
തൃശ്ശൂര്‍: ബിഎസ്എന്‍എല്‍ 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങള്‍ ഇനിയും നീളും. ഒക്ടോബറില്‍ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരി വരെയാണ് നീട്ടിയത്.സോഫ്റ്റ്വേര്‍ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും(ഐ.ടി.ഐ.) ചേര്‍ന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണു വിവരം.ടവറുകളിലെ ബേസ് ട്രാന്‍സീവര്‍ സ്റ്റേഷന്(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാര്ഡ്വേര് ഭാഗങ്ങള്‍ ഐ.ടി.ഐ.യും സോഫ്റ്റ്വേര്‍ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവര്‍ സൈറ്റുകളിലാണ് പരീക്ഷണം.
2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാല്‍, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാല്‍ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാല്‍ അതിന് മാസം ലൈസന്‍സ് ഫീസായി വന്‍തുക സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരും.ഓരോ കാരണങ്ങളില്‍ത്തട്ടി ബി.എസ്.എന്‍.എല്‍. 4-ജി സേവനം മുടങ്ങുമ്പോള്‍, സ്വകാര്യ കമ്പനികള്‍ക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആക്കം കൂട്ടിയിട്ടുമുണ്ട്.