KERALANEWSTrending

ബിജെപിക്കൊപ്പം നിന്നിട്ട് വോട്ട് മറിച്ചത് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനോ? ബിഡിജെഎസിന്റെ അക്കൗണ്ടിൽ നിന്നും ഒഴുകിപ്പോയത് രണ്ടര ലക്ഷത്തോളം വോട്ടുകൾ; പഴി മുഴുവൻ ബിജെപിക്കും

കൊല്ലം: 2021 നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 സീറ്റിലേക്ക് ബിജെപി മുന്നണിക്കൊപ്പം നിന്ന് മത്സരിച്ച ബിഡിജെഎസ് നേടിയ വോട്ടുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ബിഡിജെഎസ് മുന്നണിക്ക് ഒപ്പം നിന്ന് എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണമാണ് അണികൾ ഉന്നയിക്കുന്നത്. ഒരേസമയം, ബിജെപി പ്രവർത്തകരും നേതാക്കളും, ബിഡിജെഎസ് പ്രവർത്തകരും പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.

മുൻ തെരഞ്ഞെടുപ്പുകളിൽ ബിഡിജെഎസ് സമാഹരിച്ച വോട്ടുകളും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച വോട്ടുകളും തമ്മിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ കുറവാണ് വന്നിരിക്കുന്നത്. ഇത് എൽഡിഎഫിന് മറിച്ചു നൽകി എന്നാണ് കണക്കുകൾ നിരത്തി വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ബിഡിജെഎസിന് വിവിധ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ

മണ്ഡലം – 2016- 2019 -2021

തവനൂർ – 15801- 20769 -9914
പൊന്നാനി – 11662- 17498 -7419
നെന്മാറ – 23096.- 12345-. 16666
കയ്പമംഗലം 30041.- 24420.- 9066
ചാലക്കുടി – 26229.- 23433.- 17301
കളമശ്ശേരി – 24244.- 21206.- 11179
പറവൂർ -. 28097.- 23035.- 12964
കോതമംഗലം 12926.- 12092- 4638
ഉടുമ്പൻ ചൊല 21779.- 10863.- 7208
ഇടുക്കി -. 27403.- 10891.- 9286
വൈക്കം -. 30067-. 21871-. 11953
പൂഞ്ഞാർ -. 19966.- 30990.- 2965
അരൂർ. -. 27753.- 25250.- 17479
ചേർത്തല. 19614-. 22655.- 14562
കുട്ടനാട്. 33044.- 14476.- 14946
കായംകുളം. 20000.- 31660.- 11413
റാന്നി. 28201.- 39560.- 19587
കുണ്ടറ. 20257.- 14696.- 6100
ഇരവിപുരം. 19714.- 11488.- 8468
വർക്കല. 19872.- 34343.- 11214
വാമനപുരം. 13956- 29681.- 5603

അതായത് 2016 ൽ ഇതേ സീറ്റുകളിൽ ലഭിച്ച ആകെ വോട്ട് 4,73,722. 2019 തെരഞ്ഞെടുപ്പിൽ ഇതേ സീറ്റുകളിൽ ആകെ ലഭിച്ചത് 4,53,222 വോട്ട്. 2021 നിയമസഭയിൽ ഇതേ സീറ്റുകളിൽ ബിഡിജെഎസിന് ആകെ കിട്ടിയത് 2,29,931 വോട്ടുകൾ മാത്രം. 2,44,000 വോട്ട് ആവി ആയി പോയിരിക്കുന്നു. അത് മാത്രമല്ല, ബിഡിജെഎസ് മത്സരിച്ച 21 സീറ്റുകളിൽ പറവൂർ സതീശൻ, കുണ്ടറയിൽ വിഷ്ണു നാഥ്, 1000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചാലക്കുടി അനീഷ് ജോസഫ് ഒഴികെ ബാക്കി 18 മണ്ഡലങ്ങളിലും എൽഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നതും ചേർത്ത് വായിക്കണം എന്നും സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന കുറിപ്പിൽ പറയുന്നു.

കേരളത്തിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് അണികൾക്കിടയിൽ വലിയ ചർച്ച ആകുന്നത് പോലെ തന്നെ നേതാക്കൾക്കിടയിലും ചർച്ച ആകുന്നുണ്ട്. പരാജയം പഠിക്കാൻ വരുന്ന സമിതിയും തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷകരായി കേരളത്തിൽ ഉണ്ടായിരുന്ന ദേശീയ നേതാക്കളും നൽകുന്ന റിപ്പോർട്ടിൽ സഖ്യകക്ഷികളുടെ ഈ ചതിയും ചർച്ച ആവാനും സാധ്യതയുണ്ട്.

