KERALATop News

ബാര്‍കോഴക്കേസിനു പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നതര്‍, മാണി സാറിന് അറിയാമായിരുന്നു: ജോസ് കെ.മാണി

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില ഉന്നതരായിരുന്നു ബാര്‍കോഴക്കേസിനു പിന്നിലെന്ന് ജോസ് കെ.മാണി. കെ.എം.മാണിക്ക് ഇത് അറിയാമായിരുന്നെന്നും മാണി സാര്‍ ആരുടെയും പേര് എടുത്ത് പറയാത്തതിനാല്‍ താനും അതിനു മുതിരുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് യുഡിഎഫിനും കോണ്‍ഗ്രസിനുമെതിരെ ജോസ് കെ.മാണി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്.കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവേശനമെന്നും ജോസ് കെ.മാണി വിശദീകരിച്ചു.”മാണി സാറിന് ഇടതുപക്ഷ വിരുദ്ധത ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിരുന്നു കൊണ്ടാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുതലായ ജനക്ഷേമ പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചത്. അന്ധമായ വിരോധം ആരോടുമില്ലെന്ന് മാണി സാര്‍ തന്നെ പൊതുസമൂഹത്തിനു മുന്നില്‍ പറഞ്ഞിട്ടുള്ളതാണ്,” ജോസ് പറഞ്ഞു. കെ.എം.മാണിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവരുടെ ഇപ്പോഴത്തെ സ്നേഹം വെറും അവസരവാദമാണെന്നും ജോസ് ആഞ്ഞടിച്ചു.

പി.ജെ.ജോസഫിനെതിരെയും ജോസ് കെ.മാണി രൂക്ഷവിമര്‍ശനമുന്നയിച്ചു. ”യുഡിഎഫിന്റെ മധ്യസ്ഥശ്രമങ്ങള്‍ ഏകപക്ഷീയമായിരുന്നു. പാലാ തിരഞ്ഞെടുപ്പിനു ശേഷമാണ് മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചത്. പാലാ മണ്ഡലം എന്ന കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിയെ ചതിച്ചു തോല്‍പ്പിച്ചതിനെതിരെ യുഡിഎഫില്‍ എന്ത് നടപടിയാണ് ഉണ്ടായതെന്ന് പൊതുസമൂഹത്തിനു അറിയാവുന്നതാണ്. പാര്‍ട്ടി പിളര്‍ന്നതിനുശേഷവും ജോസഫ് വിഭാഗത്തിന്റെ അന്യായമായ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്നു പുറത്താക്കുക എന്ന അജണ്ട മുന്‍നിര്‍ത്തിയുള്ള മധ്യസ്ഥശ്രമങ്ങളില്‍ എന്ത് നിക്ഷ്പക്ഷത പ്രതീക്ഷിക്കാന്‍ സാധിക്കും?,” ജോസ് പറഞ്ഞു.അവിശ്വാസ പ്രമേയത്തിന്റെ സമയത്തോ അതിനുശേഷമോ യാതാരു ചര്‍ച്ചയ്ക്കും സംവാദത്തിനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നും പാര്‍ട്ടി സ്വമേധയാ പുറത്തുപോയി എന്ന പ്രതീതി സൃഷ്ടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജോസ് കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close