KERALANEWSTop News

ബാലവേദിയിലൂടെ വളർന്ന് നടന്നു കയറുന്നത് കേരളത്തിന്റെ മന്ത്രിസഭയിലേക്ക്; പി പ്രസാദ് എന്ന നേതാവിനെ പരുവപ്പെടുത്തിയത് സമരങ്ങളും പൊലീസ് മർദ്ദനങ്ങളും; ലാളിത്യം കൈമുതലായ പച്ചയായ കമ്മ്യൂണിസ്റ്റ് പിന്നിട്ടതത്രയും കനൽവഴികൾ

തിരുവനന്തപുരം: ബാലവേദിയിലൂടെ വളർന്ന് കേരളത്തിന്റെ മന്ത്രി കസേരയിലേക്ക് നടന്നു കയറുന്ന ജനനേതാവാണ് പി പ്രസാദ്. ലാളിത്യം മുഖമുദ്രയായ പൊതുപ്രവർത്തകൻ. പാവങ്ങളുടെ വേദന അറിയുന്ന നേതാവാണ് മന്ത്രി പി പ്രസാദ്. സമരങ്ങളാണ് പ്രസാദ് എന്ന കമ്മ്യൂണിസ്റ്റുകാരനെ പരുവപ്പെടുത്തിയത്. അതു നവോദയ മുതൽ നർമദ വരെ നീളുന്നു. സമരങ്ങളും ചെറുത്ത് നിൽപ്പുകളും മർദ്ദനങ്ങളും പി പ്രസാദ് എന്ന സൗമ്യരൂപിയെ തളർത്തുകയല്ല, നിശ്ചയദാർഢ്യമുള്ള നേതാവായി വളർത്തുകയാണ് ചെയ്തത്.

രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിനു ജയിലിൽക്കിടക്കുന്ന അച്ഛൻ നൂറനാട് മറ്റപ്പള്ളിയിൽ ജി.പരമേശ്വരൻ നായരെപ്പറ്റിയുള്ള കഥകേട്ടു വളർന്ന മകന് ജീവിതം സമരങ്ങളില്ലാതെ കഴിയില്ലല്ലോ. പുസ്തകങ്ങൾ വായിച്ചു വിശപ്പകറ്റിയ കാലമുണ്ടായിരുന്നു പ്രസാദിന്. അതുകൊണ്ട് വിശക്കുന്നവന്റെ മുഖം കണ്ടാൽ അറിയാനാകുമെന്ന ആത്മവിശ്വാസം ഇന്നും അദ്ദേഹത്തിനുണ്ട്.

ബാലവേദിയിലൂടെ തുടങ്ങി എഐഎസ്എഫിലൂടെ വളർന്ന് എഐവൈഎഫിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി മാറിയ ആളാണ് പി പ്രസാദ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നൂറനാട് ഭ​ഗത്സിം​ഗ് ബാലവേദിയിലൂടെയാണ് പി പ്രസാദ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അ‍ഞ്ചാം ക്ലാസിൽ എത്തിയതോടെ എഐഎസ്എഫിൽ പ്രവർത്തനം തുടങ്ങി. അന്ന് പ്രസാദിന്റെ പിതാവ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അം​ഗവും പാർട്ടിയുടെ പന്തളം മണ്ഡലം സെക്രട്ടറിയുമായിരുന്നു. നൂറനാട് സിബിഎം ഹൈസ്കൂളിൽ നിന്നാണ് എഐഎസ്എഫ് പ്രവർത്തനം ആരംഭിക്കുന്നത്. അ‍ഞ്ചാം ക്ലാസ് മുതലേ പൊതുവേദികളിൽ പ്രസം​ഗിക്കാനും ആരംഭിച്ചിരുന്നു. സ്കൂളിന് മുന്നിൽ മൈക്ക് വെച്ച് എഐഎസ്എഫ് യോ​ഗത്തിലാണ് ആദ്യമായി പ്രസം​ഗിച്ചത്. പി പ്രസാദ് എന്ന ബാലന് പ്രസം​ഗകലയിലുള്ള ശേഷി തിരിച്ചറിഞ്ഞ പാർട്ടിക്കാർ പിന്നീട് പാർട്ടി വേദികളിലും മൈക്ക് നൽകിത്തുടങ്ങി.