തുല്യനീതിക്കായി രൂപം കൊണ്ട പാർട്ടി

2015 തദ്ദേശ തെരഞ്ഞെടുപ്പിന് തെറ്റു മുൻപാണ് കേരളത്തിൽ തുല്യനീതി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഹിന്ദു ഐക്യ ആഹ്വാനവുമായി വിവിധ ഹിന്ദു ജാതി സംഘടനകളെ കൂടെ ചേർത്ത് എസ്എൻഡിപി യുടെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ തന്നെ നേരിട്ട് സമത്വ മുന്നേറ്റ യാത്ര തുടങ്ങിയത്. യാത്ര ശംഖുംമുഖത്ത് അവസാനിക്കുമ്പോൾ ബിഡിജെഎസ് എന്നൊരു പുതിയ പാർട്ടിയും കേരളത്തിൽ ഉദയം കൊണ്ടു. ബിജെപിക്ക് ഒപ്പം ചേർന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ചു 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ 36 സീറ്റിൽ മത്സരിക്കുകയും ഒരു സീറ്റും ജയിക്കാൻ കഴിഞ്ഞില്ലയെങ്കിലും ഏതാണ്ട് 8 ലക്ഷം വോട്ടുകൾ കേരളത്തിലാകെ നേടുകയും ചെയ്തു ബിഡിജെഎസ് എന്ന പുതിയ പാർട്ടി.

പിന്നീട് സ്ഥാന മാനങ്ങൾക്ക് വേണ്ടി പല തവണ മുന്നണിയിൽ കലഹം ഉണ്ടാവുകയും പരസ്യ പ്രസ്താവനകളിലൂടെ വിഴുപ്പലക്കലുകൾ നടത്തുകയും ചെയ്തിരുന്നു എങ്കിലും ബിഡിജെഎസ് മുന്നണി വിട്ടു പോകാതെ ബിജെപിക്ക് ഒപ്പം തന്നെ തുടരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്തും , അരൂർ , കോന്നി , വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ ഒക്കെ പരസ്യമായി തന്നെ ബിഡിജെഎസ് മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. ബിജെപിയും സംഘ പരിവാർ പ്രസ്ഥാനങ്ങളും ശബരിമലയിൽ വിശ്വാസികൾക്കൊപ്പം ഒരുമിച്ചു നിന്നപ്പോഴും ബിഡിജെഎസ്, എസ്എൻഡിപി എന്ന ജാതി സംഘടനയുടെ നിലപാട് പറഞ്ഞുകൊണ്ട് ഇടത് പക്ഷത്തിനൊപ്പം നിൽക്കുന്ന കാഴ്ച്ചകളാണ് കണ്ടത്.

പിന്നീട് ബിഡിജെഎസിനുള്ളിൽ തന്നെ കലഹം ഉണ്ടായി സുഭാഷ് വാസു പുറത്തു വരികയും വെള്ളാപ്പള്ളി കുടുംബ വാഴ്ചയ്ക്ക് എതിരെ സംഘപരിവാർ അനുകൂലി ആയ ടിപി സെൻകുമാർ പരസ്യമായി രംഗത്തു വന്നപ്പോഴുമൊക്കെ അവരെ തള്ളിപ്പറഞ്ഞുകൊണ്ട് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസ് നെ കൂടെ നിർത്തുക ആയിരുന്നു ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വം ചെയ്തത്.

ബിഡിജെഎസ് ഇങ്ങനെ കേരളത്തിൽ തളരുമ്പോൾ എസ്ഡിപിഐ പോലൊരു ചെറു പാർട്ടി മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ അവരുടെ ദേശീയ നേതാവിനെ മത്സരിപ്പിച്ചു വോട്ട് മൂന്നിരട്ടി ആക്കിയതും സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടി മത്സരിച്ച മലപ്പുറം ലോക്സഭാ സീറ്റിൽ ആകെ പോൾ ചെയ്ത 11 ലക്ഷം വോട്ടിൽ അദ്ദേഹത്തിന് കിട്ടിയത് വെറും 68935 വോട്ടാണ്.
എസ്ഡിപിഐ ദേശീയ നേതാവിന് കിട്ടിയത് 46758 വോട്ട്. ഇടത് പക്ഷത്തിന്റെ സ്ഥാനാർഥി ഒഴികെ ഏഴു മുസ്ലിം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലത്തിലാണ് എസ്ഡിപിഐ അവരുടെ വോട്ട് പത്തൊൻപതിനായിരത്തിൽ നിന്ന് അൻപതിനായിരത്തോളം ആക്കി ഉയർത്തിയത്.

