ബിജെപി നേതാവിന് ചുട്ട മറുപടിയുമായി കാന്തപുരം

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ മറുവശത്ത് ജനപിന്തുണ നേടാനുളള നീക്കത്തിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും. വീട് കയറിയുളള പ്രചാരണത്തിന് ബിജെപി തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. പോസ്റ്റിന് മര്‍ക്കസില്‍ നിന്ന് മറുപടി കിട്ടിയതോടെ രാധാകൃഷ്ണന് പോസ്റ്റ് മുക്കി. വിശദാംശങ്ങള്‍ ഇങ്ങനെ.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച നടത്തിയെന്നാണ് എഎന്‍ രാധാകൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കാന്തപുരത്തിന് ഒപ്പമുളള ഒരു ചിത്രവും എഎന്‍ രാധാകൃഷ്ണന് പോസ്റ്റ് ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് കണ്ടുമുട്ടിയത് എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. #IndiaSupportsCAA എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ്.
എഎന്‍ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ” പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഏറെ തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്ക് ഇടയില്‍ പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങള്‍ക്ക് ഇടയില്‍ പരത്താന്‍ പ്രതിപക്ഷ കക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്ന അവസരത്തില്‍ ഇവരുടെ തെറ്റിദ്ധാരണകള്‍ നീക്കുവാനായി മുസ്ലീം സമൂഹത്തിന്റെ ആത്മീയ ആചാര്യന് ശ്രീ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി ഒരു സ്വകാര്യ ചടങ്ങിനിടെ ആകസ്മികമായി കൂടിക്കാഴ്ച നടത്തി. ”
മര്‍ക്കസ് മീഡിയ പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെയാണ്: ‘കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഒരു നികാഹ് കര്മ്മത്തിന് കാര്മിതത്വം വഹിക്കാന്‍ കാന്തപുരം ഉസ്താദ് ക്ഷണിക്കപ്പെട്ടിരുന്നു. ചടങ്ങ് കഴിഞ്ഞ് വിവാഹ സദ്യ കഴിക്കുമ്പോള്‍ ഒരു വ്യക്തി വന്നു സംസാരിക്കാന്‍ ശ്രമിച്ചു. എന്താണ് വിഷയം എന്ന് ആരാഞ്ഞപ്പോള്‍ അയാള്‍ രാധാകൃഷ്ണന് ആണ് പേര് എന്ന് പരിചയപ്പെടുത്തി പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ശ്രമിച്ചു.

ഉടനെ പൗരത്വ നിയമം ഭരണഘടനാവിരുദ്ദമാണെന്നും മുസ്ലീംകളെ മാറ്റി നിര്‍ത്താന്‍ ഉദ്ദേശിച്ചുളളതാണ് എന്നും ശക്തമായ ഭാഷയില്‍ ഉസ്താദ് വ്യക്തമാക്കി. തുടര്‍ന്നും അദ്ദേഹം സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഉസ്താദ് കര്‍ക്കശമായി പറഞ്ഞു, ”ഇതിവിടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കയറി വന്ന് സംസാരിക്കേണ്ട നിസ്സാര വിഷയമല്ല”.
”കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ജാതി മത ഭേദമന്യേ പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടാണ്”. ആ സംസാരം അവിടെ അവസാനിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് പ്രചാരണങ്ങള്‍ വ്യാജമാണ്’ എന്നാണ് കുറിപ്പ്. മര്‍ക്കസ് മീഡിയയുടെ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ എഎന്‍ രാധാകൃഷ്ണന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.