എട്ടാം ക്ലാസ് ആകുമ്പോഴേക്കും എഐഎസ്എഫ് മാവേലിക്കര താലൂക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പത്താംക്ലാസിലെത്തുമ്പോൾ താലൂക്ക് സെക്രട്ടറിയായി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ആദ്യം എഐഎസ്എഫ് തനിച്ച് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് എസ്എഫ്ഐയുമായി മുന്നണിയായി മത്സരിക്കാൻ ആരംഭിച്ചു. ഇതോടെ സ്കൂൾ പാർലമെന്റിൽ എഐഎസ്എഫിനെ നിർണായക ശക്തിയാക്കാൻ പ്രസാദിന് കഴിഞ്ഞിരുന്നു. ക്ലാസ് ലീഡറായി ജയിച്ച് വന്നിരുന്ന പ്രസാദ് മറ്റുള്ളവരെ സ്കൂൾ ലീഡറും സ്പീക്കറുമായി നിർദ്ദേശിക്കാനാണ് അന്ന് താത്പര്യം കാട്ടിയിരുന്നത്.

സ്കൂൾ ജീവിതത്തിന് ശേഷം പന്തളം എൻഎസ്എസ് കോളജിൽ പ്രീഡി​ഗ്രിക്ക് എത്തുന്നതോടെയാണ് പി പ്രസാദ് എന്ന പോരാളി പരുവപ്പെടുന്നത്. ഉജ്ജ്വലങ്ങളായ വിദ്യാർത്ഥി സമരങ്ങൾക്കാണ് അന്ന് എഐഎസ്എഫ് നേതൃത്വം നൽകിയത്. സ്വാശ്രയ കോളജ് സമരം, നവോദയ പ്രക്ഷോഭം, തുടങ്ങി ഇന്നും ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ആവേശത്തോടെ ക്ലാസ് മുറികളിൽ പ്രസം​ഗിക്കുന്ന പല സമരങ്ങളിലും പ്രസാദ് മുന്നിൽ നിന്ന് നയിച്ചു. എഐഎസ്എഫിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി അം​ഗമായി പന്തളം കോളജിലെത്തിയ പ്രസാദ് പിന്നീട് 1980കളുടെ ആദ്യ പകുതികളിൽ തന്റെ കർമ്മ മണ്ഡലമായി പത്തനംതിട്ട തെരഞ്ഞെടുക്കുകയായിരുന്നു. 1986ൽ അദ്ദേഹം എഐഎസ്എഫ് അടൂർ താലൂക്ക് സെക്രട്ടറിയായി ചുമതലയേറ്റു. 1987ൽ എഐഎസ്എഫ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി.

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ആയി പ്രവർത്തിച്ച ശേഷം സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വി എസ് സുനിൽകുമാറായിരുന്നു അന്ന് എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി. കൊടിയ പൊലീസ് മർദ്ദനങ്ങളാണ് എഐഎസ്എഫ്- എഐവൈഎഫ് പ്രവർത്തനകാലത്ത് പി പ്രസാദിന് നേരിടേണ്ടി വന്നത്. നവോദയ സമരത്തിന്റെ ഭാ​ഗമായി നടന്ന പൊലീസ് മർദ്ദനങ്ങളുടെ ഫലമായാണ് പല്ലിന് കേടുപാടുകൾ പറ്റുന്നത്. 38 ദിവസമാണ് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗമായി പ്രവർത്തിക്കവെയാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലേക്ക് നിയോ​ഗിക്കുന്നത്. അപ്പോഴേക്കും ആലപ്പുഴ ജില്ലയിലെ പാർട്ടി മെമ്പർഷിപ്പ് പത്തനംതിട്ടയിലേക്ക് മാറ്റി. അന്ന് സിപിഐ മണ്ഡലം കമ്മിറ്റി അം​ഗമായിരുന്നു പി പ്രസാദ്.

