KERALANEWSTrending

ബിജെപിക്ക് വോട്ട് വർധനവ് അഞ്ച് മണ്ഡലങ്ങളിൽ; അത്ഭുതമായി ഷൊർണൂർ‌; സന്ദീപ് വാര്യർ ബിജെപിയുടെ പ്രതീക്ഷയാകുന്നത് ഇങ്ങനെ

പാലക്കാട്: ഏക സിറ്റിം​ഗ് സീറ്റ് നഷ്ടമാകുകയും പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയാതെ വരികയും ചെയ്തത് കേരളത്തിലെ ബിജെപിയെ പ്രതിസന്ധിയിലാക്കുമ്പോഴും പാർട്ടിക്ക് പ്രതീക്ഷ നൽകുന്ന ചില മുന്നേറ്റങ്ങൾ സംസ്ഥാനത്ത് കാഴ്ച്ചവെക്കാൻ ബിജെപിക്ക് കഴിഞ്ഞു. പാർട്ടിയുടെ ബി കാറ്റ​ഗറി മണ്ഡലമായ ഷൊർണൂരിൽ സന്ദീപ് വാര്യർ നേടിയ വോട്ടുകളാണ് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നത്. 36973 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. സന്ദീപ് വാര്യരെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷൊര്‍ണൂരില്‍ ബിജെപിക്ക് ഗുണം ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2019 ലെ ലോക്‌സഭതെരഞ്ഞെടുപ്പ്, 2016 ലെ നിയമസഭ തെരഞ്ഞെടുപ്പ്, 2020 തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയെ അപേക്ഷിച്ച് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചത് അഞ്ച് മണ്ഡലങ്ങളിലാണ്. മഞ്ചേശ്വരം , തൃശൂര്‍ , മലമ്പുഴ , പാലക്കാട് , ഷൊര്‍ണൂര്‍ എന്നിവയാണ് ആ മണ്ഡലങ്ങൾ. ഇതില്‍ നാലും എ + മണ്ഡലങ്ങളാണ്. ബി മണ്ഡലമാണ് ഷൊര്‍ണൂര്‍.

രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎച്ച് ഫിറോസ് ബാബുവിനേക്കാള്‍ 753 വോട്ടുകളുടെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. 24.83 ശതമാനമാണ് ഫിറോസ് ബാബുവിന്റെ വോട്ട് വിഹിതം. 24.34 ശതമാനമാണ് എന്‍ഡിഎയുടെ വോട്ട് വിഹിതം. 0.49 ശതമാനം വ്യത്യാസം മാത്രമാണ് വോട്ട് വിഹിതത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍. ഷൊര്‍ണൂര്‍ നഗരസഭയില്‍ വോട്ടു വിഹിതത്തില്‍ രണ്ടാം സ്ഥാനത്തെത്തുമെത്തി. വെള്ളിനേഴിയിലും വാണിയം കുളത്തും സിപിഐമ്മിന് തൊട്ടുപിന്നില്‍ ബിജെപിയാണ്.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത് തിരിച്ചടിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് സിറ്റിം​ഗ് സീറ്റ് പേലും നിലനിർത്താനാകാത്തത് പാർട്ടിക്ക് കനത്ത നാണക്കേടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടി പ്രവർത്തകരിലും നേതൃത്വത്തിനെതിരെ വികാരം ശക്തമാണ്. ഈ അവസരത്തിലാണ് എവിടെയാണ് അടവുകൾപിഴച്ചതെന്നറിയാൻ പാർട്ടി പ്രത്യേക സമിതിയെ നിയോ​ഗിക്കുന്നത്.

നേമം സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വോട്ട് ശതമാനത്തിലും ഉണ്ടായ കുറവ് സംസ്ഥാന നേതൃത്വത്തെ ആങ്കയിലാക്കുന്നു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒന്നാമതെത്തുകയും ഏഴ് മണ്ഡലങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപിക്ക് ഇത്തവണ നേമം നഷ്ടമായി. അതേസമയം നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ ഇത്തവണ രണ്ടാമതെത്താനായി. കഴിഞ്ഞ തവണ ഇത് ഏഴ് മണ്ഡലമായിരുന്നു.

ഉറച്ച മണ്ഡലമെന്ന് ബിജെപി വിശ്വസിച്ചിരുന്ന നേമത്ത് ഇത്തവണ കുമ്മനം രാജശേഖരന് നേടാനായത് 51,888 വോട്ടാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലന് 67813 വോട്ട് ലഭിച്ചിരുന്നു. 15,925 വോട്ട് എവിടെ പോയെന്നതാണ് ബിജെപിയുടെ പ്രധാന ചോദ്യം.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരിത്തിലേറെ വോട്ട് നേടി. എന്നാല്‍ രണ്ടാം സ്ഥാനത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15.01 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 12.4 ശതമാനമേ നേടാനായുള്ളൂ. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നിലയും ഇത്തവണ പരുങ്ങലിലാണ്. കടുത്ത മത്സരം നടന്നിടങ്ങളിലൊന്നും ബിഡിജെഎസ് നിര്‍ണായകമായിരുന്നില്ല.

അതേസമയം, ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വത്തിനെതിരെ ആർഎസ്എസും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. ​ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥിക്ക് വോട്ട് കുറയുകയും ചെയ്ത് സാഹചര്യത്തിലാണ് ആർഎസ്എസ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുപിന്നിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നായിരുന്നു പാർട്ടി നിലപാട്. ഇതിനിടെ ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് അനുകൂലമായി സുരേഷ് ഗോപി അഭിപ്രായപ്രകടനം നടത്തിയത് വീണ്ടും വിവാദത്തിനിടയാക്കി. ഈ ഘട്ടത്തിലാണ് വിഷയത്തിൽ ആർ.എസ്.എസ്. ഇടപെട്ടത്.

പ്രശ്നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എൻ.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിക്ക് കിട്ടിയത് മുൻപ് ഇവിടെ എൻ.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന് േവാട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഈ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ്. നിർദേശം.

നടപടിക്ക് ആർ.എസ്.എസിനെ പ്രേരിപ്പിച്ചത് ഈയിടെ തൃശ്ശൂരിലുണ്ടായ കുഴൽപ്പണക്കടത്താണെന്നും സൂചനയുണ്ട്. കൊടകരയിൽ നിന്ന് കുഴൽപ്പണം വാഹനമടക്കം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാർട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിയുടെ തൃശ്ശൂരിലെ ചില പ്രധാനികൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close