KERALANEWSTop News

ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി കൊടകര കുഴല്‍പ്പണ കേസ്; സംസ്ഥാന അധ്യക്ഷൻ അടക്കം കൂടുതല്‍ നേതാക്കളിലേക്ക് കേസ് വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍; ഹാജരാകാനാവശ്യപ്പെട്ട് കെ സുരേന്ദ്രന് തിങ്കളാഴ്ച്ച നോട്ടീസ് അയച്ചേക്കും

തൃശ്ശൂര്‍ :കൊടകര കുഴല്‍പ്പണ കേസ് ബിജെപിയെകൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.കൊടകര കുഴല്‍പ്പണ കവര്‍ച്ചകേസ് ബിജെപിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച നോട്ടീസ് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കൊടകര വിഷയത്തില്‍ അര്‍ധസത്യങ്ങളും നുണകളും ചേര്‍ത്ത് സിപിഐഎമ്മും ചില മാധ്യമങ്ങളുമാണ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും കൊടകര സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും ആണ് സുരേന്ദ്രന്റെ അഭിപ്രായം.ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴല്‍പണ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍.പത്മകുമാറിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ സെക്രട്ടറിയായിരുന്നു എല്‍.പത്മകുമാര്‍. പ്രതികളില്‍ ചിലരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി നേതാക്കള്‍ക്ക് നല്‍കാനാണെന്ന് പൊലീസ് കണ്ടെത്തല്‍. നേരത്തെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്ടറിൽ നിന്നും കാറിലേക്ക് മാറ്റിയ ബാഗുകളിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺ​ഗ്രസ്. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി ആർ സോജിയാണ് കെ സുരേന്ദ്രനെതിരെ പുതിയ ആരോപണമുയർത്തി രം​ഗത്തെത്തിയത്. കോന്നിയിലെത്തിയ കെ സുരേന്ദ്രന്റെ ഹെലികോപ്റ്ററിൽ നിന്നും രണ്ട് വലിയ ബാ​ഗുകൾ അദ്ദേഹത്തിന്റെ സഹായികൾ കാറിലേക്ക് മാറ്റി എന്നാണ് സോജി ആരോപിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വേണ്ട രീതിയിൽ പരിശോധന നടത്തിയില്ലെന്നും ബാഗിൽ എന്താണ് ഉണ്ടായിരുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയിൽ കൂടുതൽ ദുരൂഹതയാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളിൽ എന്തായിരുന്നുവെന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സി കെ ജാനുവിന് സുരേന്ദ്രൻ പണം കൈമാറിയെന്ന ജെആർപി ട്രഷറർ പ്രസീത അഴിക്കോടിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പണമിടപാട് സംബന്ധിച്ച് കൂടുതൽ ആരോപണങ്ങളും ദുരൂഹതയും ഉയർന്നിരിക്കുന്നത്.

ഡോളർകടത്തും സ്വർണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ല. സിപിഎം പാർട്ടി ഫ്രാക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാർത്തകൾ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കിൽ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയിൽ മുണ്ടിടുകയോ ചെയ്യാതെ അന്വഷണ സംഘത്തിന് മുന്നിലെത്തുന്നത്. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഈ നാട്ടിൽ നിയമവാഴ്ചയുണ്ടെന്ന് ഓർത്താൽ നല്ലതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ വാർത്ത സമ്മേളനം നടത്തി സിപിഎമ്മിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിക്കുള്ളിൽ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വലിയ ആരോപണങ്ങൾ കെ സുരേന്ദ്രന് നേരിടേണ്ടി വരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close