INDIATrending

ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ ഫെയ്‌സ്ബുക്ക് പരസ്യദാതാവ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവായി കേന്ദ്രം ഭരിക്കുന്ന ബിജെപി. കഴിഞ്ഞ 18 മാസത്തെ കണക്ക് പരിശോധിച്ചാല്‍ ഫെയ്‌സ്ബുക്ക് പരസ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കിയത് ബിജെപിയാണ്. 4.61 കോടി രൂപയാണ് ബിജെപി പരസ്യത്തിനായി ഫെയ്‌സ്ബുക്കിന് നല്‍കിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് 1.84 കോടി രൂപയും ഫെയ്‌സ്ബുക്ക് വഴിയുള്ള പ്രചരണങ്ങള്‍ക്കും പരസ്യത്തിനുമായി നല്‍കി. 2019 ഫെബ്രുവരി മുതല്‍ 2020 ഓഗസ്റ്റ് 24 വരെയുള്ള കണക്കാണിത്.ഏറ്റവും വലിയ പരസ്യദാതാക്കളുടെ പട്ടികയെടുത്താല്‍ ആദ്യ പത്തിലുള്ള നാല് പരസ്യദാതാക്കളും ബിജെപിയുമായി ബന്ധമുള്ളവയാണെന്നും മനസിലാക്കാന്‍ സാധിക്കും. ഇതില്‍ മൂന്നെണത്തിന്റെ മേല്‍വിലാസം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനമാണ്.

രണ്ട് കമ്മ്യൂണിറ്റി പേജുകളും ഒരു ന്യൂസ് ആന്‍ഡ് മീഡിയ വെബ്‌സൈറ്റും ബിജെപി നേതാവ് ആര്‍കെ സിന്‍ഹയുമായി ബന്ധമുള്ള ഒരു പേജും ഉള്‍പ്പെടുന്നു.ബിജെപി മാത്രം 4.61 കോടി രൂപ ചെലവാക്കുന്നതിന് പുറമെ ബിജെപിയുമായി ബന്ധമുള്ള കമ്മ്യൂണിറ്റി പേജുകളായ ‘മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി’ 1.39 കോടി രൂപയും ‘ഭാരത് കി മന്‍ കി ബാത്ത്’ 2.24 കോടി രൂപയും പരസ്യ ഇനത്തില്‍ ചെലവാക്കുന്നു. ‘നേഷന്‍ വിത്ത് നമോ’ എന്ന ന്യൂസ് ആന്‍ഡ് മീഡിയ വെബ്‌സൈറ്റ് 1.28 കോടി രൂപയാണ് പരസ്യത്തിനായി നല്‍കുന്നത്. ആര്‍കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 0.65 കോടി രൂപയും പരസ്യത്തിനായി ഫെയ്‌സ്ബുക്കിന് നല്‍കി.ബിജെപിയുടെ പരസ്യ ചെലവുമായി ഇതുകൂടെ ചേര്‍ത്താല്‍ ആകെ 10.17 കോടി രൂപയാകും. ഇത് മൊത്തം പരസ്യത്തിന്റെ 64 ശതമാനം വരും. ലോക്‌സഭ തിരഞ്ഞെടുപ്പുള്‍പ്പടെ നടന്ന ഏപ്രില്‍-മെയ് മസങ്ങളുള്‍പ്പെടുന്ന കാലഘട്ടത്തിലാണ് ഇത്രയും തുക ഫെയ്‌സ്ബുക്ക് പരസ്യത്തിന് ബിജെപി ചെലവാക്കിയിരിക്കുന്നത്.

അതേസമയം ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെ മറ്റ് പ്രധാന പത്ത് പാര്‍ട്ടികള്‍ ചേര്‍ന്ന് 69 ലക്ഷം രൂപ മാത്രമാണ് ഫെയ്‌സ്ബുക്ക് പരസ്യത്തിന് നല്‍കിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യുഎസ്‌ജെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്‌സിക്യൂട്ടിവ്, ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും എതിരേ വിദ്വേഷ പ്രചാരണ നിയമങ്ങള്‍ പ്രയോഗിക്കുന്നതിനെ എതിര്‍ത്തുവെന്ന് ഡബ്ല്യുഎസ്‌ജെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ വിവാദം കത്തി നില്‍ക്കുമ്പോള്‍ തന്നെയാണ് പരസ്യവുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവരുന്നത്. ഇത് ഫെയ്‌സ്ബുക്കിന്റെ നടപടികളെ കൂടുതല്‍ വിമര്‍ശനത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്.

Tags
Show More

Related Articles

Back to top button
Close