു ന്യായമായും തീര്പ്പിലെത്താനാകും,” അദ്ദേഹം പറഞ്ഞു. ആരാണ് പള്ളി തകര്‍ത്തതെന്നും അതിലേക്കു നയിച്ച സാഹചര്യങ്ങള്‍ എന്താണെന്നും തകര്‍ത്തതിന്റെ വസ്തുത എന്താണെന്നും കണ്ടെത്തുന്നതായിരുന്നു ലിബറാന്‍ കമ്മിഷന് റിപ്പോര്‍ട്ട്. ”ചിലര്‍ക്ക് വിശ്വാസം സംബന്ധിച്ച ഉദ്ദേശ്യമുണ്ടായിരിക്കാം, പക്ഷേ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അനുകൂലമായി വോട്ട് നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമായിരുന്നു അത്,” അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം അവരുടെ ഗതിയിലെ നിര്‍ണാകയ നിമിഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പള്ളി തകര്‍ക്കുന്നത് ഭരണതലത്തിലുള്ള ആസൂത്രണവും പ്രവര്‍ത്തനവും കൊണ്ട്തടയാമായിരുന്നുവെന്ന് ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ അദ്ദേഹം പറഞ്ഞു. തകര്‍ക്കുന്നതു മുന്‍കൂട്ടി തടയാനോ സാമുദായിക വിദ്വേഷം പടരാതിരിക്കാനോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് എണ്‍പത്തിരണ്ടുകാരനായ അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പള്ളി തകര്‍ക്കുന്ന സമയത്ത് ആര്‍എസ്എസ്, ബജ്റംഗ്ദള്‍, വിഎച്ച്പി, ബിജെപി, ശിവസേന നേതാക്കള്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ലിബറാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അവര്‍ തകര്‍ക്കുന്നതിനെ സജീവമായി അല്ലെങ്കില്‍ അലസമായോ പിന്തുണച്ചു. ക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തിലെ മറ്റ് പ്രധാനികളായ പുരോഹിതര്‍, സംന്യാസിമാര്‍, ഭരണ-പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, കര്‍സേവകര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഈ പ്രക്രിയയില്‍, എല്ലാ പ്രവൃത്തികളും രാഷ്ട്രീയ അധികാരം നേടുന്നതിനും രാഷ്ട്രീയമായി ആഗ്രഹിക്കുന്ന ഫലങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയായിരുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.അയോധ്യയെയും ഫൈസാബാദിനെയും ഭരിക്കാന്‍ പ്രസ്ഥാനത്തിലെ പ്രധാനികളെയും കര് സേവകരെയും യുപിയിലെ അന്നത്തെ കല്യാണ്‍ സിങ് സര്‍ക്കാര്‍ ബോധപൂര്‍വം അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കല്യാണ്‍ സിങ് … അര്‍ധസൈനികരുടെ സേവനം ഉപയോഗിക്കാനുള്ള ആവശ്യം തകര്‍ക്കല്‍ പൂര്‍ത്തിയാക്കും വരെ തുടര്‍ച്ചയായി നിരസിച്ചു. സംഭവങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും കല്യാണ്സിങ്ങിനു പൂര്‍ണ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്ന് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ”തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കിനാവ് കാണുകയായിരുന്നു,”എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.