പത്തനംതിട്ട ജില്ല രൂപീകരിച്ച സമയമായിരുന്നു അത്. കുറച്ച് കേഡർമാർ ഉള്ള പാർട്ടിയെ ശക്തമാക്കുക എന്ന നിയോ​ഗമായിരുന്നു പ്രസാദിന്. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറിയായും പ്രസാദ് പ്രവർത്തിച്ചു. അതിന് ശേഷമാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിരിവിടരുന്ന മുഖത്തേക്കു നോക്കിയാൽ വന്ന വഴിയിലെ കഷ്ടപ്പാടുകളും കാണാം. ചിരിക്കുമ്പോൾ മുൻവരിപ്പല്ലിൽ കാണുന്ന വിടവിന് ഒരു കാരണം അടൂരിൽ നവോദയ സമരകാലത്തുണ്ടായ പൊലീസ് മർദനമാണ്. നിരന്തരമേറ്റ പൊലീസ് മർദനങ്ങളുടെ ക്ഷതം മാറാൻ വർഷങ്ങളായി നിരന്തരം ആയുർവേദ ചികിത്സ നടത്തുന്നുണ്ട് പ്രസാദ്.

ജോലിയില്ല പണമില്ല, വല്ലാത്ത പ്രതിസന്ധി

ആകെയുള്ളത് 13 സെന്റ് വസ്തു മാത്രമായിരുന്നു. ജോലിയില്ല. പാർട്ടി പ്രവർത്തനം മാത്രം. അതുകൊണ്ട് തന്നെ കുടുംബജീവിതത്തെ കുറിച്ച് ആലോചിക്കാനും പറ്റില്ല. വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താൻ കടന്ന് പോയതെന്ന് പി പ്രസാദ് തന്നെ പറയും. കല്യാണം കഴിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കാൻ അക്കാലത്ത് ധൈര്യപ്പെട്ടിരുന്നില്ല. പിന്നീട് അച്ചുതാനന്ദൻ സർക്കാരിൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പാർട്ടി നിയോ​ഗിച്ചു. അതോടെ സ്വന്തമായി വരുമാനമായി. പാർട്ടി തന്നെ വിവാഹത്തിനും മുൻകൈ എടുത്തു. പാർട്ടി കുടുംബത്തിലെ ഒരു പെൺകുട്ടിയെ കണ്ട് വിവാഹം ഉറപ്പിച്ചു. അങ്ങനെയാണ് പി പ്രസാദിന്റെ ജീവിതത്തിലേക്ക് ലൈന കടന്നു വരുന്നത്.

2006ൽ 36മത്തെ വയസ്സിലാണ് പി പ്രസാദ് വിവാഹം കഴിക്കുന്നത്. അതുവരെ വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. കയ്യിൽ പണമില്ലാത്തവന് കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലല്ലോ. ഇപ്പോൾ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. രണ്ട് മക്കൾ. മൂത്തയാൾക്ക് 13 വയസ്- ഭ​ഗത് പ്രസാദ്. ഇളയത് മകൾ. അരുണ അൽമിത്ര. അമ്മ- ​ഗോമതിയമ്മ.

നർ‌മ്മയിലെത്തിയ പോരാട്ട വീര്യം

പൊതുപ്രവർത്തനത്തിൽ സജീവമാകുമ്പോഴാണ് നർമ്മ​ദ ബച്ചാവോ ആന്ദോളൻ ശക്തമാകുന്നത്. 1988ൽ ആസൂത്രണ കമ്മീഷൻ നർമ്മദ ഡാം പദ്ധതിക്ക് അനുമതി നൽകി. നർമ്മദ അപ്പോഴേക്കും വലിയൊരു പരിസ്ഥിതി സമരത്തിന്റെ വേദിയായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. 1985ലെ മേധാപട്കറുടെ നർമ്മദാ സന്ദർശനവും തുടർന്ന് നടന്ന ജലസത്യഗ്രഹവും നർമ്മദാ ആന്ദോളൻ ബച്ചാവോ എന്ന പേരിൽ രൂപം നൽകിയ സമരമുന്നേറ്റവുമെല്ലാം പരിസ്ഥിതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള സമരങ്ങളെ ലോകശ്രദ്ധയിലേക്ക് ഉയർത്തി. ബാബാ ആംതെ, അരുന്ധതി റോയി തുടങ്ങിയവരുടെ രംഗപ്രവേശം സമരത്തിന് ഊർജ്ജം പകർന്നു.

