ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം നാളെ

തിരുവനന്തപുരം : ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം നാളെ നടക്കും. ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണര്‍, ബെവ്കോ എംഡി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം.ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശ അടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണു തീരുമാനം വൈകിയത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു.ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം എക്സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാര്‍ശ നല്കി. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ ബാറുകളിലും മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ആരോഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴിയുള്ള വില്പന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്നു മദ്യപിക്കാന്‍ അനുമതി നല്കി കൗണ്ടര്‍ വില്പന നിര്‍ത്തലാക്കും. ബാറുകളിലൂടെയുള്ള കൗണ്ടര്‍ വില്പന അവസാനിപ്പിക്കണമെന്ന് ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളില്‍ കൗണ്ടര്‍ ആരംഭിച്ചത് ബവ്കോയ്ക്കു വലിയ നഷ്ടമുണ്ടാക്കിയിരുന്നു.