
ത്രിശൂര്‍:സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ബിജെപി തന്നെയാണ്. ബിജെപിയുടെ നേത്യനിരയില്‍ പോര് മുറുകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നയിക്കുന്ന പരിപാടികളോട് മുഖം തിരിച്ച് നില്‍ക്കുകയാണ് കൃഷ്ണദാസ് വിഭാഗം. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടാനുളള തന്ത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടത്തുന്ന സമരപരാക്രമങ്ങള്.
പാര്‍ട്ടിയില്‍ കടുത്ത ഗ്രൂപ്പിസമാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം വി. മുരളീധരന് പക്ഷം മാത്രമാണ് മുന്നിലുളളത്. എ. എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, എം. ടി രമേശ് തുടങ്ങിയവരെ സമരമുഖത്ത് കാണാന്‍ പോലുമില്ല.
പാര്‍ട്ടിയിലെ പലരെയും തഴഞ്ഞാണ് സുരേന്ദ്രന് സഹഭാരവാഹികളെ തീരുമാനിച്ചത്. ഇക്കാരണത്താല്‍ പാര്‍ട്ടിയില്‍ വിഭാഗിയത രൂപപ്പെട്ടു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പലരെയും തഴഞ്ഞാണ് സുരേന്ദ്രന് തന്നെ അനുകൂലിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് എ എന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ചുമതല ഏറ്റില്ല. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന് ചുമതല ഏറ്റെടുത്തിട്ടില്ല. മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, പി എം വേലായുധന്, പി കെ കൃഷ്ണദാസ്, എന്‍ ശിവരാജന് തുടങ്ങിയവര്‍ സുരേന്ദ്രന്–മുരളീധരന് സംഘവുമായി അകല്‍ച്ചയിലാണ്. പിന്നീട് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് അനുരഞ്ജനമുണ്ടാക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന് ചുമതല ഏറ്റെടുത്തിട്ടില്ല.
ബിജെപിയുടെ നേത്യനിരയില്‍ കടന്നുവന്ന പ്രസിഡന്റുമാരില്‍ ഏറ്റവും ദുര്‍ബലനായ വ്യക്തിയാണ് സുരേന്ദ്രന് എന്നാണ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുളള ഒന്നിലേറെ പരാതികള്‍ മുന്നിലെത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇനിയും ഇടപെട്ടിട്ടുമില്ല. വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കാത്തിരിക്കുന്നത് മുന്‍വര്‍ഷങ്ങളെക്കാള്‍ കനത്ത പരാജയമായിരിക്കുമെന്ന് സംഘപരിവാറിലെ മുതിര്‍ന്ന നേതാക്കള്‍തന്നെ പറയുന്നു.