നർമ്മദ സമരത്തെ കുറിച്ചറിഞ്ഞ പ്രസാദ് എന്ന പച്ചയായ കമ്മ്യൂണിസ്റ്റ് വളരെ നാളുകളായി സമരത്തിൽ പങ്കെടുക്കണം എന്ന ആ​ഗ്രഹം മനസ്സിൽ കൊണ്ടുനടന്നു. അങ്ങനെ ഒടുവിൽ നർമ്മദയിലേക്ക് ട്രെയിൻ കയറി. മേധാ പട്കറെ നേരിട്ട് കണ്ടു. പ്രദേശ വാസികൾക്ക് മുന്നിൽ ഇം​ഗ്ലീഷിൽ പ്രസം​ഗിച്ചു. മേധ അത് നാട്ടുഭാഷയിലേക്ക്തർജ്ജമ ചെയ്തു. അതിന് ശേഷം മാസങ്ങളോളം നർമ്മദ സമരത്തിൽ പങ്കാളിയായ ശേഷമാണ് പ്രസാദ് തിരികെ എത്തുന്നത്. തിരിച്ചെത്തിയ പ്രസാദ് കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമാകുകയായിരുന്നു.

വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയ ഹൗസിം​ഗ് ബോർഡ് ചെയർമാൻ

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പി പ്രസാദ് ഹൗസിം​ഗ് ബോർഡ് ചെയർമാനായി അധികാരം ഏൽക്കുന്നത്. പാവങ്ങൾക്ക് വീട് വെക്കാനുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൽക്ക് കൈമാറിയ ശേഷം ഭവന നിർമ്മാണ ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നില്ല. അവിടെ നിന്നും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഭവന നിർമ്മാണ ബോർഡിന് പുതിജീവൻ നൽകാൻ പി പ്രസാദിന്റെ നേതൃത്വത്തിലുള്ള ഹൗസിം​ഗ് ബോർഡിന് കഴിഞ്ഞിരുന്നു.

ഉദ്യോ​ഗസ്ഥരുടെ നവീന ആശയങ്ങളെ ഹൃദയവിശാലതയോടെ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതായിരുന്നു പി പ്രസാദ് എന്ന നേതാവിന് ഭവന നിർമ്മാണ ബോർഡിന്റെ അമരക്കാരനായി ഇരിക്കുമ്പോൾ വിജയിക്കാൻ കഴിഞ്ഞതിന്റെ രഹസ്യം. കൂട്ടായ ചർച്ചകളിലൂടെ പുത്തൻ ആശയങ്ങളെ പരുവപ്പെടുത്തുകയും അവയ്ക്കെല്ലാം സർക്കാരിൽ നിന്നും അനുമതി വാങ്ങുകയും ചെയ്യാൻ പ്രസാദിന് കഴിഞ്ഞു. അങ്ങനെയാണ് ഭാവി കേരളത്തിന്റെ ഭവന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന പാർപ്പിടം പദ്ധതി യാഥാർത്ഥ്യമകൻ പോകുന്നത്.

വീട് വെയ്ക്കാൻ സ്വന്തമായി ഭൂമിയുള്ളവർക്ക് ദീർഘകാല വായ്പാ പദ്ധതിയാണ് ഭവന നിർമ്മാണ ബോർഡ് തയ്യാറാക്കിയത്. ആറ് ശതമാനം മാത്രം പലിശ നിരക്കിലാകും വായ്പ അനുവ​ദിക്കുക. വീട് നിർമ്മാണത്തിന് ആവശ്യമുള്ള തുകയുടെ പത്ത് ശതമാനം ആദ്യം ബോർഡിൽ അടയ്ക്കണം. അത് ഒറ്റത്തവണയായോ ചെറു തവണകളായോ അടയ്ക്കാം. അതിന് ശേഷം നാല് ​ഗഡുക്കളായി വീട് നിർമ്മാണത്തിനായി പണം അനുവദിക്കുന്നതാണ് പദ്ധതി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഓ​ഗസ്റ്റ് മാസത്തോടെയാകും ഇത് നടപ്പിലാക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close