2020 തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് കേരളത്തിലാകെ നേടിയത് 26000 വോട്ടും ഒരു ഗ്രാമ പഞ്ചായത്ത് വാർഡുമായിരുന്നു. എന്നാൽ എസ്ഡിപിഐ നേടിയത് കോർപറേഷൻ വാർഡും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും അടക്കം 102 സീറ്റുകളാണ്. ഏതാണ്ട് രണ്ട് ലക്ഷം വോട്ടുകളും.

പഴി മുഴുവൻ ബിജെപിക്കും

ഇടതുമുന്നണിയെയും പിണറായി വിജയനേയും അധികാരത്തിലെത്തിക്കാൻ ശ്രമിച്ചെന്ന വ്യക്തമായ സൂചന തുഷാർ വെള്ളാപ്പള്ളിയുടെ പിതാവും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നൽകുമ്പോൾ, ബിഡിജെഎസ് തങ്ങളുടെ വോട്ട് ചോർച്ചയുടെ കാരണം ബിജെപി എന്ന് ആരോപിക്കുകയാണ്. ബിജെപി വോട്ട് കച്ചവടമാണ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ ദയനീയ പരാജയത്തിന് കാരണമെന്നാണ് ബിഡിജെഎസ് നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ഇന്നലെ ചേർന്ന ബിഡിജെഎസ് നേതൃയോ​ഗം തീരുമാനിച്ചിട്ടുണ്ട്.

ബിജെപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത പല മണ്ഡലങ്ങളിലും ബിഡിജെഎസിന് നാണം കെട്ട തോല്‍വിയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയ പല മണ്ഡലങ്ങളിലും ബിഡിജെഎസ് വോട്ടുകള്‍ ഇത്തവണ അഞ്ചക്കം കടന്നിട്ടില്ല. എംഎം മണി മത്സരിച്ച ഉടുമ്പന്‍ ചോലയില്‍ 2016ല്‍ 21,799 വോട്ടുകള്‍ ലഭിച്ച ബിഡിജെഎസിന് ഇത്തവണ വെറും 7208 വോട്ടുകള്‍ വാങ്ങി ഒതുങ്ങേണ്ടി വന്നു.

ഇടുക്കിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയത് 27403 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ സംഗീത വിശ്വനാഥന് ലഭിച്ചത് 9286 വോട്ടുകള്‍ മാത്രമാണ്. പൂഞ്ഞാറില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ലഭിച്ചത് 19966 വോട്ടുകളായിരുന്നു. പൂഞ്ഞാര്‍ ഇത്തവണ വെറും 2965 വോട്ടുകള്‍ മാത്രം നേടിയുള്ള നാണംകെട്ട തോല്‍വിയാണ് ബിഡിജെഎസിന് ഏറ്റുവാങ്ങേണ്ടി വന്നത്.

2016 ല്‍ കുട്ടനാട് നിയോജക മണ്ഡലത്തില്‍ സുഭാഷ് വാസുവിന് ലഭിച്ചത് 33,044 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് 14946 വോട്ടുകള്‍ മാത്രമാണ്. 2016 ല്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച ടി അനിയപ്പന് 27,753 വോട്ടുകള്‍ കിട്ടിയിരുന്നു. അതേ സ്ഥാനാര്‍ഥി 2021 ല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ ലഭിച്ചതോ 17,215 വോട്ടുകള്‍. ബിഡിജെഎസ് നേതാക്കളുമായി നടന്ന കൂടിയാലോചനയില്‍ എന്‍ഡിഎ സംസ്ഥാനം കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.

മുന്നണി വിടിലെന്ന് ബിഡിജെഎസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ വിടാനായിരുന്നു ബിഡിജെഎസ് തീരുമാനം. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കുമെന്നും ബിഡിജെഎസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാൽ, ഉടൻ മുന്നണി വിടേണ്ടതില്ലെന്നാണ് ഇന്നലെ കൊല്ലത്ത് ചേർന്ന പാർട്ടി നേതൃയോ​ഗം തീരുമാനിച്ചിരിക്കുന്നത്.

ബിജെപി നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച് എൻഡിഎയിൽ തുടരാൻ കൊല്ലത്ത് ചേർന്ന പാർട്ടി നേതൃയോ​ഗം തീരുമാനിക്കുകയായിരുന്നു. അതേസമയം, മുന്നണിയുടെയും പാർട്ടിയുടെയും തോൽവിക്ക് ചരടുവലിച്ച ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാനും ബിഡിജെഎസ് തീരുമാനിച്ചു.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നും നേതൃയോഗം വിലയിരുത്തി.ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും യോ​ഗം നിയോഗിച്ചു. പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാകും ബിഡിജെഎസ്, ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close